കേരള ടൂറിസത്തെ മാറ്റിമറിച്ച വ്യക്തിത്വം, ജോസ് ഡൊമിനിക് ധനം ബിസിനസ് മീഡിയ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഏറ്റുവാങ്ങി

jose dominic dhanam lifetme excellence award 2025
ധനം ബിസിനസ് മീഡിയയുടെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സിജിഎച്ച് എര്‍ത്ത് സഹസ്ഥാപകന്‍ ജോസ് ഡൊമിനിക് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് ഗുനീത് മോംഗ കപൂറില്‍ നിന്ന് സ്വീകരിക്കുന്നു.
Published on

ധനം ബിസിനസ് മീഡിയയുടെ ഈ വര്‍ഷത്തെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സിജിഎച്ച് എര്‍ത്ത് സഹസ്ഥാപകന്‍ ജോസ് ഡൊമിനിക് ഏറ്റുവാങ്ങി. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ധനം ബിസിനസ് സമ്മിറ്റില്‍വച്ച് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് ഗുനീത് മോംഗ കപൂറില്‍ നിന്നാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ് സ്വതന്ത്ര ഡയറക്ടര്‍ സുശീല്‍ കുമാര്‍, ധനം ബിസിനസ് മീഡിയ ചീഫ് എഡിറ്റര്‍ കുര്യന്‍ ഏബ്രഹാം, ധനം ബിസിനസ് മീഡിയ ഡയറക്ടറും എക്‌സിക്യൂട്ടീവ് എഡിറ്ററുമായ മരിയ ഏബ്രഹാം, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ധനം അവാര്‍ഡ് ജൂറി അംഗവുമായ എം.കെ ദാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ജോസ് ഡൊമിനിക് എന്ന പ്രതിഭാശാലി

ടിവിയില്ലാത്ത, എസിയില്ലാത്ത ആഡംബര റിസോര്‍ട്ട്. ഇന്നും ഇത് പലര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. ആഡംബരമില്ലായ്മ ആഡംബരമാക്കി മാറ്റിയ പ്രതിഭാശാലി. ഉത്തരവാദിത്ത ടൂറിസം എന്ന പുതിയ ആശയത്തെ കേരളത്തിന് പരിചയപ്പെടുത്തിയ ക്രാന്തദര്‍ശിയായ സംരംഭകന്‍. സാധാരണ മീന്‍പിടുത്ത തൊഴിലാളിയെ മുതല്‍ നാമമാത്ര കര്‍ഷകരെ വരെ അങ്ങേയറ്റം മൂല്യവര്‍ധിതമായ വിനോദ സഞ്ചാര മേഖലയുമായി ഇണക്കിച്ചേര്‍ത്ത മാനേജ്മെന്റ് വിദഗ്ധന്‍. സിജിഎച്ച് എര്‍ത്ത് സഹസ്ഥാപകന്‍ ജോസ് ഡൊമിനിക്കിന്റെ വിശേഷണങ്ങള്‍ അനവധിയാണ്.

ഡൊമിനിക് ജോസഫ് 1957ല്‍ തുടക്കമിട്ട കാസിനോ ഹോട്ടല്‍സ് ദേശീയ, രാജ്യാന്തരതലത്തില്‍ ശ്രദ്ധയാര്‍ജ്ജിച്ചത് ജോസ് ഡൊമിനിക്കിന്റെ സാരഥ്യത്തില്‍ ഗ്രൂപ്പില്‍ നടപ്പാക്കപ്പെട്ട അനിതര സാധാരണമായ ബിസിനസ് മോഡല്‍ കൊണ്ടാണ്. 1978 മുതല്‍ 2017 വരെ സിജിഎച്ച് എര്‍ത്തിന്റെ (മുന്‍പത്തെ കാസിനോ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്) ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും മാനേജിംഗ് ഡയറക്റ്ററുമായി പ്രവര്‍ത്തിച്ച ജോസ് ഡൊമിനിക്ക് ഗ്രൂപ്പിന്റെ മാത്രമല്ല മുഖച്ഛായ മാറ്റിയത്; മറിച്ച് കേരള ടൂറിസത്തിന്റെ കൂടിയാണ്. അതുവരെ ആരും ചിന്തിക്കാത്ത, പരീക്ഷിക്കാന്‍ പോലും തയ്യാറാകാത്ത പുതിയ മോഡലുകള്‍ ടൂറിസം മേഖലയില്‍ ജോസ് ഡൊമിനിക്ക് അവതരിപ്പിച്ചു. വിജയത്തിലെത്തിക്കുകയും ചെയ്തു.

