റോഡോ, നികുതിയോ? വാഹന ഉപയോക്താക്കള്‍ നേരിടുന്ന കടുത്ത അന്യായമേത്? ധനം പോളിന് മികച്ച പ്രതികരണം

വാഹനങ്ങളുടെ വില കുറക്കാന്‍ മോട്ടോര്‍ നിര്‍മ്മാണ കമ്പനികളോട് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്. വാഹന നിര്‍മാതാക്കള്‍ വലിയ ലാഭത്തിലാണ് മോഡലുകള്‍ വില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. രാജ്യത്ത് വാഹന വിപണിയില്‍ ഡിമാന്‍ഡ് കുറയുന്നതായ ആശങ്കകള്‍ രൂക്ഷമാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന ശ്രദ്ധേയമാകുന്നത്.
ഈ അവസരത്തിലാണ് വാഹന ഉപയോക്താക്കള്‍ നേരിടുന്ന കടുത്ത അന്യായം ഏതാണെന്ന ചോദ്യവുമായി 'ധനം ഓണ്‍ലൈന്‍' പോള്‍ നടത്തിയത്. വാഹനങ്ങളുടെ ഉയര്‍ന്ന വിലയ്ക്കു പുറമെ ഭാരിച്ച നികുതിയും ഇന്ധന വിലയും റോഡിന്റെ ദുഃസ്ഥിതിയുമായിരുന്നു മറ്റു ഓപ്ഷനുകള്‍.
റോഡിന്റെ ദുഃസ്ഥിതിയാണ് തങ്ങള്‍ നേരിടുന്ന വലിയ അന്യായമെന്നാണ് പോളില്‍ പങ്കെടുത്ത 35 ശതമാനം ആളുകളും പറഞ്ഞത്. ഭാരിച്ച നികുതിയാണ് തങ്ങള്‍ നേരിടുന്ന കടുത്ത അനീതിയെന്ന് 30 ശതമാനം ആളുകള്‍ വ്യക്തമാക്കി.
താഴാത്ത ഇന്ധനവിലയില്‍ ആശങ്ക പ്രകടിപ്പിച്ചത് 16 ശതമാനം ആളുകളാണ്. പോളില്‍ പങ്കെടുത്ത 14 ശതമാനം ആളുകള്‍ വാഹനങ്ങളുടെ കൂടിയ വില വലിയ അന്യായമാണെന്ന് പ്രതികരിച്ചു.
വാഹനങ്ങളുടെ എക്സ് ഷോറൂം വിലയില്‍ കാണുന്ന ജി.എസ്.ടി നോക്കിയാൽ നികുതിയിനത്തില്‍ നാം ഭാരിച്ച തുക നല്‍കുന്നുണ്ടെന്ന് മനസിലാകുമെന്നാണ് പോളില്‍ പങ്കെടുത്ത ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ഇതിന് പുറമെയാണ് ഓണ്‍ റോഡ് വിലയിലുളള റോഡ് ടാക്സ്, ഇൻഷുറൻസ് എടുക്കുന്നതിനായി അടയ്ക്കുന്ന ടാക്സ് എന്നിവയെന്നും അദ്ദേഹം പറയുന്നു.
മാത്യു ജോസ് എന്ന മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത് ഇത് നികുതിക്കൊള്ളയാണെന്നാണ്. വാഹന നികുതി കൊടുക്കണം പിന്നെ ടോളും കൊടുക്കണം എന്ന അവസ്ഥ അന്യായമാണെന്ന് മറ്റൊരു ഉപയോക്താവ് പറയുന്നു.
സര്‍ക്കാര്‍ മധ്യവർഗത്തിൽ നിന്ന് പണം തട്ടിയെടുക്കുകയാണ്. ഞങ്ങൾ അടയ്ക്കുന്ന നികുതിക്ക് അവർ ഒന്നും തിരികെ നൽകുന്നില്ലെന്നും വേറൊരു ഉപയോക്താവ് പരാതിപ്പെടുന്നു.
Related Articles
Next Story
Videos
Share it