കേരളത്തിൽ മിക്ക ജില്ലകളിലും താപനില 3-5 ഡിഗ്രി ഉയരും

സംസ്ഥാനത്ത് വരള്‍ച്ച മുന്നില്‍ കണ്ടുള്ള ഒരുക്കങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി തുടങ്ങി. മഴവെള്ള ശേഖരണമടക്കം ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ രൂക്ഷമായ പ്രതിസന്ധി സംസ്ഥാനം നേരിടുമെന്നാണ് വിലയിരുത്തല്‍. മഴ കുറയുകയും അള്‍ട്രാവയലറ്റ് വികിരണത്തോത് ഉയരുകയും ചെയ്തതോടെ പകല്‍ച്ചൂടും കൂടി.

വരള്‍ച്ച പടിവാതില്‍ക്കലെത്തി നില്‍ക്കേ മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഇന്നലെ ദുരന്ത നിവാരണ അതോറിറ്റി അടിയന്തിര യോഗം കൂടി. വരള്‍ച്ച നിര്‍ണയ പ്രക്രിയയുടെ ഭാഗമായുള്ള ആദ്യഘട്ട പഠന റിപ്പോര്‍ട്ട് കെ.സ്.ഡി.എം.എ എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. കൃഷി മേഖലകളിലും ജലസംഭരണികളുടെ വൃഷ്ടിപ്രദേശങ്ങളിലും കാര്യമായ മഴക്കുറവുണ്ട്.

മഴവെള്ള ശേഖരണം ഊർജിതമാക്കാനും നിലവിലുള്ള വെള്ളം പരമാവധി സംരക്ഷിക്കാനും ജില്ലാതലങ്ങളില്‍ സ്ഥിതി നിരീക്ഷിക്കാനുമാണ് തീരുമാനം. മഴക്കുറവാണ് താപനില ഉയരാന്‍ കാരണം. ഒപ്പം അള്‍ട്രാ വയലറ്റ് വികിരണതോതും അപകടനിലയിലാണ്.

പകല്‍ച്ചൂട് കൂടുന്നു

ഇന്നലെ 12 ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍ പകല്‍ച്ചൂട് സാധാരണയേക്കാള്‍ കൂടുതല്‍ രേഖപ്പെടുത്തി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (Automatic weather station) കണക്ക് പ്രകാരം കഴിഞ്ഞ ദിവസം ചൂണ്ടിയില്‍ 38.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. എല്‍നിനോ സാഹചര്യം കടുത്താല്‍ സ്ഥിതി ഇനിയും ഗുരുതരമാകും. അടുത്ത വേനല്‍ക്കാലം മുന്നില്‍ക്കണ്ടുള്ള മുന്‍കരുതല്‍ ഓരോരുത്തരും സ്വീകരിക്കണമെന്നാണ് ദുരന്ത നിവാരണ വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നത്.

താപനില ഉയരും

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 3 മുതല്‍ 5 വരെ കൂടുതല്‍) എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 3 മുതല്‍ 4 വരെ കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയുണ്ട്.

സെപ്റ്റംബര്‍ പകുതിയോടെ നിലവിലെ വരണ്ട അന്തരീക്ഷ സ്ഥിതിയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം വരുന്ന അഞ്ച് ദിവസം ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകളില്ല. കേരള, കര്‍ണാടക ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

Related Articles
Next Story
Videos
Share it