ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 18, 2021

തൊഴിലില്ലായ്മാ നിരക്ക് 14.5% ആയി ഉയര്‍ന്നെന്ന് സിഎംഐഇ
മെയ് 16 ന് അവസാനിക്കുന്ന ആഴ്ചയില്‍ പ്രതിവാര തൊഴിലില്ലായ്മാ നിരക്ക് 14.5% ആയി ഉയര്‍ന്നതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മെയ് 9 ന് ഇത് 8.67 ശതമാനം തൊഴിലില്ലായ്മാ നിരക്കിന്റെ ഇരട്ടിയാണെന്നും സിഎംഐഇ പറഞ്ഞു. നിലവിലെ പ്രതിവാര തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ 49 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും സിഎംഐഇ കണക്ക് ചൂണ്ടിക്കാട്ടുന്നു.
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 7585 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി ടാറ്റ മോട്ടോഴ്‌സ്
മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ കമ്പനി 7585 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മൂന്നാം പാദത്തില്‍ 2941 കോടിരൂപയുടെ ലാഭം രേഖപ്പെടുത്തിയ കമ്പനിക്ക് വില്‍പ്പന ഉയര്‍ന്നെങ്കിലും ആകെ കണക്കുകളില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 'റീ ഇമാജിന്‍' സ്ട്രാറ്റജിക്ക് കീഴില്‍ 14,994 കോടി രൂപ ചെലവ് വന്നതിനാലാണ് ആകെ നഷ്ടം സംഭവിച്ചത്. റദ്ദാക്കിയമോഡലുകളുമായി ബന്ധപ്പെട്ട് കമ്പനിക്ക് 9606 കോടി രൂപ എഴുതിത്തള്ളേണ്ടി വന്നതുള്‍പ്പെടെയാണിത്.
കാനറാ ബാങ്കിന് 1010 കോടി രൂപ അറ്റാദായം
2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ കാനറ ബാങ്കിന് അറ്റാദായം 45.11 ശതമാനം വര്‍ധിച്ച് 1010 കോടി രൂപയിലെത്തി. 2557 കോടി രൂപയാണ് വാര്‍ഷിക അറ്റാദായം. 136.40 ശതമാനം വര്‍ധനയാണ് നാലാം പാദത്തിലെ പ്രവര്‍ത്തന ലാഭത്തില്‍ ഉണ്ടായത്. വാര്‍ഷിക പ്രവര്‍ത്തന ലാഭം 55.93 ശതമാനം വര്‍ധിച്ച് 20,009 കോടി രൂപയിലെത്തി. പലിശ ഇതര വരുമാനം 40.75 ശതമാനം വര്‍ധിച്ച് 15,285 കോടി രൂപയിലെത്തി.
പ്രതിദിന ഇ - വെ ബില്ലുകളുടെ എണ്ണത്തില്‍ ഇടിവ്; മെയ്, ജൂണ്‍ മാസങ്ങളില്‍ ജിഎസ്ടി വരുമാനം കുറയും
കോവിഡ് രണ്ടാംതരംഗം രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളെ ഗൗരവമായി ബാധിക്കുന്നതിന്റെ ശക്തമായ സൂചനകള്‍ പുറത്തുവരുന്നു. പ്രതിദിന ഇ - വെ ബില്ലുകളുടെ എണ്ണം ഇപ്പോള്‍ ഒരു വര്‍ഷത്തെ മുന്‍പുള്ള നിരക്കിലാണ്. 50,000 രൂപയ്ക്ക് മുകളിലുള്ള ചരക്ക് നീക്കത്തിന് ഇ - വെ ബില്‍ നിര്‍ബന്ധമാണ്. ജിഎസ്ടി നെറ്റ് വര്‍ക്കിലെ ഡാറ്റ പ്രകാരം മെയ് 16വെ 19.4 ദശലക്ഷം ഇ - വെ ബില്ലുകളാണ് ജനറേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രതിദിന ശരാശരി ഏകദേശം 1.21 ദശലക്ഷം ഇ - വെ ബില്ലുകളാണ്. ഏപ്രിലില്‍ ഇത് 1.95 ദശലക്ഷവും മാര്‍ച്ചില്‍ 2.29 ദശലക്ഷവും ആയിരുന്നു. 2020 മെയില്‍ പ്രതിദിന ശരാശരി 0.8 ദശലക്ഷമായിരുന്നു.
ദുബായ് എക്‌സ്‌പോ 2020: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി യുഎഇ
ദുബായ് എക്‌സ്‌പോ 2020 ന് മുമ്പേ, കോവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങി യുഎഇ. കഴിഞ്ഞ വര്‍ഷം നടത്തേണ്ടിയിരുന്ന ദുബായ് എക്‌സ്‌പോ 2020 കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. ഒക്ടോബര്‍ ഒന്നുമുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് ദുബായ് എക്‌സ്‌പോ നടക്കുക.
യുഎസ് യാത്രാ നിയന്ത്രണം; തിരികെ പോകാനാകാതെ നിരവധി ഇന്ത്യക്കാര്‍
യുഎസ് കോവിഡ് യാത്രാ നിയന്ത്രണം കാരണം ആയിരക്കണക്കിന് എച്ച് -1 ബി, എച്ച് -4 വിസ ഉടമകള്‍ ഇന്ത്യയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നുള്ള യാത്രയ്ക്കുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജോലിയില്‍ തിരികെ പ്രവേശിക്കേണ്ട നിരവധി ഇന്ത്യക്കാരാണ് പ്രതിസന്ധിയിലായിട്ടുള്ളത്.
ഇന്ധന വില വീണ്ടും മുകളിലേക്ക്
കേരളത്തില്‍ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 28 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് 32 പൈസയും കൂട്ടി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 94.85 രൂപയും ഡീസലിന് 89.79 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 ഇന്നത്തെ വില.
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി
കേരളത്തിലെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 240 രൂപ കൂടി 36,360 രൂപയായി. ഗ്രാമിന് 30 രൂപ കൂടി 4545 രൂപയുമായി. കഴിഞ്ഞ ദിവസം 36,120 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടു ദിവസം കൊണ്ട് പവന് 440 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയില്‍ 1300 രൂപയിലേറെയാണ് വര്‍ധനവുണ്ടായത്. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം നടക്കുന്നത്.. മേയ് ഒന്ന്, രണ്ട് തീയതികളിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്, 35,040 രൂപ.
സ്പോട്ട് ഗോള്‍ഡ് എക്സ്ചേഞ്ച് സ്ഥാപിക്കാന്‍ ഒരുങ്ങി സെബി
രാജ്യത്ത് വൈകാതെ സ്പോട്ട് ഗോള്‍ഡ് എക്സ്ചേഞ്ച് സ്ഥാപിക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി തയ്യാറെടുക്കുന്നു. വ്യക്തികള്‍ ഉള്‍പ്പടെയുള്ള ചെറുകിട നിക്ഷേപകര്‍, ബാങ്കുകള്‍, വിദേശ നിക്ഷേപകര്‍, ജ്വല്ലറികള്‍ എന്നിവര്‍ക്കെല്ലാം നിര്‍ദിഷ്ട സ്പോട് ഗോള്‍ഡ് എക്സ്ചേഞ്ചിലൂടെ വ്യാപാരം നടത്താം. ട്രേഡ് ചെയ്യാനുള്ള അവസരമാണ് ഈ എക്‌സ്‌ചേഞ്ച് നല്‍കുക.
വിപണിയുണര്‍ന്നു; സെന്‍സെക്സ് വീണ്ടും 50000ത്തിന് മുകളില്‍
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നതടക്കമുള്ള അനുകൂല ഘടകങ്ങള്‍ തുണയായപ്പോള്‍ ഓഹരി വിപണിയില്‍ കുതിപ്പ്. ആഴ്ചകള്‍ക്ക് ശേഷം സെന്‍സെക്സ് 50000 വും സെന്‍സെക്സ് 15000 വും കടന്നു. അനുകൂല കോര്‍പറേറ്റ് റിസള്‍ട്ടും അനുകൂലമായ ഏഷ്യന്‍ വിപണിയുമെല്ലാം ഇന്ത്യന്‍ ഓഹരി വിപണിയുടെ കുതിപ്പിന് ശക്തിപകര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 18 എണ്ണവും ഇന്ന് നേട്ടമുണ്ടാക്കി. കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് ഇന്നും മികച്ച പ്രകടനമാണ് നടത്തിയത്. 12.42 ശതമാനം നേട്ടം. ഇന്‍ഡിട്രേഡ് (6 ശതമാനം), സിഎസ്ബി ബാങ്ക് (5.24 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (5 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.63 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (3.81 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.45 ശതമാനം), ഫെഡറല്‍ ബാങ്ക് (3.31 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ പെടുന്നു.



Gold & Silver Price Today
സ്വര്‍ണം :4545 , ഇന്നലെ :4515
വെള്ളി : 74, ഇന്നലെ : 72
കോവിഡ് അപ്‌ഡേറ്റ്‌സ് - May 18, 2021
കേരളത്തില്‍ ഇന്ന്
രോഗികള്‍: 31337
മരണം: 97
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍ :25,228,996
മരണം:278,719
ലോകത്തില്‍ ഇതുവരെ
രോഗികള്‍:163,413,904
മരണം: 3,386,457



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it