

സംസ്ഥാനങ്ങളിലേക്ക് പത്ത് ദിവസത്തിനുള്ളില്‍ കോവിഡ് വാക്സിന്‍ എത്തും
പത്ത് ദിവസത്തിനുള്ളില്‍ കോവിഡ് വാക്സിന്‍ വിതരണത്തിനായി സംസ്ഥാനങ്ങളില്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ വാക്സിന്‍ വിതരണത്തിന് രാജ്യം സജ്ജമാകും. വാക്സിന്‍ കുത്തിവെപ്പ് എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര സര്‍ക്കാര്‍ പിന്നീട് നടത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ തകര്‍ച്ച മുന്നില്‍ കണ്ടാണ് ആമസോണിന്റെ നീക്കങ്ങളെന്ന് കിഷോര്‍ ബിയാനി
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ തകര്‍ച്ച മുന്നില്‍ കണ്ടാണ് ആമസോണിന്റെ നീക്കങ്ങളെന്ന് കമ്പനിയുടെ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ കിഷോര്‍ ബിയാനി. റിലയന്‍സുമായുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഇടപാടിനെ ആമസോണ്‍ നിയമപരമായി വെല്ലുവിളിച്ച സാഹചര്യത്തിലാണ് ബിയാനിയുടെ പ്രതികരണം. സാമ്പത്തികമായി തകര്‍ന്നു നിന്ന വേളയില്‍ എട്ടുതവണ ആമസോണില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണ്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ സഹായിക്കാന്‍ തയ്യാറായില്ലെന്ന് ഇക്കണോമിക്സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കിഷോര്‍ ബിയാനി വ്യക്തമാക്കി.
ഐപിഒയുമായി കൂടുതല്‍ ഐടി കമ്പനികള്‍
ജനുവരിയില്‍ നിരവധി കമ്പനികള്‍ ഐപിഒയുമായി വരുന്നതായി റിപ്പോര്‍ട്ട്. നാലാഴ്ചക്കുള്ളില്‍ ആറുകമ്പനികളെങ്കിലും ഐപിഒയുമായെത്തുമെന്നാണ് വിവരം. 8,000 കോടി രൂപയാകും ഈ കമ്പനികള്‍ ദ്വിതീയ വിപണിയില്‍നിന്ന് സമാഹരിക്കുക.
റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്‍ഡിഗോ പെയിന്റ്സ്, ഹോം ഫെസ്റ്റ് ഫിനാന്‍സ് കമ്പനി, ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്‍, സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് തുടങ്ങിയ കമ്പനികളാണ് പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നത്.
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ജനുവരി 29 -നാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാവുക. ഫെബ്രുവരി 15 വരെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം നീളും. മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 8 വരെയാണ് രണ്ടാംഘട്ട ബജറ്റ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
സഹകരണ ബാങ്കുകളുടെ നിയന്ത്രണം; കേന്ദ്രത്തോട് യോജിക്കാനാവില്ലെന്ന് സഹകരണമന്ത്രി
സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിലേക്ക് മാറ്റുന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം നടപ്പാക്കുന്നത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കി. 2021 ഏപ്രില്‍ ഒന്ന് മുതല്‍ കേരളത്തിലെ സഹകരണ മേഖലയെ പൂര്‍ണ്ണമായും റിസര്‍വ് ബാങ്കിന് കീഴില്‍ വരുത്തുന്നതാണ് പുതിയ നിയമം. എന്നാല്‍ സംസ്ഥാനം വിജ്ഞാപനത്തിനെതിരെ എന്ന് റിപ്പോര്‍ട്ട്. സംസ്ഥാനം പതിറ്റാണ്ടുകളുടെ ശ്രമഫലമായി പടുതുയര്‍ത്തി സഹകരണ മേഖലയെ തകര്‍ക്കും വിധമാണ് പുതിയ നിയമം എന്നും ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരെ സര്‍വകക്ഷി യോഗം വിളിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
38000 കടന്ന് സ്വര്‍ണം
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധനവ് തുടരുന്നു. 38000 കടന്ന് ഒരു പവന് 38400 രൂപയ്ക്കാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ജനുവരിയിലെ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഇന്നലെ വൈകിട്ട് 38080 രൂപയായിരുന്ന വില ഇന്ന് 320 വര്‍ധിച്ച് 38400 രേഖപ്പെടുത്തി. 4,800 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയിലും സ്വര്‍ണത്തിന് വില കൂടിയത്.
തുടര്‍ച്ചയായ പത്താം ദിനവും നേട്ടത്തോടെ ഓഹരി വിപണി
ഐറ്റി, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ കരുത്തില്‍ തുടര്‍ച്ചയായ പത്താം ദിനവും നേട്ടമുണ്ടാക്കി ഓഹരി വിപണി. സെന്‍സെക്സ് 260.98 പോയ്ന്റ് ഉയര്‍ന്ന് 48437.78 പോയ്ന്റിലും നിഫ്റ്റി 66.60 പോയ്ന്റ് ഉയര്‍ന്ന് 14,199.50 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1740 ഓളം ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 1268 ഓഹരികള്‍ക്ക് കാലിടറിയപ്പോള്‍ 159 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
Read DhanamOnline in English
Subscribe to Dhanam Magazine