

കാര്‍ വാങ്ങുന്നത്ര ചെലവുള്ളതല്ല, ഒരു നേരത്തെ ഭക്ഷണം. റൊക്കം പണം നല്‍കി കാര്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്കായാണ് ധനകാര്യ സ്ഥാപനങ്ങള്‍ ഇ.എം.ഐ സംവിധാനം അവതരിപ്പിച്ചത്. എന്നാല്‍ ഭക്ഷണത്തിനും ഇഎംഐ സൗകര്യമാകുകയാണ് ഇപ്പോള്‍. 'ഈറ്റ് നൗ പേ ലേറ്റര്‍' (പീന്നീട് പണം നല്‍കുന്ന സംവിധാനം) സൗകര്യത്തിന് പുറകെ നിങ്ങളുടെ ഭക്ഷണത്തിന്റെ ബില്ലുകള്‍ ഇന്‍സ്റ്റോള്‍മെന്റുകളായി അടക്കാനാണ് ഫിന്‍സെര്‍വ് കമ്പനികളും ഫുഡ് ഡെലിവെറി പ്ലാറ്റ്‌ഫോമുകളും കൈകോര്‍ക്കുന്നത്.
ആഗോള രംഗത്തെ പ്രമുഖരായ യുറോപ്യന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനി ക്ലാര്‍നയും (Klarna) അമേരിക്കന്‍ ഫുഡ് ഡെലിവറി കമ്പനിയായ ഡോര്‍ഡാഷുമാണ്(Doordash) ഈ രംഗത്ത് പുതിയ കരാറില്‍ ഒപ്പുവെച്ചത്.
ചെറിയ ബില്ലുകള്‍ക്ക് ഇഎംഐ സൗകര്യം ലഭിക്കുമെന്ന് കരുതരുത്. കുറഞ്ഞത് 35 ഡോളര്‍ (3,000 രൂപ) വിലയുള്ള ഭക്ഷണത്തിന് വിവിധ ഇന്‍സ്റ്റോള്‍മെന്‌റുകളായി പണമടക്കാം. പലിശയില്ലാത്ത 4 ഇന്‍സ്റ്റാള്‍മെന്റുകളാണ് ഓഫര്‍ ചെയ്യുന്നത്. യുഎസിലെ മറ്റൊരു ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ ഗ്രബ് ഹബും ക്ലാര്‍നയുമായി ഇത്തരമൊരു കരാറില്‍ എത്തിയിട്ടുണ്ട്.
ഈ കമ്പനികളുടെ മൊബൈല്‍ ആപ്പ് വഴി സൗകര്യം ഉപയോഗപ്പെടുത്താനാകും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ബില്ലുകള്‍ ഇഎംഐ ആക്കി മാറ്റുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.
നിലവില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ സൊമാറ്റോയും സ്വിഗിയും 'ഈറ്റ് നൗ പേ ലേറ്റര്‍' സൗകര്യം നല്‍കി വരുന്നുണ്ട്. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ബില്‍ ഒറ്റതവണയായി അടച്ചു തീര്‍ക്കുന്നതാണ് സംവിധാനം. ഇന്‍സ്റ്റോള്‍മെന്റ് രീതി അമേരിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തുമെന്നാണ് സൂചനകള്‍. ആഗോള വിപണി സാന്നിധ്യമുള്ള കമ്പനിയാണ് ക്ലാര്‍ന. ഇന്ത്യന്‍ ഫുഡ് ഡെലിവെറി മേഖലയിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ വിപണിയിലെ സാധ്യതകളെ കുറിച്ച് പഠിച്ചു വരുന്നതായി ക്ലാര്‍ന വൈസ് പ്രസിഡന്റ് എറിക് നില്‍സണ്‍ വ്യക്തമാക്കിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine