ലൈസന്‍സിന്റെ ഒറിജിനല്‍ കയ്യില്‍ കരുതേണ്ട, ഡിജിറ്റല്‍ കോപ്പി മതി; ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പുതിയ ഉത്തരവ്

വാഹന പരിശോധനക്കിടെ പോലീസോ ആര്‍.ടി.ഒ ഉദ്യോഗസ്ഥരോ ഡ്രൈവിംഗ് ലൈസന്‍സോ ആര്‍.സിയോ ആവശ്യപ്പെട്ടാല്‍ ഇനി ഒറിജിനല്‍ കാണക്കേണ്ടി വരില്ല. ഇവയുടെ ഡിജിറ്റല്‍ കോപ്പി നിങ്ങളുടെ ഫോണില്‍ ഉണ്ടായാല്‍ മതി. ലൈസന്‍സിന്റെയും ആര്‍.സിയുടെയും ഡിജിറ്റല്‍ കോപ്പി സാധുവായി പരിഗണിക്കും. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ് ഉത്തരവിട്ടത്. വാഹന പരിശോധനക്കിടെ രേഖകളുടെ ഒറിജിനല്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടാറുണ്ട്. വാഹനം ഓടിക്കുന്നവര്‍ ഡിജിറ്റല്‍ രേഖകള്‍ കാണിക്കുന്നത് പലപ്പോഴും ഉദ്യോഗസ്ഥര്‍ അംഗീകരിക്കാറില്ല. ഇത് പലയിടത്തും തര്‍ക്കങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. പുതിയ ഉത്തരവോടെ ഇക്കാര്യത്തില്‍ വ്യക്തത വരികയാണ്. ഐ.ടി ആക്ട് 2000 ത്തിന് കീഴില്‍ ഡിജിറ്റല്‍ രേഖകളെ ഒറിജിനലിന് സമാനമായി പരിഗണിക്കുന്ന ഉത്തരവാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയിരിക്കുന്നത്.

എന്താണ് ഡിജിറ്റല്‍ ലൈസന്‍സ്

മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ വെബ് പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതാണ് ഡിജിറ്റല്‍ ലൈസന്‍സ്. ക്യു.ആര്‍ കോഡ് ഉള്‍പ്പെടുന്ന ഈ രേഖ പരിശോധിച്ചാല്‍ ലൈസന്‍സ് ഉടമയുടെ വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭിക്കും. ഡിജിറ്റല്‍ രേഖകളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു. ഇത്തരം രേഖകള്‍ പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അ്ധികാരമുണ്ടാകും. അതേസമയം, ഒറിജിനല്‍ രേഖകള്‍ പിടിച്ചെടുക്കുന്നത് കര്‍ശനമായി നിരോധിക്കുന്നതായും ഉത്തരവില്‍ വ്യക്തമാക്കി.

Related Articles
Next Story
Videos
Share it