

രാജ്യത്ത് ദീപാവലി കാലത്തെ റീട്ടെയ്ല്‍ വില്പന സര്‍വകാല റെക്കോഡില്‍. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) റിപ്പോര്‍ട്ടനുസരിച്ച് ദീപാവലി കാലത്ത് ആകെ നടന്നത് 5.4 ലക്ഷം കോടി രൂപയുടെ വില്പനയാണ്. ഇതിനൊപ്പം 65,000 കോടി രൂപയുടെ ബിസിനസ് സര്‍വീസ് മേഖലയിലും നടന്നു. സര്‍വകാല റെക്കോഡാണിത്. കഴിഞ്ഞ വര്‍ഷം ദീപാവലി കാലത്തെ വില്പന 4.25 ലക്ഷം കോടി രൂപയുടേതായിരുന്നു.
മെട്രോ നഗരങ്ങള്‍ക്കൊപ്പം ടിയര്‍ 1, ടിയര്‍ 2 സിറ്റികളിലും വില്പനയില്‍ കുതിച്ചു ചാട്ടമുണ്ടായി. മികച്ച മണ്‍സൂണും കാര്‍ഷിക മേഖലയിലെ ഉണര്‍വും ഗ്രാമങ്ങളിലെ വില്പനയിലും ഉണര്‍വുണ്ടാക്കി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ അവസാന പാദത്തിലും 2026 വര്‍ഷത്തെ ആദ്യപാദത്തിലും വില്പനയില്‍ എഫ്എംസിജി അടക്കമുള്ള മേഖലകളില്‍ മാന്ദ്യം ദൃശ്യമായിരുന്നു.
ജിഎസ്ടി പരിഷ്‌കരണത്തിന്റെ നേട്ടം ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ കമ്പനികള്‍ മത്സരിച്ചതും വില്പന കൂടുന്നതിന് ഇടയാക്കി. വിലക്കയറ്റത്തോത് പൊതുവേ കുറഞ്ഞ കാലാവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളത്. ഇത് സാമ്പത്തികരംഗത്ത് പോസിറ്റീവായ രീതിയില്‍ അനുഭവപ്പെടുന്നുണ്ട്.
നവരാത്രി സമയം മുതല്‍ ജുവലറി, ഇലക്‌ട്രോണിക്‌സ്, വസ്ത്രം, ഭക്ഷണം തുടങ്ങിയ മേഖലകളെല്ലാം ഉയര്‍ന്ന വില്പന നേടുന്നുണ്ട്. കമ്പനികള്‍ കൂടുതല്‍ ഓഫറുകളുമായി രംഗത്തെത്തിയതും വായ്പകള്‍ ലഭിക്കുന്നത് എളുപ്പമായതും വില്പനയെ മുന്നോട്ടു നയിച്ചു.
ജനങ്ങള്‍ക്കിടയില്‍ മുമ്പത്തേക്കാള്‍ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് ആവശ്യകത വര്‍ധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് നിര്‍മിത ഉത്സവകാല ഉത്പന്നങ്ങള്‍ക്ക് 1.25 ലക്ഷം കോടി രൂപയുടെ ബിസിനസ് ഈ വര്‍ഷം നഷ്ടപ്പെട്ടെന്ന് സിഎഐടി വ്യക്തമാക്കുന്നു.
ദീപാവലിക്ക് രണ്ടു ദിവസം മുമ്പുള്ള ധന്‍തെരാസ് ദിനത്തില്‍ 50,000 കോടി രൂപയുടെ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വിറ്റുപോയതായാണ് കണക്ക്. സമീപകാലത്തൊന്നും ഇത്രയധികം വില്പന നടന്നിട്ടില്ല.
ദീപാവലി കഴിഞ്ഞാലും വില്പനയിലെ തിരക്ക് അവസാനിക്കില്ലെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ ഇനി വിവാഹകാലമാണ് വരാന്‍ പോകുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഏകദേശം 48 ലക്ഷം കല്യാണങ്ങള്‍ രാജ്യത്ത് നടക്കുമെന്നാണ് കണക്ക്. ഇത് ആറ് ലക്ഷം കോടി രൂപയുടെ ബിസിനസിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine