ആറു വർഷത്തിനകം ഇന്ത്യ പ്രമേഹരഹിതമാക്കാൻ കഴിയുമോ? വൈദ്യശാസ്ത്രം ലക്ഷ്യമിടുന്നത് അതാണ്

2030ഓടെ പ്രമേഹരഹിത ഇന്ത്യയാണ് വൈദ്യശാസ്ത്ര സമൂഹം ലക്ഷ്യമിടുന്നതെന്ന് പ്രമുഖ പ്രമേഹ രോഗവിദഗ്ധൻ ഡോ. ബന്‍ഷി സാബൂ. കോവളത്ത് ആഗോള ഡയബറ്റീസ് കണ്‍വെന്‍ഷനായ ജ്യോതിദേവ്‌സ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫോറം ഡയബറ്റീസ് അപ്‌ഡേറ്റ് 2024ൽ (ജെപിഇഎഫ്) സംസാരിക്കുകയായിരുന്നു അദ്ദേഹം. 2030നു ശേഷം ജനിക്കുന്ന ഒരു കുഞ്ഞിനും അതിന്റെ ജീവിതകാലത്ത് പ്രമേഹം പിടിപെടില്ലെന്നാണ് ഇതിലൂടെ ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
ബഹുമുഖമായ പരിപാടികളാണ് ഇതിനായി നടപ്പാക്കാനുള്ളത്. ആരോഗ്യശാസ്ത്രം സ്‌കൂള്‍ തലം മുതല്‍ പാഠ്യവിഷയമാക്കല്‍, കായികവിനോദങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കല്‍, ആരോഗ്യകരമായ ഭക്ഷണം വിദ്യാലയങ്ങളില്‍ ലഭ്യമാക്കല്‍, അമ്മമാരുടെ ആരോഗ്യം ഉറപ്പുവരുത്തുന്ന വ്യായാമം, ഭക്ഷണശീലം, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണവിഭവങ്ങള്‍ ഒഴിവാക്കുന്നതിന് ചെറുപ്പക്കാരെ പ്രേരിപ്പിക്കല്‍, പൊതുഗതാഗതം ഉപയോഗപ്പെടുത്തല്‍, വ്യായാമം പ്രോത്സാഹിപ്പിക്കല്‍, സ്ഥിരമായ രോഗലക്ഷണ നിരീക്ഷണങ്ങള്‍ തുടങ്ങിയവയാണ് ഇതിനായുള്ള കര്‍മപരിപാടികളില്‍ പ്രമുഖം. ഗര്‍ഭിണികളുടെ പോഷകക്കുറവ്, ഗര്‍ഭകാല പ്രമേഹം, കുട്ടിക്കാലത്തെ അമിതപോഷണം, അമിതവണ്ണം, കൗമാരക്കാരുടേയും പ്രായം ചെന്നവരുടേയും ജീവിതശൈലികള്‍ തുടങ്ങിയവ ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. ഭാരക്കുവോടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മെറ്റബോളിക് സിന്‍ഡ്രോമുകള്‍ പിടിപെടാന്‍ സാധ്യത കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വിവിധ സെഷനുകളില്‍ മേഹക് ധിംഗ്ര, ഡെല്‍ഹി,ഡോ. ഹൊസ്സാം അറഫ ഗാസി, ഈജിപ്ത് (തൈറോയ്ഡ് ക്രമക്കേടുകള്‍ കണ്ടുപിടിക്കാന്‍ ഡയബറ്റോളജിസ്റ്റുകള്‍ക്ക് എഐ ഉപയോഗിക്കാമോ?): ഡോ പി കെ ജബ്ബാര്‍, തിരുവനന്തപുരം (ഇന്‍സുലിന്‍ മാനേജ്‌മെന്റിലെ കൃത്യതകള്‍, രണ്ടാം തലമുറ ഇന്‍സുലിന്‍); ഡോ പി സെല്‍വപാണ്ഡ്യന്‍, ചൈന്നൈ (പിയോഗ്ലിറ്റാസോണ്‍); ഡോ വിമല്‍ എം വി, കോഴിക്കോട് (ബയോസിമിലര്‍ ഇന്റര്‍ചേഞ്ചബ്ള്‍ ഗ്ലാര്‍ഗീന്‍ - ഇന്ത്യന്‍ കാഴ്ചപ്പാട്); ഡോ ബി കൃഷ്ണകുമാര്‍, തിരുവനന്തപുരം (ഹൃദയാഘാതവും രക്തക്കുറവും); ഡോ സെന്‍ ദേവദത്തന്‍, യുകെ (സമഗ്രചികിത്സ), ഡോ ജോര്‍ജി ഏബ്രഹാം, ചെന്നൈ (ഇലക്ട്രോലൈറ്റ്-ആസിഡ് അധിഷ്ഠിത അസ്വഭാവികതകള്‍); ഡോ. നീതാ ദേശ്പാണ്ഡെ, ബെല്‍ഗാം (സാര്‍കോപെനിക് ഒബിസിറ്റി); ഡോ. ധ്രുവി ഹസ്‌നാനി, അഹമ്മദാബാദ് (ക്ലിനിക്കല്‍ സെറ്റിംഗുകളില്‍ ഭാഷകളുടെ പ്രാധാന്യം), ഡോ മാത്യു ജോണ്‍ തിരുവനന്തപുരം (നോണ്‍-സ്റ്റീറോയജ് എംആര്‍എ), ഡോ ശ്രീജിത് എന്‍ കുമാര്‍ (ജീവിതശൈലി) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
എട്ട് രാജ്യങ്ങളില്‍ നിന്നായി 1500-ലേറെ ഡോക്ടര്‍മാര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. ഡയബറ്റീസ് ചികിത്സയിലും പ്രതിരോധത്തിലും പങ്കാളികളായ നഴ്‌സുമാര്‍, ഡയറ്റീഷ്യന്മാര്‍, എഡ്യുക്കേറ്റര്‍മാര്‍ എന്നിവരും സംബന്ധിക്കുന്നു. ​മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ നടക്കുന്ന കണ്‍വെന്‍ഷനില്‍ രാജ്യത്തെ എല്ലാ പ്രമുഖ മെഡിക്കല്‍ കോളേജുകളില്‍ നിന്നുമുള്ള ഗവേഷണങ്ങളുടെ ഫലങ്ങളും അവതരിപ്പിക്കുന്നുണ്ട്. കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കപ്പെടുന്ന പ്രധാന ഗവേഷണങ്ങള്‍ ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് ഡയബറ്റീസ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രസിദ്ധീകരിക്കും.
Related Articles
Next Story
Videos
Share it