ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 02, 2020

പത്തുവര്‍ഷത്തെ വലിയ ഉയര്‍ച്ചയില്‍ പിഎംഐ സൂചിക. ആദിത്യപുരി പുതിയ സാരഥ്യത്തിലേക്ക്. പുതിയ ഉത്തേജന പദ്ധതിക്ക് മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച സെന്‍സെക്സ് 143 പോയ്ന്റ് ഉയര്‍ന്നു. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍.
ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 02, 2020
Published on
പത്തുവര്‍ഷത്തെ വലിയ ഉയര്‍ച്ചയില്‍ പിഎംഐ സൂചിക

രാജ്യത്തെ വ്യവസായിക മേഖല കഴിഞ്ഞ മാസം മികച്ച വളര്‍ച്ച കൈവരിച്ചതായി പര്‍ച്ചേസ് മാനേജേഴ്സ് സൂചിക(പിഎംഐ)വ്യക്തമാക്കുന്നു. ഒക്ടോബറിലെ പിഎംഐ 58.9 ആയി ഉയര്‍ന്നു. സെപ്റ്റംബറില്‍ ഇത് 56.8 ആയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതും വിപണിയില്‍ ആവശ്യകത വര്‍ധിച്ചതും വ്യവസായിക മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കിയതായി ഐഎച്ച്എസ് മാര്‍ക്കിറ്റ് ഇന്ത്യ മാനുഫാക്ചറിങ് പര്‍ച്ചേഴ്സ് മാനേജേഴ്സ് സൂചിക വ്യക്തമാക്കുന്നു.

പുതിയ ഉത്തേജന പദ്ധതിയുമായി മോദി സര്‍ക്കാര്‍

സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി മോദി സര്‍ക്കാര്‍. ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങളെക്കുറിച്ച് സൂചിപ്പിച്ചത്. വിപണിയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഏത് മേഖലിലുള്ളവര്‍ക്കാണ് സര്‍ക്കാര്‍ സഹായം വേണ്ടത്. എങ്ങനെയുള്ള സഹായമാണ് ആവശ്യം എന്നെല്ലാം പരിശോധിക്കുന്നുണ്ട്. വ്യവസായ മേഖലയിലുള്ളവരില്‍ നിന്നും തൊഴിലാളി സംഘനകളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ചുവരികയാണ്. ഇവ ലഭിച്ച ശേഷം സാമ്പത്തിക മേഖലയ്ക്ക് അനിയോജ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അജയ് ഭൂഷണ്‍ പാണ്ഡെ എഎന്‍ഐയോട് പറഞ്ഞു.

ആദിത്യപുരി പുതിയ സാരഥ്യത്തിലേക്ക്

എച്ച്ഡിഎഫ്സി ബാങ്ക് മുന്‍ സിഇഒ ആദിത്യ പുരി ഇനി ആഗോള നിക്ഷേപ സ്ഥാപനമായ കാര്‍ലൈല്‍ ഗ്രൂപ്പിനൊപ്പം. കമ്പനിയുടെ ഏഷ്യ വിഭാഗത്തില്‍ സീനിയര്‍ അഡൈ്വസറായാണ് നിയമനം. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ആദ്യ സിഇഓ ആയിരുന്നു പുരി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പ്രാരംഭകാലം മുതല്‍ സേവനമനുഷ്ടിച്ച ആദിത്യപുരി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായി എച്ച്ഡിഎഫ്‌സി ബാങ്കിനെ മാറ്റി, 24 വര്‍ഷത്തെ സേവനത്തിനുശേഷമാണ് മറ്റൊരു കമ്പനിയില്‍ ചേരുന്നത്. ഏഷ്യയിലുടനീളമുള്ള നിക്ഷേപ സാധ്യതകളെക്കുറിച്ച് പുരി ഇനി മുതല്‍ കാര്‍ലൈല്‍ ഗ്രൂപ്പിന് ഉപദേശം നല്‍കും. കമ്പനിയിലെ നിക്ഷേപ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും പോര്‍ട്ട്ഫോളിയോ മാനേജുമെന്റ് അംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ സേവനം ലഭിക്കും.

മലയാളി സ്റ്റാര്‍ട്ടപ്പ് 'ഫീഡോ'യ്ക്ക് വന്‍ വിദേശനിക്ഷേപം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഇന്‍ഷുറന്‍സ് പോളിസി ഉടമകളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ലൈഫ് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്ന മലയാളി സ്റ്റാര്‍ട്ടപ്പിന് കോടികളുടെ നിക്ഷേപം. കോട്ടയം സ്വദേശി പ്രശാന്ത് മാടവനയുടെ നേതൃത്വത്തിലുള്ള ഇന്‍ഷുര്‍-ടെക് സ്റ്റാര്‍ട്ടപ്പായ 'ഫീഡോ' ആണ് 7.50 കോടി രൂപയുടെ മൂലധന നിക്ഷേപം നേടിയത്. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ യൂണീകോണ്‍ ഇന്ത്യ വെഞ്ച്വേഴ്സിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. എഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫീഡോയുടെ ഉല്‍പ്പന്നം പോളിസി ഉടമയുടെ ഫോട്ടോയില്‍ നിന്നും ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമാണെന്ന വ്യത്യസ്തതയാണ് ഫണ്ടിംഗില്‍ നേട്ടമായത്.

വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ പ്രതിഷേധ സമരംസംഘടിപ്പിക്കുന്നു

സാമ്പത്തിക മാന്ദ്യത്തിനു പുറമെ പ്രളയവും കോവിഡും തകിടം മറിച്ച കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തു പകരാന്‍ ഏറ്റവും പ്രധാനമായി വരേണ്ടത് വ്യാപാര വ്യവസായ മേഖലയിലെ വിവിധ നടപടികള്‍ സ്വീകരിക്കലാണെന്ന് കേരള വ്യാപാരി വികസന ഏകോപന സമിതി. കോവിഡ് നിയന്ത്രണങ്ങള്‍ പ്രായോഗികമാക്കുന്നതും വഴിയോര കച്ചവടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമുള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് നവംബര്‍ 3 ചൊവ്വാഴ്ച കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സമിതി അംഗങ്ങള്‍ സമരം നടത്തുകയാണ്. വിവിധ മേഖലകളിലായി 144 നിയന്ത്രണങ്ങള്‍ പാലിച്ച് കോവിഡ് വ്യാപന നിയന്ത്രണങ്ങള്‍ കൈക്കൊണ്ടാകും സമരം നടക്കുകയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ട്രഷറര്‍ ടി. പി ജയപ്രകാശ് പറഞ്ഞു.

സ്വര്‍ണ വിലയില്‍ ഇടിവ് വെള്ളി നിരക്ക് മുകളിലേക്ക്

രാജ്യത്ത് സ്വര്‍ണ്ണ നിരക്കില്‍ ചൊവ്വാഴ്ച നേരിയ ഇടിവ്. എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.04 ശതമാനം ഇടിഞ്ഞ് 50,677 രൂപയിലെത്തി. നാല് ദിവസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ ഇടിവാണ്. എന്നാല്‍ വെള്ളി ഒരു ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 61,510 രൂപയിലെത്തി. സ്പോട്ട് സ്വര്‍ണ വില 0.2 ശതമാനം ഉയര്‍ന്ന് 1,882.00 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 1.2 ശതമാനം ഉയര്‍ന്ന് 23.92 ഡോളറും പല്ലേഡിയം 1.7 ശതമാനം ഉയര്‍ന്ന് 2,250.19 ഡോളറും പ്ലാറ്റിനം 0.4 ശതമാനം ഇടിഞ്ഞ് 845.26 ഡോളറിലുമെത്തി.

റിലയന്‍സ് ഓഹരിയിലെ വില്‍പ്പന സമ്മര്‍ദ്ദം ചാഞ്ചാട്ടത്തിലാക്കിയെങ്കിലും ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ മികച്ച പാദഫലങ്ങളുടെ പിന്‍ ബലത്തില്‍ നേട്ടത്തോടെയാണ് പുതിയ വാരം വിപണി വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നു ദിവസത്തെ നഷ്ടത്തിനു ശേഷമാണ് വിപണി നേട്ടത്തിലേക്ക് തിരിച്ചെത്തയത്. സെന്‍സെക്‌സ് 143 പോയ്ന്റ് ഉയര്‍ന്ന് 39,757 ലും നിഫ്റ്റി 27 പോയ്ന്റ് ഉയര്‍ന്ന് 11,669 ലുമെത്തി.

കേരള ഓഹരികളുടെ പ്രകടനം

കേരള കമ്പനികളുടെ ഓഹരികളില്‍ ഒരു ഡസനോളം ഇന്ന് നഷ്ടത്തിലായിരുന്നു. ബാങ്ക് ഓഹരികളെടുത്താല്‍ സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ഓഹരി വിലകള്‍ ഉയര്‍ന്നപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില താഴേക്ക് പോയി. അതേ സമയം എന്‍ബിഎഫ്‌സി ഓഹരികള്‍ എല്ലാം തന്നെ നേട്ടത്തിലായിരുന്നു. ജെആര്‍ജി ഓഹരി വില 11.09 ശതമാനം ഉയര്‍ന്നു.

കോവിഡ് അപ്ഡേറ്റ്സ് (02-11- 2020)

കേരളത്തില്‍ ഇന്ന്

രോഗികള്‍: 4138

മരണം : 21

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 8,229,313

മരണം : 122,607

ലോകത്ത് ഇതുവരെ:

രോഗികള്‍: 46,015,562

മരണം :1,194,906

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com