

യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്റ്റീൽ, അലുമിനിയം ഇറക്കുമതികള്‍ക്ക് മാർച്ച് 12 മുതൽ 25 ശതമാനം തീരുവ ചുമത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേയാണ് ട്രംപ് താരിഫ് ചുമത്താന്‍ ഉദ്ദേശിക്കുന്ന പുതിയ മേഖലകള്‍ പ്രഖ്യാപിച്ചത്.
ഓട്ടോ മേഖല കൂടാതെ സെമികണ്ടക്ടറുകൾ, ഫാർമസ്യൂട്ടിക്കൽ ഇറക്കുമതികള്‍ തുടങ്ങിയവയ്ക്കും 25 ശതമാനത്തിനടുത്ത് തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. രാജ്യങ്ങള്‍ക്ക് മേല്‍ തത്തുല്യ താരിഫ് ഇറക്കുമതി ചുങ്കം ചുമത്താന്‍ ഉദ്ദേശിക്കുന്ന ഏപ്രില്‍ രണ്ടിന് തന്നെ കാറുകളുടെ മേല്‍ ചുമത്തുന്ന താരിഫുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പ്രഖ്യാപിക്കും.
യൂറോപ്യൻ യൂണിയൻ വാഹന ഇറക്കുമതിക്ക് 10 ശതമാനമാണ് തീരുവ ഈടാക്കുന്നത്. എന്നാല്‍ പാസഞ്ചർ കാറുകള്‍ക്ക് യുഎസ് ഈടാക്കുന്ന താരിഫ് 2.5 ശതമാനം മാത്രമാണെന്നും ഇത് അന്യായമാണെന്നുമാണ് ട്രംപിന്റെ പക്ഷം. ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിൽ ചിലത് രണ്ടാഴ്ചയ്ക്കുള്ളിൽ അമേരിക്കയിൽ പുതിയ നിക്ഷേപങ്ങൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.
നിലവില്‍ അനിശ്ചിതത്വത്തിലുളള ആഗോള ഓട്ടോമൊബൈൽ വ്യവസായത്തിന് ട്രംപിന്റെ 25 ശതമാനം ഓട്ടോ ഇറക്കുമതി താരിഫ് ഭീഷണി വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഇന്ത്യയടക്കമുളള രാജ്യങ്ങള്‍ക്കും ഓട്ടോ താരിഫ് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
നടപടിയില്‍ ജപ്പാന്‍ ഇതിനോടകം ആശങ്ക അറിയിച്ചിട്ടുണ്ട്. ജപ്പാന്റെ കയറ്റുമതിയുടെ ഏറ്റവും വലിയ ഘടകം കാറുകളാണ്. കൂടാതെ ജപ്പാന്‍ കാറുകളുടെ ഏറ്റവും വലിയ വിപണിയും യുഎസ് ആണ്. വിഷയം യുഎസ് സർക്കാരിന്റ ശ്രദ്ധയില്‍പ്പെടുത്താനുളള ശ്രമങ്ങളിലാണെന്ന് ജപ്പാന്‍ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine