
ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം നടത്തിയതിന്റെ സൂചനകള്‍ ആദ്യം തിരിച്ചറിഞ്ഞത് പിസ ഓര്‍ഡര്‍ വര്‍ധിച്ചതിലൂടെയോ. ശനിയാഴ്ച്ച രാത്രിയാണ് യു.എസ് വിമാനങ്ങള്‍ ഇറാനിലെ തന്ത്രപ്രധാന ആണവ പരീക്ഷണ കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിച്ചത്. ഈ ആക്രമണങ്ങള്‍ നടക്കുന്നതിന് തൊട്ടുമുമ്പ് യു.എസ് സൈനിക ആസ്ഥാനമായ പെന്റഗണിന് തൊട്ടടുത്ത് പിസ ഷോപ്പിലേക്ക് വലിയ തോതില്‍ ഓര്‍ഡര്‍ വന്നെന്നാണ് കണ്ടെത്തല്‍.
പെന്റഗണ്‍ പിസ റിപ്പോര്‍ട്ട് എന്ന സോഷ്യല്‍മീഡിയ പ്രൊഫൈല്‍ വഴിയാണ് ഇത്തരത്തില്‍ അസാധാരണ യോഗങ്ങളും ജോലികളും പെന്റഗണിലെ നടക്കുന്നതായ സൂചന നല്കിയത്. പെന്റഗണ്‍ ഓഫീസിന് അടുത്തുള്ള പാപ്പ ജോണ്‍സ് പിസ സെന്ററിലേക്ക് ശനിയാഴ്ച വൈകുന്നേരം ആറിനും ഒന്‍പതിനും ഇടയില്‍ വന്‍തോതില്‍ പിസ ഓര്‍ഡറുകള്‍ വന്നു.
സാധാരണ ദിവസങ്ങളില്‍ ഇത് പതിവുള്ളതല്ല. കൂടുതല്‍ പിസ ഓര്‍ഡറുകള്‍ പെന്റഗണില്‍ നിന്ന് വന്നുവെന്നതിന്റെ അര്‍ത്ഥം തിരക്കിട്ട ജോലികള്‍ ആ സമയത്ത് പെന്റഗണില്‍ നടക്കുന്നുവെന്നതിന്റെ തെളിവാണെന്ന് സോഷ്യല്‍മീഡിയ പേജില്‍ വ്യക്തമാക്കിയിരുന്നു.
അതുപോലെ തന്നെ മറ്റൊരു കാര്യവും അവര്‍ എക്‌സിലൂടെ പങ്കുവച്ചു. സൈനിക ഓഫീസിന് തൊട്ടടുത്തുള്ള ഫ്രെഡീസ് ബീച്ച് ബാറില്‍ ഈ സമയങ്ങളില്‍ ആളനക്കം തീരെ കുറവായിരുന്നു. സാധാരണ ഗതിയില്‍ വലിയ തിരക്കുണ്ടാകേണ്ട സമയമായിരുന്നു ഇത്. സൈനിക ആസ്ഥാനത്ത് ജോലി ചെയ്യുന്നവരാണ് ഈ ബാറിലെ സന്ദര്‍ശകരിലേറെയും. പെന്റഗണ്‍ ഓഫീസില്‍ കാര്യമായെന്തോ തിരക്കിട്ട ചര്‍ച്ചകളോ നീക്കങ്ങളോ നടക്കുന്നതിനാലാണ് ഈ ബാറില്‍ സന്ദര്‍ശകര്‍ കുറഞ്ഞതെന്നായിരുന്നു നിരീക്ഷണം.
ഈ നിരീക്ഷണങ്ങള്‍ കൃത്യമായിരുന്നുവെന്ന് പിന്നീട് ഡൊണള്‍ഡ് ട്രംപ് ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തിയതോടെ തെളിയുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളിലാണ് യുഎസ് വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത്. ഫോര്‍ദൊ, നതാന്‍സ് ആണവകേന്ദ്രങ്ങളില്‍ ബി-2 സ്പിരിറ്റ് സ്ട്രാറ്റജിക് ബോംബറുകളില്‍നിന്ന് ബങ്കര്‍- ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചു. ഇസ്ഫഹാന്‍ ആണവകേന്ദ്രത്തിലേക്ക് യുഎസ് നാവികകേന്ദ്രങ്ങളില്‍നിന്ന് ടോമാഹോക്ക് ക്രൂസ് മിസൈലുകളും തൊടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine