
ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനം ശ്രദ്ധേയമായി. കേരളത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുന്നത്. അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ഗിര്‍ധര്‍ ഗ്യാനി എക്സ്പോ ഉദ്ഘാടനം ചെയ്തു.
32 ഓളം സ്റ്റാളുകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളും ആരോഗ്യരംഗത്തെ പ്രമുഖ കമ്പനികളും പ്രദര്‍ശനത്തില്‍ സ്റ്റാളുകള്‍ തയാറാക്കിയിരിക്കുന്നു. ഇന്ത്യയിലെ ഹെല്‍ത്ത്കെയര്‍ ടെക്നോളജി രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇത് വ്യക്തമായി വിവരിക്കുന്നതാണ് പ്രദര്‍ശനത്തിലെ സ്റ്റാളുകള്‍. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ എക്വിപ്മെന്റ് മാനുഫാക്ചറിംഗ് രംഗത്തുളള നൂതന പ്രവണതകള്‍ എക്സ്പോ വിവരിക്കുന്നു.
ആധുനിക ശസ്ത്രക്രിയാ ഉപകരണങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ആരോഗ്യ രംഗത്തെ ഏറ്റവും പുതിയ പ്രവണതകള്‍ വിവരിക്കുന്ന സ്റ്റാളുകളും പ്രദര്‍ശനത്തിന്റെ പ്രത്യേകതയാണ്. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, എറണാകുളം മെഡിക്കല്‍ സെന്റര്‍, രാജഗിരി ഹോസ്പിറ്റല്‍, കാരിത്താസ് ഹോസ്പിറ്റല്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സ്റ്റാളുകൾ പ്രദര്‍ശനത്തിലുണ്ട്.
കോണ്‍ഫറന്‍സ്, എക്‌സ്‌പോ, അവാര്‍ഡ് നൈറ്റ് എന്നിവ സമന്വയിക്കുന്ന ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റില്‍ ഹെല്‍ത്ത്കെയര്‍ രംഗത്തെ പ്രമുഖരെ നേരില്‍ കാണാനും പുതിയ ബിസിനസ് സാധ്യതകള്‍ തുറന്നെടുക്കാനുമുള്ള അവസരമാണ് ഒരുക്കുന്നത്. ഐഎംഎ കൊച്ചിനുമായി പങ്കാളിത്തത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ എ.ഐ വരുത്തി കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങള്‍ പ്രതിഫലിക്കുന്ന പ്രത്യേക സമാന്തര സെഷന്‍ കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്നുവെന്നത് സമ്മിറ്റിന്റെ പ്രത്യേകതയാണ്. ആരോഗ്യ രംഗത്തെ എഐ അധിഷ്ഠിത സേവനങ്ങള്‍, ഭാവിയില്‍ വരാനിടയുള്ള കാര്യങ്ങള്‍ തുടങ്ങിയവയാണ് സെഷനില്‍ പങ്കുവെക്കുന്നത്. ബയോഫാര്‍മ, ക്ലിനിക്കല്‍ ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ നിലവില്‍ ലഭ്യമായി കൊണ്ടിരിക്കുന്ന എ.ഐ മുന്നേറ്റങ്ങള്‍ എക്സ്പോയിലും ഉള്‍ക്കൊളളിച്ചിരിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine