ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ കണ്ണു വെച്ച് നായിഡു, ബംഗളൂരുവിൽ നിന്ന് ആന്ധ്രക്ക് കടത്തുമോ? അതൊന്നു കാണട്ടെയെന്ന് ഡി.കെ; രാഷ്ട്രീയ ബലാബലത്തിന് ഇരയായി അഭിമാന സ്ഥാപനം

പൊതുമേഖലാ സ്ഥാപനങ്ങളെ തട്ടിയെടുത്തുന്നതിനുള്ള ചന്ദ്രബാബു നായിഡുവിന്റെ തന്ത്രമായാണ് കര്‍ണാടക സര്‍ക്കാര്‍ ഇതിനെ കാണുന്നത്
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ കണ്ണു വെച്ച് നായിഡു, ബംഗളൂരുവിൽ നിന്ന് ആന്ധ്രക്ക് കടത്തുമോ? 
അതൊന്നു കാണട്ടെയെന്ന് ഡി.കെ; രാഷ്ട്രീയ ബലാബലത്തിന് ഇരയായി അഭിമാന സ്ഥാപനം
Published on

രാജ്യത്തിന് വേണ്ടി പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന പ്രധാന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്.എ.എല്‍) ബംഗളൂരിവില്‍ നിന്ന് തട്ടിയെടുക്കാനുള്ള ചന്ദ്രബാബു നായിഡുവിന്റെ നീക്കം പാളുമോ? കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ ശക്തമായി രംഗത്തു വന്നതോടെ വ്യവസായത്തിലും രാഷ്ട്രീയത്തിലും ചര്‍ച്ചകള്‍ക്ക് ചൂടേറുകയാണ്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബുവിന്റെ ആഗ്രഹം നടക്കില്ലെന്ന് വ്യക്തമാക്കിയ ശിവകുമാര്‍, എച്ച്.എ.എല്‍ വിട്ടു കൊടുക്കുന്ന പ്രശ്നമേയില്ലെന്ന് ഉറപ്പിച്ചു പറയുന്നു. എച്ച്.എ.എല്‍ കര്‍ണാടകയുടെ അഭിമാനമാണ്. സ്ഥാപനത്തിന്റെ വിപുലീകരണത്തിന് തുംകൂറിലും ബംഗളുരുവിലും കൂടുതല്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിന്നില്‍ രാഷ്ട്രീയ വടംവലി?

1940 ല്‍ ബംഗളൂരുവില്‍ സ്ഥാപിച്ച എച്ച്.എ.എല്‍ പെട്ടെന്ന് ആന്ധ്രയിലേക്ക് മാറ്റാനുള്ള നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളും ആരോപിക്കപ്പെടുന്നുണ്ട്. ആന്ധ്രയിലെ വ്യവസായ വളര്‍ച്ചക്കും തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും എച്ച്.എ.എല്‍ ആന്ധ്രയിലേക്ക് മാറ്റുന്നതിനെ കുറിച്ച് ചന്ദ്രബാബു നായിഡു കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് അഭിപ്രായമൊന്നും വന്നിട്ടില്ലെങ്കിലും കര്‍ണാടക സര്‍ക്കാരിന് ആശങ്കയുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ തട്ടിയെടുത്തുന്നതിനുള്ള ചന്ദ്രബാബു നായിഡുവിന്റെ തന്ത്രമായാണ് കര്‍ണാടക സര്‍ക്കാര്‍ ഇതിനെ കാണുന്നത്. പ്രതിരോധിക്കാന്‍ ഏതറ്റം വരെയും കര്‍ണാടക നീങ്ങുമെന്നാണ് സൂചന.

നായിഡുവിന്റെ പ്ലാന്‍

ആന്ധ്രയിലെ ലപാക്ഷി-മഡകാസിറ മേഖലയില്‍ 10,000 ഏക്കര്‍ ഭൂമി എച്ച്.എ.എലിന് നല്‍കാന്‍ തയ്യാറാണെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിട്ടുണ്ട്. ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ പ്രദേശം. എച്ച്.എ.എല്ലില്‍ പുതിയ എയര്‍ക്രാഫ്റ്റ് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം സ്ഥലം തേടുന്ന സമയം കൂടിയാണിത്. ഈ അവസരം മുതലെടുത്താണ് ചന്ദ്രബാബു നായിഡു കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ട് പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്.

എച്ച്.എ.എല്‍ വിട്ടു കൊടുക്കില്ലെന്ന് കര്‍ണാടകയിലെ വിവിധ മന്ത്രിമാരും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങളില്‍ 65 ശതമാനം നിര്‍മിക്കുന്നത് കര്‍ണാടകയിലാണെന്നും എച്ച്.എ.എല്‍ പ്ലാന്റ് വിട്ടുകൊടുക്കാനാകില്ലെന്നും കര്‍ണാടക വ്യവസായ മന്ത്രി എം.ബി പാട്ടീലും വ്യക്തമാക്കി. ചന്ദ്രബാബു നായിഡു വേണമെങ്കില്‍ പുതിയൊരു പ്ലാന്റ് നിര്‍മിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com