ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 10, 2020

ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 10, 2020
Published on
കേരളത്തില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്-19

കേരളത്തില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്-19. വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ 34 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 25 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായി. തൃശൂരില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട കുമാരന്‍ എന്ന വ്യക്തിക്ക് കോവിഡ് ബാധ ഉണ്ടായിരുന്നുവെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട്-10, തൃശൂര്‍-9, മലപ്പുറം-7, തിരുവനന്തപുരം-6, പാലക്കാട്-6, കൊല്ലം-4, ഇടുക്കി-4, എറണാകുളം-4, വയനാട്-4, കണ്ണൂര്‍-4, പത്തനംതിട്ട-3, കോട്ടയം-3, ആലപ്പുഴ-3 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.

ഇന്ത്യയില്‍

രോഗികള്‍: 276,583 (ഇന്നലെ: 266,598)

മരണം: 7,745 (ഇന്നലെ:7,471)

ലോകത്ത്

രോഗികള്‍: 7,242,235 (ഇന്നലെ :7,118,471)

മരണം: 411,269 (ഇന്നലെ :406,522)

ബുധനാഴ്ച വിപണിയുടെ ചാഞ്ചാട്ട ദിനമായിരുന്നു. എന്നാല്‍ വിപണി ക്ലോസ് ചെയ്യുന്നതിന്റെ അവസാന മിനിട്ടുകളില്‍ റിലയന്‍സ്, എച്ച്ഡിഎഫ്സി, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയുടെ ബയിംഗിന്റെ പിന്‍ബലത്തില്‍ വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 290 പോയ്ന്റ് അഥവാ 0.86 ശതമാനം ഉയര്‍ന്ന് ഇന്ന് 34,247.05 ലെത്തി. ഇന്‍ഡസ് ഇന്‍ഡ് ബാങ്കാണ് ഇന്നത്തെ ടോപ്പര്‍. ഏകദേശം എട്ട് ശതമാനത്തോളം വില ഉയര്‍ന്നു. ഹീറോ മോട്ടോകോര്‍പാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. ഏകദേശം നാല് ശതമാനത്തോളം. നിഫ്റ്റി 69.50 പോയ്ന്റ് അഥവാ 0.69 ശതമാനം ഉയര്‍ന്ന് 10,116ലെത്തി.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് കേരളം ആസ്ഥാനമായുള്ള എല്ലാ ബാങ്കിംഗ്, ധനകാര്യ സേവന കമ്പനികളും നേട്ടമുണ്ടാക്കിയ ദിവസമാണിന്ന്. സിഎസ്ബി ബാങ്ക് (6.43 %), ധനലക്ഷ്മി ബാങ്ക് (1.36%), ഫെഡറല്‍ ബാങ്ക് (3%), ജിയോജിത് (2.63%), ഇന്‍ഡിട്രേഡ് (3.76%), മണപ്പുറം ഫിനാന്‍സ് (2.77%), മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് (9.99%), മുത്തൂറ്റ് ഫിനാന്‍സ് (2.61%), സൗത്ത് ഇന്ത്യന്‍ ബാങ്ക് (0.72%) എന്നിവയെല്ലാം ഇന്നലത്തേതിനേക്കാളും നിലമെച്ചപ്പെടുത്തി.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിരക്ക്:

സ്വര്‍ണം ഒരു ഗ്രാം : 4,340 രൂപ(ഇന്നലെ 4,290 )

ഒരു ഡോളര്‍ : 75.60 രൂപ (ഇന്നലെ: 75.50 രൂപ)

ക്രൂഡ് ഓയ്ല്‍
WTI Crude37.81-1.13
Brent Crude40.25-0.93
Natural Gas1.732-0.035
മറ്റ് പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍:
അതിര്‍ത്തി തര്‍ക്കത്തില്‍ സമവായമായെന്ന് ചൈന

അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയുമായി സമവായത്തിലെത്തിയതായി ചൈന. സൈനികതലത്തിലും നയതന്ത്രതലത്തിലും ആശയവിനിമയം തുടരുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹുവാ ചുന്‍യിങ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ അതിര്‍ത്തിയില്‍നിന്ന് പിന്‍വാങ്ങിയ ശേഷം ആദ്യമായാണ് ചൈനയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു പ്രതികരണമുണ്ടാകുന്നത്.

തുടര്‍ച്ചയായി നാലാം ദിവസവും ഇന്ധന വില കൂടി

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് നാല്‍പത് പൈസയും ഡീസല്‍ നാല്‍പ്പത്തിയഞ്ച് പൈസയുമാണ് കൂടിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് വില വര്‍ധനവ്. നാല് ദിവസം കൊണ്ട് പെട്രോളിന് 2 രൂപ 14 പൈസയും ഡീസലിന് 2 രൂപ 23 പൈസയും വര്‍ധിച്ചു.

പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് കോവിഡ് സെസ് ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം

പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ പ്രത്യേക കോവിഡ് സെസ് ഏര്‍പ്പെടുത്തണമെന്ന് പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിലൂടെ കൊവിഡ് പ്രതിരോധ നടപടികള്‍ക്ക് അധിക വരുമാനം കണ്ടെത്താനാവുമെന്നാണ് വിലയിരുത്തുന്നത്. സിഗററ്റ്, ബീഡി, പുകയില്ലാത്ത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് കൊവിഡ് സെസ് ഏര്‍പ്പെടുത്തിയാല്‍ 49,740 കോടി വരെ നേടാനാവുമെന്നാണ് അനുമാനം.

ചെക്ക് മടങ്ങുന്നത് ക്രിമിനല്‍ കുറ്റമാക്കാതിരിക്കാന്‍ നിയമ പരിഷ്‌കരണം വരുന്നു

പണമില്ലാതെ ചെക്ക് മടങ്ങുന്നപക്ഷം അക്കൗണ്ട് ഉടമയെ ക്രിമിനല്‍ കേസില്‍ പെടുത്തി ജയില്‍ ശിക്ഷ നല്‍കുന്നതുള്‍പ്പെടെയുള്ള ഏതാനും നിയമങ്ങള്‍ പരിഷ്‌കരിച്ച് സിവില്‍ കുറ്റങ്ങളുടെ ഗണത്തിലേക്കു പുനര്‍വിന്യസിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ബിസിനസ് നടത്തിപ്പ് കൂടുതല്‍ സുഗമമാക്കുകയെന്നതാണ് ജയില്‍ ശിക്ഷ ഒഴിവാക്കി ധനപരമായ പിഴയാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ക്രെഡിറ്റ് കാര്‍ഡ് ഇ.എം.ഐ ഷോപ്പിംഗില്‍ വന്‍ വര്‍ദ്ധന

ലോക്ഡൗണ്‍ കാലത്തും തുടര്‍ന്ന് ഇളവ് വന്നശേഷവും ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇ.എം.ഐ ഷോപ്പിംഗിനോട് താത്പര്യം ഏറി. ഇ.എം.ഐ വ്യവസ്ഥയിലുള്ള വായ്പയിലൂടെ പാത്രങ്ങള്‍ മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ വരെ വാങ്ങുന്നവരുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുന്നതായി റീട്ടെയില്‍ കച്ചവടക്കാരും ഇ-കൊമേഴ്സ് സ്ഥാപനങ്ങളും ബാങ്കുകളും ചൂട്ടിക്കാട്ടുന്നു.

15 % ജീവനക്കാരെ കുറയ്ക്കുമെന്ന് സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ട്

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് നഷ്ടം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷന്‍ വിഷന്‍ ഫണ്ട് 15 ശതമാനം ജീവനക്കാരെ കുറയ്ക്കാന്‍ തയ്യാറെടുക്കുന്നു.സോഫ്റ്റ് ബാങ്ക് ഗ്രൂപ്പില്‍ ഇനിയും പിരിച്ചുവിടലുകള്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

സൈബര്‍ ആക്രമണത്തില്‍ പ്രവര്‍ത്തനം തകരാറിലായി ഹോണ്ട കമ്പനി

സൈബര്‍ ആക്രമണത്തില്‍ പ്രവര്‍ത്തനം തകരാറിലായി ജാപ്പനീസ് കാര്‍ കമ്പനിയായ ഹോണ്ട. കമ്പനിയുടെ സെര്‍വറുകളെയും ഇമെയിലുകളെയും ആന്തരിക സിസ്റ്റങ്ങളെയും ആക്രമണം ബാധിച്ചു. പല രാജ്യങ്ങളിലെയും ഉല്‍പാദനത്തെ ഇത് തകരാറിലാക്കിയതായി കമ്പനി വക്താവ് പറഞ്ഞു.

ലോക്ഡൗണ്‍ കാലത്ത് പബ്ജിക്ക് വന്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് മുന്നേറ്റം

ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ റെക്കോര്‍ഡ് ലാഭമുണ്ടാക്കിയപ്പോള്‍ ബഹുദൂരം മുന്നിലാണ് പബ്ജി മൊബൈല്‍ മെയ് മാസത്തിലെ ഏറ്റവും കൂടുതല്‍ തുക കരസ്ഥമാക്കിയ ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ചു പബ്ജി. ഗെയിമിംഗ് കമ്പനിയായ ടെന്‍സെറ്റിന് ഈ ഒരൊറ്റ ഗെയിം കഴിഞ്ഞ മാസത്തില്‍ മാത്രം 1700 കോടിയില്‍ പരം രൂപയുടെ വരുമാനമേകി.

ഡാമുകളുടെ ജലനിരപ്പ് നിയന്ത്രണം: കേന്ദ്ര ജല കമ്മീഷനെ ഹൈക്കോടതി കക്ഷി ചേര്‍ത്തു

മണ്‍സൂണ്‍ കാലത്ത് സംസ്ഥാനത്തെ ഡാമുകളുടെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും പ്രശ്‌ന സാധ്യതകള്‍ ഒഴിവാക്കുന്നതിനും നടപടികള്‍ എടുത്തതായി സര്‍ക്കാര്‍ വിശദീകരിച്ചത് ഹൈക്കോടതി രേഖപ്പെടുത്തി.ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ കത്തെഴുതിയതിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.കേന്ദ്ര ജല കമ്മീഷനെ കോടതി കേസില്‍ കക്ഷി ചേര്‍ത്തു. കേസ് ജൂണ്‍ 7 ലേക്ക് മാറ്റി.

ബിജു പ്രഭാകറിന് കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ അധിക ചുമതല

ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്റെ അധിക ചുമതല നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന് കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ അധിക ചുമതലയും നല്‍കി.

സില്‍വര്‍ ലൈന്‍ റെയില്‍പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം-കാസര്‍കോട് നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ റെയില്‍പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ടിനും അലൈന്‍മെന്റിനും മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് തുക കണ്ടെത്താന്‍ ജെ.ഐ.സി.എ, കെ.എഫ്.ഡബ്ല്യൂ, എ.ഡി.ബി, എ.ഐ.ഐ.ബി എന്നീ ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാന്‍ കെ-റെയിലിന് അനുവാദം നല്‍കി.

ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കരുത്; തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി

കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്തരെ ശബരിമല ക്ഷേത്രത്തില്‍ മാസപൂജയ്ക്ക് പ്രവേശിപ്പിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ദേവസ്വം കമ്മീഷണര്‍ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കത്തു നല്‍കി. ഉത്സവം മാറ്റിവെയ്ക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അടുത്ത വര്‍ഷം 9.5 % വളര്‍ച്ച നേടുമെന്ന് ഫിച്ച്

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഈ വര്‍ഷം അഞ്ച് ശതമാനം ചുരുങ്ങുമെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 9.5 ശതമാനം വളര്‍ച്ച നേടുമെന്ന് അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. കൊറോണ വൈറസ് ബാധ ഇന്ത്യയുടെ വളര്‍ച്ച നിരക്കിനെ പിന്നോട്ടടിച്ചെന്ന് ഫിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു

നിക്ഷേപകര്‍ക്ക് രണ്ടു വര്‍ഷം കൊണ്ട് 1000 ശതമാനത്തിലേറെ ആദായമേകി അദാനി ഗ്രീന്‍ എനര്‍ജി

രണ്ടു വര്‍ഷം കൊണ്ട് അദാനി ഗ്രീന്‍ എനര്‍ജി നിക്ഷേപകര്‍ക്ക് നല്‍കിയത് 1000 ശതമാനത്തിലേറെ ആദായം. 8000 മെഗാവാട്ടിന്റെ പ്ലാന്റ് നിര്‍മിക്കുന്നതിന് സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ അദാനി ഗ്രീന്‍ എനര്‍ജിക്ക് 45,000 കോടി രൂപയുടെ കരാര്‍ നല്‍കിയതോടെ രണ്ടു വ്യാപാര ദിനങ്ങളിലായി ഓഹരിവില അപ്പര്‍ സര്‍ക്യൂട്ട് ഭേദിച്ചു.തുടക്കത്തില്‍ 29.40 രൂപയായിരുന്ന ഓഹരിയുടെ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 328.35 നിലവാരത്തിലെത്തി, വിപണമൂല്യം 44,450 കോടിയായി ഉയര്‍ന്നു.കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പാദത്തില്‍ 94.08 കോടി രൂപ നഷ്ടമുണ്ടാക്കിയ കമ്പനി 2020 മാര്‍ച്ച് പാദത്തില്‍ 55.64 കോടി രൂപയുടെ അറ്റാദായം നേടി.

പോലീസിന്റെ 27 സേവനങ്ങള്‍ നല്‍കുന്ന ആപ്പ് സജീവമായി

പൊതുജനങ്ങള്‍ക്ക് പോലീസിന്റെ 27 സേവനങ്ങള്‍ ഒരൊറ്റ ആപ്പില്‍ ലഭ്യമാക്കുന്ന സംവിധാനം നിലവില്‍ വന്നു. പോല്‍-ആപ്പ് എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സാധാരണക്കാര്‍ക്ക് വളരെയെളുപ്പം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന്‍ സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. കേരളാ പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com