

പ്രശസ്ത ശീതള പാനീയ കമ്പനിയായ കൊക്കകോളയ്‌ക്കെതിരേ വടിയെടുത്ത് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കൊക്കകോളയില്‍ നിലവില്‍ ഉപയോഗിക്കുന്ന കൃത്രിമ മധുരത്തിന് പകരം കരിമ്പില്‍ നിന്നുള്ള പഞ്ചസാര ഉപയോഗിക്കണമെന്നാണ് ട്രംപ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.
അടുത്ത വര്‍ഷം മുതല്‍ തന്റെ ഉപദേശപ്രകാരം ഈ രീതിയില്‍ ഉത്പാദനം നടത്താന്‍ കൊക്കകോള സമ്മതിച്ചതായും പ്രസിഡന്റ് അവകാശപ്പെട്ടു. എന്നാല്‍ കമ്പനി ഈ അവകാശവാദങ്ങളോട് പ്രതികരിച്ചിട്ടില്ല. യു.എസില്‍ ഏറ്റവും കൂടുതല്‍ വില്ക്കുന്ന ശീതളപാനീയമാണ് കൊക്കകോള.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്ന ഫ്രക്‌ടോസ് കോണ്‍ സിറപ്പ് ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ട്രംപിന്റെ ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി അടുത്തിടെ സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ ട്രംപ് ഇടപെടല്‍ നടത്തിയത്.
താന്‍ കൊക്കകോള കമ്പനി അധികൃതരുമായി സംസാരിച്ചെന്നും അവര്‍ മാറ്റത്തിന് സമ്മതിച്ചുവെന്നും അധികം വൈകാതെ കൂടുതല്‍ മികച്ചത് നിങ്ങള്‍ക്ക് കാണാമെന്നും ട്രംപ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. എന്നാല്‍ പ്രസിഡന്റിന്റെ ഈ അവകാശവാദത്തോട് കമ്പനി അനുകൂലമായി പ്രതികരിച്ചിട്ടില്ല. കൊക്കകോള ബ്രാന്‍ഡിനോട് ട്രംപിനുള്ള താല്പര്യത്തിന് നന്ദിയെന്നു മാത്രമായിരുന്നു അവരുടെ ഇതുവരെയുള്ള പ്രതികരണം.
കരിമ്പ് പഞ്ചസാരയെ അപേക്ഷിച്ച് തീരെ ചെലവു കുറഞ്ഞതാണ് ഫ്രക്‌ടോസ് കോണ്‍ സിറപ്പ്. കരിമ്പ് പഞ്ചസാരയിലേക്ക് മാറിയാല്‍ കമ്പനിക്ക് പ്രതിവര്‍ഷം 800 മുതല്‍ 900 മില്യണ്‍ ഡോളര്‍ വരെ അധികചെലവ് വരും. യു.കെ, മെക്‌സിക്കോ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം കൊക്കകോളയില്‍ കരിമ്പിന്‍ പഞ്ചസാരയാണ് ഉപയോഗിക്കുന്നത്. യു.എസില്‍ 1985 മുതല്‍ കോണ്‍ സിറപ്പാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരിമ്പിന്‍ പഞ്ചസാരയുടെ ഉയര്‍ന്ന വില തന്നെയാണ് ഇതിന് കാരണം.
കൊക്കകോള കരിമ്പ് പഞ്ചസാരയിലേക്ക് മാറിയാല്‍ അത് അമേരിക്കയിലെ കര്‍ഷകര്‍ക്കും തിരിച്ചടിയാകും. ആയിരക്കണക്കിന് ചോള കര്‍ഷകരെയും നിര്‍മാതാക്കളെയും ബാധിക്കുമെന്നാണ് ആശങ്ക. തൊഴില്‍ രംഗത്ത് വലിയ നഷ്ടത്തിന് ഇടയാക്കും. മാത്രമല്ല പഞ്ചസാരയുടെ വ്യാപകമായ ഇറക്കുമതിക്കും കാരണമാകും. ട്രംപിന്റെ ഭ്രാന്തന്‍ ആശയത്തെ പിന്തുണയ്ക്കാനാകില്ലെന്നാണ് കോണ്‍ റിഫൈനേഴ്‌സ് അസോസിയേഷന്‍ പറയുന്നത്.
ട്രംപ് കൊക്കകോള സ്ഥിരമായി ഉപയോഗിക്കുന്ന വ്യക്തിയാണ്. പ്രസിഡന്റായുള്ള ആദ്യ ടേമില്‍ ദിവസവും 12 ക്യാന്‍ കൊക്കകോള കുടിച്ചിരുന്നതായി ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡയറ്റ് കോക്ക് കുടിക്കാനായി ഓവല്‍ ഓഫീസിലെ മേശയില്‍ ഒരു ചുവന്ന ബട്ടണ്‍ പോലും സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ കരിമ്പ് പഞ്ചസാരയ്ക്കായി ട്രംപ് നിര്‍ദ്ദേശം മുന്നോട്ടു വച്ചതിന് പിന്നില്‍ ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് കെന്നഡിയുടെ സ്വാധീനമാണെന്ന് കരുതുന്നു.
അമേരിക്കന്‍ ഭക്ഷണത്തില്‍ നിന്ന് കോണ്‍ സിറപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന 'മേക്ക് അമേരിക്ക ഹെല്‍ത്തി എഗെയ്ന്‍' എന്ന കാമ്പെയ്നിനു പിന്നില്‍ റോബര്‍ട്ട് കെന്നഡിയാണ്. കരിമ്പ് പഞ്ചസാരയും കോണ്‍ സിറപ്പും സമാനമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഇത് അമിതവണ്ണത്തിനും വിട്ടുമാറാത്ത രോഗങ്ങള്‍ക്കും കാരണമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു ക്യാന്‍ കോക്കില്‍ ഏകദേശം 39 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന 50 ഗ്രാം ദൈനംദിന പരിധിക്ക് അടുത്താണ് ഇത്.
Read DhanamOnline in English
Subscribe to Dhanam Magazine