"കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലം"; ധനേസ രഘുലാലിന് ധനം വനിതാ സംരംഭക പുരസ്കാരം 2025

പിതാവിന്റെ പിന്തുണയും സഹായവും ബിസിനസില്‍ വളരുന്നതിന് വളരെയധികം നിര്‍ണായകമായിരുന്നു
"കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലം";  ധനേസ രഘുലാലിന് ധനം വനിതാ സംരംഭക പുരസ്കാരം 2025
Published on

2025 ലെ ധനം വനിതാ സംരംഭക പുരസ്കാരം ധനേസ രഘുലാലിന് സമ്മാനിച്ചു. എലൈറ്റ് ഫുഡ്‌സ് & ഇന്നൊവേഷന്‍സ് ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്റ്ററാണ് ധനേസ രഘുലാല്‍. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഓസ്കാർ പുരസ്കാര ജേതാവും സിഖ്യ എൻ്റർടൈൻമെൻ്റ് സ്ഥാപകയുമായ ഗുനീത് മോംഗ കപൂറാണ് പുരസ്കാരം സമ്മാനിച്ചത്. ധനം പബ്ലിക്കേഷൻസ് ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ കുര്യൻ എബ്രഹാം, ധനം പബ്ലിക്കേഷൻസ് ഡയറക്ടറും വൈസ് പ്രസിഡന്റുമായ വിജയ് എബ്രഹാം, ധനം ബിസിനസ് മീഡിയ അസോസിയേറ്റ് എഡിറ്റർ ടി.എസ് ഗീന, മാർക്കറ്റിംഗ് & സെയിൽസ് ഡി.ജി.എം യശോധര കുമാർ ആർ. തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

21ാം വയസിലാണ് ബിസിനസിന്റെ ചുമതലകളിലേക്ക് താന്‍ കടക്കുന്നതെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് ധനേസ പറഞ്ഞു. ആ പ്രായത്തില്‍ താന്‍ ചുമതലകള്‍ ഏറ്റെടുക്കാന്‍ പൂര്‍ണമായി തയാറായിരുന്നില്ല. കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണ് ബിസിനസിലുളള വിജയം. പിതാവിന്റെ പിന്തുണയും സഹായവും ബിസിനസില്‍ വളരുന്നതിന് വളരെയധികം നിര്‍ണായകമായിരുന്നു. വര്‍ഷങ്ങളായി തന്നോടൊപ്പമുളള മികച്ച ടീമും കുടുംബത്തിന്റെ പിന്തുണയും വളരെ വലുതാണെന്നും ധനേസ പറഞ്ഞു.

ധനേസ രഘുലാല്‍

കേക്കുകളെ കൊതിയോടെ നോക്കുന്ന പ്രായത്തിലുള്ള കൊച്ചു പെണ്‍കുട്ടി കേക്ക് ബ്രാന്‍ഡുകളെ പുതുമയോടെ അവതരിപ്പിക്കുന്ന ബിസിനസ് മീറ്റിംഗുകളില്‍ സ്ഥിരം പങ്കെടുത്താലോ? അങ്ങനെ ഒക്കെയുണ്ടോയെന്ന് സംശയിക്കേണ്ട. ദക്ഷിണേന്ത്യയിലെ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന കമ്പനിയായ എലൈറ്റ് ഫുഡ്‌സ് & ഇന്നൊവേഷന്‍സ് ഗ്രൂപ്പിന്റെ ഇന്നത്തെ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ധനേസ രഘുലാലിന്റെ കുട്ടിക്കാലം ഏതാണ്ട് ഇതുപോലെയായിരുന്നു. എലൈറ്റ് ഫുഡ്‌സിന്റെ സ്ഥാപകന്‍ ടി ആര്‍ രഘുലാലിന്റെ മകള്‍ ധനേസ ബിസിനസ് പാഠങ്ങള്‍ പഠിച്ചത് അങ്ങനെയും. കേക്ക് കഴിക്കാന്‍ ഇഷ്ടപ്പെടുന്ന കുട്ടിപ്രായത്തില്‍ കേക്ക് കമ്പനിയുടെ ബിസിനസ് സ്ട്രാറ്റജി തീരുമാനിക്കുന്ന മീറ്റിംഗുകളില്‍ സ്ഥിരം സാന്നിധ്യമായി. കൗമാരത്തിലേക്ക് കാലൂന്നിയപ്പോള്‍ പിതാവിനൊപ്പം മാര്‍ക്കറ്റിംഗ് കാംപയ്ന്‍ മീറ്റിംഗുകള്‍ മുതല്‍ ബാങ്ക് വായ്പകള്‍ക്കായുള്ള മീറ്റിംഗുകളില്‍ വരെ പങ്കുകൊണ്ടു. പിതാവിനൊപ്പം നടന്ന് ധനേസ പഠിച്ചത് എലൈറ്റ് എന്ന ബ്രാന്‍ഡിന്റെ വിഷനും മനസ്സില്‍ രൂപം കൊടുത്തത് അതിന്റെ ഭാവിയുമായിരുന്നു.

ബിസിനസ് രക്തത്തില്‍ അലിഞ്ഞതെങ്കിലും അക്കാദമിക് മികവുകൊണ്ടും പ്രൊഫഷണല്‍ രംഗത്തെ യാത്രകള്‍ കൊണ്ടും അതിനെ കൂടുതല്‍ തേച്ചുമിനുക്കി എടുക്കുകയായിരുന്നു. എന്റര്‍പ്രണര്‍ഷിപ്പ് പഠനരംഗത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കോളെജുകളിലൊന്നായ ബോസ്റ്റണിലെ ബാബ്‌സണ്‍ കോളെജില്‍ നിന്ന് ബിരുദമെടുത്ത ധനേസ പിന്നീട് ഡാറ്റ അനലിറ്റിക്‌സ്, റെസ്റ്റോറന്റ് എന്നീ രംഗങ്ങളിലെ പ്രമുഖ കമ്പനികളൊടൊത്ത് പ്രവര്‍ത്തിച്ച അനുഭവ സമ്പത്ത് നേടി. രണ്ട് സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപക ടീമംഗമായും ഇതിനിടെ റോളുകള്‍ വഹിച്ചു.

2021ല്‍ ടൈ കേരളയുടെ നെക്‌സ്റ്റ് ജെന്‍ എന്റര്‍പ്രണര്‍ അവാര്‍ഡിന് അര്‍ഹയായ ധനേസ സ്ത്രീ ശാക്തീകരണം, സുസ്ഥിര വികസനം, ഇന്നൊവേഷന്‍ എന്നീ കാര്യങ്ങളില്‍ അങ്ങേയറ്റം ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയുമാണ്.

എലൈറ്റ് ഗ്രൂപ്പിനെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കി ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള പരിശ്രമങ്ങളാണ് ധനേസ നടത്തി വരുന്നത്. എലൈറ്റിനെ സീറോ എമിഷന്‍ കമ്പനിയാക്കുക എന്നതും ധനേസയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇതിനായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 9 അത്യാധുനിക ഫാക്ടറികളാണ് എലൈറ്റ് ഫുഡ്‌സിനുള്ളത്. ദക്ഷിണേന്ത്യയിലെയും മഹാരാഷ്ട്രയിലെയും ഒന്നരലക്ഷത്തിലേറെ കടകളിലൂടെ എലൈറ്റ് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ കൈകളിലെത്തുന്നു. ഇത് കൂടാതെ വിദേശരാജ്യങ്ങളിലും എലൈറ്റ് ഫുഡ്‌സിന് വിപണി സാന്നിധ്യമുണ്ട്.

Dhanam Woman Entrpreneur of the Year 2025 goes to Danesa Raghulal.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com