
കേരളത്തിലെ ആരോഗ്യരംഗം വലിയ രീതിയില്‍ മാറ്റത്തിന് വിധേയമാകുമ്പോഴും സാമൂഹികപ്രതിബദ്ധത മറക്കാതെ മുന്നോട്ടു പോകാന്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മപ്പെടുത്തി ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റിലെ പാനല്‍ ചര്‍ച്ച. ആശുപത്രി സംവിധാനം മെച്ചപ്പെടുത്തുകയും വളര്‍ച്ച നേടുകയും ചെയ്യുകയെന്ന വിഷയത്തെ അധികരിച്ച് നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നത് സാമൂഹികപ്രതിബദ്ധത നിലനിര്‍ത്തി ആശുപത്രി സേവനങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താമെന്നതായിരുന്നു.
കഴിഞ്ഞ ആറു വര്‍ഷമായി കേരളത്തിലെ ആരോഗ്യരംഗം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ടെക്‌നോളജിയെ കൂടുതല്‍ സ്വീകരിക്കുന്നു. വലിയ മാറ്റം ആശുപത്രികളുടെ പ്രവര്‍ത്തനത്തിലും സേവനങ്ങളിലും പ്രകടമാണെന്ന് പാനല്‍ ചര്‍ച്ച നിയന്ത്രിച്ച ഐ.എം.എ ഹെല്‍ത്ത് ഇന്നോവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ചെയര്‍മാന്‍ ഡോ. ജോസഫ് ബെനവെന്‍ പറഞ്ഞു.
ആരോഗ്യരംഗമെന്നത് മറ്റേതൊരു ബിസിനസ് മേഖല പോലെയല്ലെന്നും ഇതൊരു സര്‍വീസ് ആണെന്നും പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത തിരുവനന്തപുരം എസ്.യു.ടി ഹോസ്പിറ്റല്‍ സി.ഇ.ഒ കേണല്‍ രാജീവ് മണ്ണാലി പറഞ്ഞു. ഹെല്‍ത്ത്‌കെയര്‍ രംഗത്തുള്ളവര്‍ക്ക് സാമൂഹികപ്രതിബദ്ധത അനിവാര്യമാണ്.
കോര്‍പറേറ്റുകള്‍ കൂട്ടത്തോടെ കേരളത്തിലെ ഹോസ്പിറ്റല്‍ മേഖലയിലേക്ക് വരുന്നത് ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് കേണല്‍ രാജീവ് പങ്കുവച്ചത്. ഗൗരവത്തോടെ തന്നെ ഈ വരവിനെ കാണണം. സാധാരണക്കാരന് താങ്ങാവുന്ന രീതിയില്‍ ആരോഗ്യ രംഗം നിലനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യമേഖലയിലേക്ക് വരുന്നവര്‍ ഉത്തരവാദിത്വപ്പെട്ട നിക്ഷേപകനായിരിക്കണമെന്ന് കിംഗ്‌സ് കേരള ക്ലസ്റ്റര്‍ സി.ഇ.ഒ ആന്‍ഡ് ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ അഭിപ്രായപ്പെട്ടു. ഞങ്ങള്‍ കണ്ണൂരിലേക്ക് വന്നപ്പോള്‍ എന്തുകൊണ്ട് കണ്ണൂര്‍ തിരഞ്ഞെടുത്തുവെന്ന് പലരും ചോദിച്ചു. എന്നാല്‍ ഞങ്ങളുടെ വരവ് അവിടുള്ള ചെറുകിട ആശുപത്രികള്‍ക്കും ഗുണംചെയ്തു.
ആശുപത്രി നടത്തിപ്പില്‍ രോഗികള്‍ക്ക് എങ്ങനെ സേവനം നല്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ടതാണ്. തിരക്ക് കൂടുമ്പോള്‍ രോഗികള്‍ക്കും ഒപ്പമുള്ളവര്‍ക്കും അനിഷ്ടം ഉണ്ടാകും. ഇതിനെയെല്ലാം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതും പ്രധാനമാണെന്നും ഫര്‍ഹാന്‍ യാസിന്‍ കൂട്ടിച്ചേര്‍ത്തു.
അപ്പോളോ ഹോസ്പിറ്റല്‍സിന്റെ മെഡിക്കല്‍ സര്‍വീസസ് ചീഫ് ഡോ. രോഹിണി ശ്രീധര്‍ സംസാരിച്ചത് സാമൂഹികപ്രതിബദ്ധത ആശുപത്രികള്‍ ഏതുരീതിയില്‍ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമാക്കണമെന്ന് ഉദാഹരണസഹിതം വിശദീകരിച്ചായിരുന്നു. ഓരോ ഇന്ത്യക്കാരനും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുകയാണ് അപ്പോളോ ഹോസ്പിറ്റലിന്റെ ലക്ഷ്യമെന്ന് അവര്‍ വ്യക്തമാക്കി.
അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നിലായ പ്രദേശങ്ങള്‍ ആശുപത്രി തുടങ്ങാന്‍ തങ്ങള്‍ തിരഞ്ഞെടുത്തത് ഇത്തരത്തിലുള്ള പ്രതിബദ്ധത മുന്‍നിര്‍ത്തിയാണ്. ഗുണമേന്മയില്‍ തങ്ങള്‍ ഒരു വിട്ടുവീഴ്ചയും നടത്തുന്നില്ല. 1992ല്‍ അപ്പോളോ ടെലി മെഡിസിന്‍ ആരംഭിച്ച് വിദൂര മേഖലയിലുള്ളവര്‍ക്കു പോലും ചികിത്സ ലഭ്യമാക്കാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നും ഡോ. രോഹിണി ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങളെ പോലുള്ള മിഷന്‍ ആശുപത്രികള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ തോതില്‍ പണം മുടക്കേണ്ടി വരുന്നുവെന്ന് കാരിത്താസ് ഹോസ്പിറ്റല്‍സ് ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് പറഞ്ഞു. ആശുപത്രി ഉപകരണ സജ്ജീകരണങ്ങള്‍ക്ക് ചെലവാകുന്ന കോടികളുടെ ഭാരം രോഗികളിലേക്ക് പകരാതെയാണ് മുന്നോട്ടു പോകുന്നത്. കൂട്ടിക്കല്‍ പ്രകൃതിദുരന്തം ഉണ്ടായപ്പോള്‍ തുടര്‍ച്ചയായ 100 ദിവസം മെഡിക്കല്‍ ക്യാംപ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി സേവനരംഗത്ത് പ്രതിബദ്ധത ഉറപ്പിക്കാന്‍ കാരിത്താസിന് കഴിഞ്ഞുവെന്നും ഫാ. ഡോ. ബിനു കുന്നത്ത് വ്യക്തമാക്കി.
രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഐ.എം.എ കൊച്ചിന്‍ പ്രസിഡന്റ് ഡോ.ജേക്കബ് എബ്രഹാം, സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്, ആക്മെ കണ്‍സള്‍ട്ടിംഗ് എം.ഡി. ബി.ജി മേനോന്‍, അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ഡോ. ഗിരിധര്‍ ഗ്യാനി, മൈത്ര ഹോസ്പിറ്റല്‍ ജിജോ വി. ചെറിയാന്‍, ധനംബിസിനസ് മീഡിയ ചീഫ് എഡിറ്റര്‍ കുര്യന്‍ ഏബ്രഹാം, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മരിയ ഏബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine