ട്രംപിന്റെ സ്ഥാനാരോഹണത്തിന് സംഭാവന കൂമ്പാരമായി! 10 ലക്ഷം ഡോളര്‍ സംഭാവന ചെയ്തവരില്‍ ഗൂഗ്ള്‍, മെറ്റ, ബോയിംഗ്...

ട്രംപ് അടുത്തയാഴ്ച വൈറ്റ് ഹൗസില്‍; ഇതിനകം സമാഹരിച്ച സംഭാവന 20 കോടി ഡോളര്‍

അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അടുത്തയാഴ്ച (ജനുവരി 20) വൈറ്റ് ഹൗസില്‍ എത്തുകയാണ്. മേക്ക് അമേരിക്ക ഗ്രേറ്റ് എഗയിന്‍ (അമേരിക്കയെ വീണ്ടും മഹത്തരമാക്കുക) എന്ന മുദ്രാവാക്യവുമായി നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വന്‍കിട കമ്പനികളില്‍ നിന്ന് ഒഴുകിയെത്തുന്നത് കോടികളുടെ സംഭാവനയാണ്. ടെക്‌നോളജി, സോഫ്ട്‌വെയര്‍, ഓട്ടോമൊബൈല്‍ തുടങ്ങി വിവിധ രംഗങ്ങളിലെ അതികായര്‍ ഇക്കൂട്ടത്തില്‍ പെടും.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ് എന്നിവയെ നിയന്ത്രിക്കുന്ന മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ നല്‍കുന്ന സംഭാവന 10 ലക്ഷം ഡോളര്‍ (8.60 കോടി രൂപ). യു.എസില്‍ വിശ്വാസലംഘന കേസ് നേരിടുന്ന ഗൂഗ്ള്‍ കമ്പനിയും 10 ലക്ഷം ഡോളര്‍ സംഭാവന നല്‍കുന്നുണ്ട്. 10 ലക്ഷം ഡോളര്‍ നല്‍കുന്ന മറ്റൊരു കമ്പനിയാണ് വിമാന നിര്‍മാണ മേഖലയിലെ അതികായരായ ബോയിംഗ്. ഇ-കൊമേഴ്‌സ് രംഗത്തെ പ്രമുഖരായ ആമസോണും 10 ലക്ഷം ഡോളറാണ് സംഭാവന നല്‍കുന്നത്.

സംഭാവന നല്‍കാന്‍ ക്യൂ

മൈക്രോസോഫ്റ്റ്, യൂബര്‍, ഫോര്‍ഡ്, ടയോട്ട, അഡോബ്, ഓപ്പണ്‍ എ.ഐ, ആപ്പിള്‍ തുടങ്ങിയ കമ്പനികളും ഭാരിച്ച തുകയുടെ സംഭാവനയുമായി വരി നില്‍ക്കുന്നു. ഉദ്ഘാടന നിധിയിലേക്ക് ഇതിനകം 20 കോടി ഡോളര്‍ ഇതിനകം സമാഹരിച്ചുവെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട്. 2021ല്‍ ജോ ബിഡന്റെ സ്ഥാനാരോഹണത്തിന് സമാഹരിച്ച 6.2 കോടി ഡോളറുമായി തട്ടിച്ചു നോക്കിയാല്‍ ഇത് മൂന്നിരട്ടിയില്‍ കൂടുതലാണ്.
ട്രംപിനെ വൈറ്റ് ഹൗസില്‍ എത്തിക്കാന്‍ ലോകത്തെ അതിസമ്പന്നരില്‍ മുമ്പനായ ഇലോണ്‍ മസ്‌ക് 27 കോടി ഡോളറാണ് സംഭാവനയായി ചെലവിട്ടത്. മസ്‌കിന് ട്രംപിന്റെ പുതിയ കാബിനറ്റില്‍ പ്രമുഖ സ്ഥാനവും ലഭിച്ചു.

20ന് ഉച്ചക്ക് 12നാണ് ട്രംപിന്റെ സത്യപ്രതിജ്ഞ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുക്കും. ലോക നേതാക്കളെ ട്രംപ് ക്ഷണിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.

Related Articles
Next Story
Videos
Share it