

ചൈനയില്‍ നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വന്‍തോതിലുള്ള ഇറക്കുമതിയില്‍ ആശങ്കയറിയിച്ച് ഇന്ത്യന്‍ മെഡിക്കല്‍ ടെക് കമ്പനികള്‍. ചൈനീസ് ഉത്പന്നങ്ങളുടെ വരവില്‍ കര്‍ശനമായ പരിശോധന നടത്തിയില്ലെങ്കില്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്ന് കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്കി.
ഇത്തരം ഉപകരണങ്ങള്‍ വഴി സുരക്ഷ പ്രശ്‌നങ്ങള്‍, സൈബര്‍ ആക്രമണം, ഡേറ്റ കള്ളക്കടത്ത് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അടുത്തിടെ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി മെഡിക്കല്‍ ഉപകരണ നിര്‍മാണ കമ്പനി പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് തങ്ങളുടെ ആശങ്കകള്‍ മന്ത്രിയെ ധരിപ്പിച്ചത്.
രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ചൈനീസ് നിരീക്ഷണ ഉപകരണങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നു. ഇത് ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്നും അവര്‍ മുന്നറിയിപ്പ് നല്കി.
കുറഞ്ഞ വിലയില്‍ ലഭിക്കുന്നതിനാല്‍ ചൈനീസ് മെഡിക്കല്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നു. ചൈനീസ് കമ്പനികളിലേക്ക് വിലപ്പെട്ട ഡേറ്റ പോകുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍ വെറുമൊരു ഉപകരണം മാത്രമല്ല, സൈനിക പ്രതിരോധ ഉപകരണം കൂടിയായി മാറാമെന്ന് പ്രതിനിധികള്‍ മന്ത്രിയെ ഓര്‍മിപ്പിച്ചു.
ചൈനീസ് ഉപകരണങ്ങളുടെ മലവെള്ളപ്പാച്ചില്‍ തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും ഇക്കാര്യങ്ങള്‍ക്കായി ഉന്നതതല സംഘത്തെ ചുമതലപ്പെടുത്താമെന്നും മന്ത്രി ഉറപ്പു നല്‍കിയെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളിലൊരാള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
എംആര്‍ഐ മെഷീന്‍, പേസ്‌മേക്കേഴ്‌സ്, ഡൈഗ്നോസ്റ്റിക് ഉപകരണങ്ങള്‍ എന്നിവ പലപ്പോഴും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ക്ലൗഡ് അധിഷ്ഠിത ഡേറ്റയും ഉപയോഗിക്കുന്നുണ്ട്. ചിലപ്പോള്‍ ഇവ ആയുധങ്ങളായി ഉപയോഗപ്പെടുത്തിയേക്കാം. ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് എതിര്‍പക്ഷത്തു നില്‍ക്കുന്ന ചൈനയില്‍ നിന്നാണ് എന്നോര്‍ക്കണം.
ചില രാജ്യങ്ങള്‍ ഇത്തരം മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ചൈനീസ് ഉപകരണങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുമ്പോള്‍ ഹോങ്കോംഗ്, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ വഴി ഇത്തരം ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് വരുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11,506 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. യു.എസ് ആണ് ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനത്ത്. മൊത്തം ഇറക്കുമതിയുടെ 18 ശതമാനം യു.എസില്‍ നിന്നാണ്. ഏകദേശം 12,552 കോടി രൂപയുടെ ഇറക്കുമതി.
Read DhanamOnline in English
Subscribe to Dhanam Magazine