1988ല്‍ ലക്ഷദ്വീപിനെ ബങ്കാരം ഐലന്റ് റിസോര്‍ട്ടിനെ പുനര്‍നിര്‍മിച്ച് പ്രവര്‍ത്തിക്കാനുള്ള കരാര്‍ നേടിയെടുത്തത് കാസിനോ ഗ്രൂപ്പാണ്. അവിടെ ഗ്രൂപ്പ് അവതരിപ്പിച്ച നൂതനമായ മോഡല്‍ ബങ്കാരം ഐലന്റ് റിസോര്‍ട്ടിനെ മാത്രമല്ല ലക്ഷദ്വീപിനെ തന്നെ ആഗോള ടൂറിസം ഭൂപടത്തിലേക്ക് ഉയര്‍ത്തി പ്രതിഷ്ഠിച്ചു.

കേരളത്തിലും കാസിനോ ഗ്രൂപ്പ് പുതുമകള്‍ കൊണ്ടാണ് ഓരോ പദ്ധതിയും വ്യത്യസ്തമാക്കിയത്. അവയെല്ലാം തന്നെ തദ്ദേശീയരുടെ ജീവിതത്തില്‍ ഗുണപരമായി സ്പര്‍ശിക്കുകയും അതേ സമയം കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും തനിമയും നിറഞ്ഞുതുളുമ്പുന്ന പദ്ധതികള്‍ ആഗോള ടൂറിസം രംഗത്ത് സംസ്ഥാനത്തിന്റെ അഭിമാനസ്തംഭങ്ങളാകുകയും ചെയ്തു.

1991ല്‍ തേക്കടിയില്‍ തുടങ്ങിയ സ്പൈസ് വില്ലേജ്, കുമരകത്തെ കോക്കനട്ട് ലഗൂണ്‍, ബ്രണ്ടന്‍ ബോര്‍ട്ട് യാര്‍ഡ് എന്നിങ്ങനെ ഗ്രൂപ്പിനെ കീഴിലെ കേരളത്തിലെ ടൂറിസം പദ്ധതികളെല്ലാം തന്നെ ദേശീയ, രാജ്യാന്തരതലത്തില്‍ സമുന്നത പുരസ്‌കാരങ്ങള്‍ നേടി വിനോദ സഞ്ചാര മേഖലയില്‍ അടയാളമിട്ടവയാണ്. 2004ല്‍ പ്രീമിയം വെല്‍നസ് രംഗത്തേക്ക് ഗ്രൂപ്പ് കടന്നതും ജോസ് ഡൊമിനിക്കിന്റെ സാരഥ്യത്തിലാണ്.

കേരളത്തിന്റെ തനതായ, ഫലസിദ്ധിയുള്ള ആയുര്‍വേദത്തെ ആഗോള സഞ്ചാരികള്‍ക്ക് പുതിയൊരു അനുഭവമായി അദ്ദേഹം അവതരിപ്പിച്ചു. കളരി കോവിലകത്തിലൂടെ ആയുര്‍വേദത്തെയും സ്വസ്വരയിലൂടെ യോഗയെയും സമീപ കാലത്തായി പ്രകൃതി ശക്തിയിലൂടെ പ്രകൃതി ചികിത്സയെയും ഗ്രൂപ്പ് വേറിട്ടൊരു അനുഭവതലത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു.

ദീര്‍ഘവീക്ഷണ പദ്ധതികളുടെ ശില്പി

കേരളത്തിന്റെ തനിമയെ അതേപടി നിലനിര്‍ത്തി അങ്ങേയറ്റം മൂല്യവത്തായ, അതേസമയം തദ്ദേശീയര്‍ക്ക് ഉപജീവനമാര്‍ഗത്തിന് ഉതകുന്ന ഒന്നാകണം ടൂറിസം പദ്ധതികള്‍ എന്നതായിരുന്നു ജോസ് ഡൊമിനിക്കിന്റെ വീക്ഷണം. ഉത്തരവാദിത്ത ടൂറിസം എന്ന ആ നവീന ആശയത്തെ അദ്ദേഹം അവതരിപ്പിക്കുക മാത്രമായിരുന്നില്ല; വിജയകരമായ ബിസിനസ് മോഡല്‍ സൃഷ്ടിക്കുകയും ചെയ്തു.

ഇത് പിന്നീട് ഈ മേഖലയിലേക്ക് ഒട്ടേറെ പേരെ ആകര്‍ഷിച്ചു. ഇന്ന് വിനോദ സഞ്ചാര മേഖല കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ സുപ്രധാന ഘടകമാണ്. അതില്‍ തന്നെ നിര്‍ണായക പങ്കാണ് ഉത്തരവാദിത്ത ടൂറിസം വഹിക്കുന്നതും. എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള ഉത്തരവാദിത്ത ടൂറിസത്തിന്റെ ചിറകേറി കേരള ടൂറിസം ആഗോളതലത്തില്‍ ഏറെ ആദരിക്കപ്പെടുന്ന പുരസ്‌കാരങ്ങള്‍ വരെ സ്വന്തമാക്കുകയും ചെയ്തു.

ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ടൂറിസം മാര്‍ക്കറ്റിംഗ് ഇവന്റായി ഇപ്പോള്‍ മാറിയിരിക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഫൗണ്ടര്‍ പ്രസിഡന്റ് കൂടിയാണ് ജോസ് ഡൊമിനിക്. റിസോര്‍ട്ട് ഡെവലപ്മെന്റ് രംഗത്ത് നല്‍കിയ സംഭാവനകളെ പ്രകീര്‍ത്തിച്ച് 2003ല്‍ ടൂറിസം മന്ത്രാലയത്തിന്റെ പ്രത്യേക പുരസ്‌കാരത്തിനും ജോസ് ഡൊമിനിക് അര്‍ഹനായിരുന്നു. ഇത് കൂടാതെ നിരവധി ദേശീയ, രാജ്യാന്തര അവാര്‍ഡുകള്‍ ജോസ് ഡൊമിനിക്കിനെയും ഗ്രൂപ്പിനെയും തേടിയെത്തിയിട്ടുണ്ട്.

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ഒട്ടനവധി ഉന്നത തല സമിതികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ടൂറിസം കൗണ്‍സില്‍ അഡൈ്വസറി കൗണ്‍സില്‍, ടൂറിസം തിങ്ക് ടാങ്ക്, അസോച്ചത്തിന്റെ വിദഗ്ധ സമിതി അംഗം തുടങ്ങിയ അവയില്‍ ചിലത് മാത്രം.

ഇക്കോ ടൂറിസം സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗം കൂടിയായ ജോസ് ഡൊമിനിക്ക് കലകളെയും സാംസ്‌കാരിക പൈതൃകത്തെയും സംരംക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടലുകളാണ് നടത്തി വരുന്നത്. ടൈ കേരള ഘടകം, കൊച്ചിന്‍ ചേംബര്‍ ഓഫ് കോമേഴ്സ്, സിഐഐ കേരള ഘടകം എന്നിവയുടെയെല്ലാം സാരഥ്യവും അദ്ദേഹം മുന്‍കാലങ്ങളില്‍ വഹിച്ചിട്ടുണ്ട്. കൊച്ചി സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പിന്റെ ബോര്‍ഡംഗം കൂടിയാണ്.

പാലായിലെ കുരുവിനാക്കുന്നേല്‍ കുടുംബാംഗമായ ജോസ് ഡൊമിനിക്ക് ചെന്നൈ ലയോള കോളജില്‍ നിന്നാണ് ബിരുദമെടുത്തത്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ജോസ് ഡൊമിനിക്ക് മാറ്റിയെഴുതിയത് കേരള ടൂറിസത്തിന്റെ തലവരയും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com