ഒരാളുടെ മരണശേഷം ആധാര്‍ നമ്പര്‍ ഇല്ലാതാകുമോ? പാന്‍ കാര്‍ഡിന് എന്തു സംഭവിക്കും? അറിയാം, ഈ കാര്യങ്ങള്‍

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും നമ്മുടെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. പ്രധാന തിരിച്ചറിയല്‍ രേഖയായി ആധാറും, സാമ്പത്തിക ഇടപാടുകള്‍ക്കും നികുതി അടക്കുന്നതിനും മറ്റും പാന്‍കാര്‍ഡും അത്യാവശ്യമാണ്. ബാങ്ക് അക്കൗണ്ടുകള്‍ തുറക്കല്‍, ഫോണ്‍ കണക്ഷനുകള്‍ നേടല്‍, സ്റ്റുഡന്റ് ഐഡികള്‍ ലഭ്യമാക്കല്‍, ലോണുകള്‍ക്ക് അപേക്ഷിക്കല്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് കെ.വൈ.സി രേഖയായി ആധാര്‍ ഉപയോഗിക്കുന്നു. നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനും ഒറ്റ ദിവസം 50,000 രൂപയിലധികം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനും ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനും വസ്തു വകകള്‍, വാഹനങ്ങള്‍, വിലയേറിയ ആഭരണങ്ങള്‍ മുതലായവ വാങ്ങുന്നതിനും പാന്‍ നിര്‍ബന്ധമാണ്.

മരണശേഷം സംഭവിക്കുന്നത്

വ്യക്തിഗതവും സാമ്പത്തികവുമായ സുപ്രധാന വിവരങ്ങള്‍ അടങ്ങിയ ഈ രേഖകള്‍ക്ക് ഒരാളുടെ മരണശേഷം എന്ത് സംഭവിക്കുന്നു?

ഒരു വ്യക്തിയുടെ മരണശേഷം ഈ രേഖകള്‍ സ്വയമേവ അസാധുവാകില്ല എന്നത് ശ്രദ്ധേയമാണ്. അതിനാല്‍, മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ അവ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ആധാറും പാനും ഡീആക്ടിവേറ്റ് ചെയ്യുകയോ തിരിച്ചേല്‍പ്പിക്കുകയോ ചെയ്യുന്നത് വരെ അവ തുടരും. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ചട്ടമനുസരിച്ച് ജീവിച്ചിരിക്കുന്ന വ്യക്തികളെ തിരിച്ചറിയാന്‍ മാത്രമാണ് ആധാര്‍ നല്‍കുന്നത്. ഒരു വ്യക്തിയുടെ മരണം രേഖപ്പെടുത്താന്‍ വ്യവസ്ഥയില്ല. പാന്‍ കാര്‍ഡുകള്‍ കാലപരിധിയി്ല്ലാതെ നല്‍കുന്ന രേഖയാണ്. കാര്‍ഡ് ഉടമയുടെ മരണത്തിനു ശേഷവും സാധുതയുള്ളതായി തുടരും.

കുടുംബാംഗങ്ങള്‍ ചെയ്യേണ്ടത്

ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനും വിവിധ സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിനും പാന്‍ അത്യന്താപേക്ഷിതമായതിനാല്‍, ഒരാളുടെ മരണശേഷം അയാളുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക കാര്യങ്ങളും പരിഹരിക്കപ്പെടുന്നതുവരെ അത് നിലനിര്‍ത്തുന്നതാണ് ഉചിതം. മരിച്ചയാളുടെ അവസാന ഐ.ടി.ആര്‍ ഫയല്‍ ചെയ്യുന്നതിനും റീഫണ്ടുകള്‍ ഉണ്ടെങ്കില്‍ സ്വീകരിക്കുന്നതിനും ഈ രേഖ ആവശ്യമായി വരും. റിട്ടേണ്‍ ഫയല്‍ ചെയ്ത വര്‍ഷാവസാനം മുതല്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ വരെ ആദായനികുതി വകുപ്പിന് മൂല്യനിര്‍ണ്ണയം വീണ്ടും നടത്താന്‍ കഴിയും. അതിനാല്‍, എല്ലാ ഇടപാടുകളും പൂര്‍ത്തിയായ ശേഷം പാന്‍ കാര്‍ഡ് ആദായ നികുതി വകുപ്പിന് സമര്‍പ്പിക്കുന്നതാണ് ഉചിതം. ഒരു വ്യക്തിയുടെ മരണശേഷം ഈ രേഖകള്‍ സമര്‍പ്പിക്കാത്തതിന് പിഴ നല്‍കേണ്ടി വരില്ല.

ആധാര്‍ നമ്പര്‍ ലോക്ക് ചെയ്യാം

ദുരുപയോഗം തടയാന്‍ കുടുംബാംഗങ്ങള്‍ക്ക് മരിച്ചയാളുടെ ആധാര്‍ നമ്പര്‍ ലോക്ക് ചെയ്യാം. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകളിലേക്ക് അയക്കുന്ന പാസ്‌വേഡുകളോ ഒ.ടി.പികളോ ഉണ്ടാകാം. അതിനാല്‍ എത്രയും വേഗം ആധാര്‍ നമ്പര്‍ ലോക്ക് ചെയുന്നതാണ് ഉചിതം. ആധാര്‍ നിര്‍ജ്ജീവമാക്കുന്നതിന് നിലവില്‍ ഒരു സംവിധാനവുമില്ലെന്ന് നിയമ സ്ഥാപനമായ വെരിറ്റാസ് ലീഗലിന്റെ പങ്കാളിയായ അരീസ് ഗസ്ദാര്‍ പറയുന്നു. മരിച്ചയാളുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബയോമെട്രിക്‌സ് നിയമപരമായ അവകാശികള്‍ എത്രയും വേഗം ലോക്ക് ചെയ്യണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു, മരണ സര്‍ട്ടിഫിക്കറ്റ്, അനുബന്ധ രേഖകള്‍ എന്നിവ നല്‍കി യു.ഐ.ഡി.എ.ഐ യുടെ വെബ്‌സൈറ്റ് വഴി ഇത് ചെയ്യാനാകും. പാന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യുന്നത് നിര്‍ബന്ധമല്ലെങ്കിലും, പാന്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അധികാരപരിധിയിലുള്ള അസെസിംഗ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കി അത് സറണ്ടര്‍ ചെയ്യാനാവുമെന്നും അരീസ് ഗസ്ദാര്‍ വ്യക്തമാക്കുന്നു. ഈ രേഖകളുടെ യഥാര്‍ത്ഥ പകര്‍പ്പുകള്‍ നിയമപരമായ അവകാശികള്‍ കൈവശം വെക്കുന്നത് പിന്നീടുള്ള കാര്യങ്ങള്‍ക്ക് ഗുണകരമാകും. മരണപ്പെട്ടയാളുടെ ബാങ്ക് അക്കൗണ്ടിലെ വിലാസം മാറ്റുക, സ്വത്തിന്റെ ഉടമസ്ഥാവകാശം കൈമാറുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ അവ ആവശ്യമായി വന്നേക്കാം.

Related Articles
Next Story
Videos
Share it