ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് സൗദിയില്‍ വന്‍ വിപുലീകരണ പദ്ധതി; 2,300 കോടി നിക്ഷേപിക്കും

'മൈആസ്റ്റര്‍' ആപ്പ് സൗദിയില്‍ പുറത്തിറക്കി; പുതിയ പദ്ധതികളിലൂടെ 5,000 പേര്‍ക്ക് തൊഴില്‍ അവസരം
Aster DM health care
Aster DM health careAster GCC
Published on

ഗള്‍ഫ് രാജ്യങ്ങളിലും ആരോഗ്യമേഖലയില്‍ ശക്ത സാന്നിധ്യമായ മലയാളി കമ്പനി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സൗദി അറേബ്യയില്‍ കൂടുതല്‍ നിക്ഷേപത്തിന്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സൗദിയില്‍ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നീ മേഖലകളില്‍ 100 കോടി റിയാല്‍ (2,300 കോടി രൂപ) നിക്ഷേപിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഡോ.ആസാദ് മൂപ്പന്‍ നേതൃത്വം നല്‍കുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി സൗദി അരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാദേശിക പങ്കാളിത്തത്തോടെയാണ് പുതിയ വിപുലീകരണ പദ്ധതികള്‍.

സമഗ്ര ആരോഗ്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം

ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ആസ്റ്ററിന്റെ സമഗ്ര ആരോഗ്യ ഡിജിറ്റല്‍ പ്ലാറ്റ്ഫമായ മൈആസ്റ്റര്‍ ഡിജിറ്റല്‍ ആപ്പിന്റെ ലോഞ്ചിംഗ് റിയാദില്‍ ലീപ്-2025 എന്ന ചടങ്ങില്‍ നടന്നു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സിഇഒ അലീഷ മൂപ്പന്‍, ആസ്റ്റര്‍ ജിസിസി ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ ആന്റ് ഇ-കോമേഴ്‌സ് സിഇഒ നല്ല കരുണാനിധി, സൗദിയിലെ അല്‍ ഹൊഖൈര്‍ ഗ്രൂപ്പ് ഡെപ്യൂട്ടി സിഇഒ മിഷാല്‍ അല്‍ ഹൊഖൈര്‍, സൗദി ഇന്‍വെസ്റ്റ്‌മെന്റ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അലി അല്‍ സാലെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സൗദി അറേബ്യയുടെ വികസന പദ്ധതിയായ വിഷന്‍ 2030യിലേക്ക് ആസ്റ്ററിന്റെ സംഭാവനകള്‍ കൂടിയുണ്ടാകുമെന്ന് കമ്പനി സ്ഥാപകന്‍ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു. സൗദി അറബ്യേയില്‍ മൈആസ്റ്റര്‍ ആപ്പ് ലോഞ്ച് ചെയ്തത് രാജ്യത്ത് ആസ്റ്ററിന്റെ മുന്നോട്ടുള്ള പാതയിലെ നിര്‍ണായക നിമിഷമാണെന്ന് അലിഷ മൂപ്പന്‍ വ്യക്തമാക്കി.

യുഎഇയില്‍ നേരത്തെ വിജയിച്ച മൈആസ്റ്റര്‍ ഡിജിറ്റല്‍ ആപ്പ് 20 ലക്ഷം ഡൗണ്‍ലോഡുകള്‍ ഇതിനകം പിന്നിട്ടു. ഓണ്‍ലൈന്‍ ഫാര്‍മസി, പ്രിസ്‌ക്രിപ്ഷന്‍ ഹോം ഡെലിവെറി, അപ്പോയിന്റ്‌മെന്റ് മാനേജ്‌മെന്റ്, വിഡിയോ കണ്‍സള്‍ട്ടേഷന്‍, ഹോം കെയര്‍ സര്‍വീസ് തുടങ്ങിയ സൗകര്യങ്ങളാണ് ഡിജിറ്റല്‍ ആപ്പിലുള്ളത്. ആപ്പിന്റെ പുതിയ വേര്‍ഷനില്‍ ഗൂഗിള്‍ ക്ലൗഡിന്റെ എഐ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ക്ക് അവരുടെ പ്രാദേശിക ഭാഷയില്‍ രോഗങ്ങളെ കുറിച്ച് സംസാരിക്കാന്‍ കഴിയും. എഐ സഹായത്തോടെ രോഗലക്ഷണങ്ങള്‍ വിശകലനം ചെയ്യുന്നതിനുള്ള കഴിവും പുതിയ സംവിധാനത്തിനുണ്ട്. യുഎഇ യില്‍ പ്രതിദിനം 3,000 ഓര്‍ഡറുകളാണ് ആപ്പിലൂടെ കൈകാര്യം ചെയ്യുന്നത്. ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാകുന്ന ഡെലിവറി സംവിധാനവുമുണ്ട്.

5,000 പേര്‍ക്ക് തൊഴില്‍ അവസരം

പുതിയ വിപുലീകരണ പദ്ധതികളിലൂടെ 5,000 പേര്‍ക്ക് നേരിട്ടുള്ള തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുബന്ധ അവസരങ്ങളും ഏറെയുണ്ടാകും. ആദ്യഘട്ടത്തില്‍ റിയാദ് നഗരത്തില്‍ 15 ഫാര്‍മസികള്‍ക്ക് തുടക്കം കുറിച്ചു. ജിസിസിയിലെ ഏറ്റവും വലിയ ഫാര്‍മസി സ്റ്റോര്‍ റിയാദ് ട്രിയോ പ്ലാസയില്‍ പ്രവര്‍ത്തനം തുടങ്ങി. 711 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള സ്റ്റോറില്‍ 13,000 ഇനം ഫാര്‍മസി ഉല്‍പ്പന്നങ്ങളാണുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com