ട്രംപ് തന്നെ യു.എസ് പ്രസിഡന്റ്; മലയാളികളുടെ ഇഷ്ടതാരവും ട്രംപ്

അമേരിക്കയുടെ 47ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ട്രംപിന് പ്രസിഡന്റ് പദവിയില്‍ ഇത് രണ്ടാം ഊഴമാണ്. സംഭവ ബഹുലമായിരുന്നു ഇത്തവണത്തെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ രംഗം. നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ പിന്മാറ്റത്തിലൂടെ നറുക്ക് വീണ കമല ഹാരിസിന് കനത്ത തോല്‍വിയാണ് നേരിടേണ്ടി വന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ രണ്ടു തവണയാണ് ട്രംപ് വധശ്രമം അതിജീവിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ട്രംപിന് അനായാസ ജയം. 538 ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ അധികാരത്തില്‍ എത്താന്‍ ആവശ്യമായ 270 വോട്ടുകളിലേക്ക് ട്രംപ് അനായാസം നടന്നു കയറുകയായിരുന്നു.

കമല ഹാരിസിനെ ബഹുദൂരം പിന്നിലാക്കിയാണ് ട്രംപ് രണ്ടാമതും അധികാരത്തില്‍ എത്തുന്നത്. 2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുക. സെനറ്റിലും ജനപ്രതിനിധി സഭയിലും ആധിപത്യം ഉറപ്പിച്ചാണ് റിപ്പബ്ലിക്കൻ പാർട്ടി യു.എസില്‍ അധികാരത്തില്‍ എത്തുന്നത്.
അമേരിക്കന്‍ പ്രസിഡന്റായി ആര് വരുന്നതാണ് ഇഷ്ടം എന്ന ചോദ്യത്തില്‍ 'ധനം ഓണ്‍ലൈന്‍' നടത്തിയ പോളിനോട് വായനക്കാര്‍ മികച്ച രീതിയിലാണ് പ്രതികരിച്ചത്. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ സാധൂകരിക്കുന്ന പ്രതികരണമാണ് മലയാളികള്‍ക്കിടയില്‍ നടത്തിയ ധനം പോളിനും ലഭിച്ചത്.
പോളില്‍ പങ്കെടുത്ത 53 ശതമാനം ആളുകളും അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് വരുന്നതിനോട് താല്‍പ്പര്യപ്പെടുന്നതായാണ് അഭിപ്രായപ്പെട്ടത്. 33 ശതമാനം ആളുകള്‍ കമല ഹാരിസിനെ പിന്തുണച്ചപ്പോള്‍ 14 ശതമാനം ആളുകള്‍ രണ്ടു പേരെയും ഇഷ്ടമല്ല എന്ന അഭിപ്രായമാണ് പങ്കുവെച്ചത്.
ധനം പോളില്‍ പങ്കെടുത്ത പകുതിയലധികം ആളുകളുടെ പിന്തുണയാണ് ട്രംപിന് ലഭിച്ചത്. ജനുവരിയില്‍ അധികാരത്തിലേറുന്ന ട്രംപ് ഇന്ത്യയോട് സൗഹാര്‍ദപരമായ നിലപാടുകളായിരിക്കും സ്വീകരിക്കുക എന്നാണ് വിലയിരുത്തലുകളുളളത്.
Related Articles
Next Story
Videos
Share it