ട്രംപ് ആരാ മോന്‍! സ്വത്ത് എത്രയാണെന്ന് അറിയാമോ? ഇന്ത്യയിലുമുണ്ട് ട്രംപ് ടവര്‍, പേര് സഹസ്ര കോടീശ്വര പട്ടികയില്‍; തീര്‍ന്നില്ല...

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ കൂടി യു.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് അമേരിക്കന്‍ ഐക്യനാടുകള്‍ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചു വരവ്. തുടര്‍ച്ചയായ രണ്ടാമൂഴം കിട്ടാതെ വീണ്ടും പ്രസിഡന്റാകുന്ന രണ്ടാമത്തെ ഭീമന്‍ കൂടിയാണ് ട്രംപ്. ക്രിമിനല്‍ കുറ്റത്തിന് വിചാരണ നേരിടേണ്ടി വന്ന ആദ്യ മുന്‍ യു.എസ് പ്രസിഡന്റെന്ന കുപ്രസിദ്ധിയും ട്രംപിന് സ്വന്തം. എന്നാല്‍ സ്വന്തം പേരില്‍ ഹോട്ടലുകളും ചൂതാട്ട കേന്ദ്രങ്ങളും റിസോര്‍ട്ടുകളും റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുമുള്ള വലിയൊരു ബിസിനസുകാരന്‍ കൂടിയാണ് ഡൊണാള്‍ഡ് ട്രംപ്. 1980 മുതല്‍ ട്രംപ് എന്ന ബ്രാന്‍ഡ് ഉപയോഗിച്ച് തുണിത്തരങ്ങള്‍, ഫര്‍ണിച്ചര്‍, പെര്‍ഫ്യൂം തുടങ്ങിയവ പുറത്തിറങ്ങുന്നുണ്ട്. നിലവില്‍
അഞ്ഞൂറോളം കമ്പനികളാണ്
ട്രംപ് ഓര്‍ഗനൈസേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

ബിസിനസിലേക്ക്

റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഫ്രെഡറിക്ക് ക്രിസ്റ്റ് ട്രംപിന്റെയും മേരി മക് ലിയോഡിന്റെയും അഞ്ച് മക്കളില്‍ നാലാമനായാണ് ഡൊണാള്‍ഡ് ട്രംപിന്റെ ജനനം. ഇക്കണോമിക്‌സില്‍ ബിരുദമെടുത്ത ശേഷമാണ് ട്രംപ് പിതാവിന്റെ ബിസിനസുകളില്‍ സജീവമാകുന്നത്. 1974ല്‍ കുടുംബ ബിസിനസുകളുടെ പ്രസിഡന്റായി ചുമതലയേറ്റു. ആദ്യകാലത്ത് അമേരിക്കയിലെ ചില സ്റ്റേറ്റുകളില്‍ മാത്രം ഒതുങ്ങിയിരുന്ന കുടുംബ ബിസിനസ് ആഡംബര ഹോട്ടലുകള്‍ സ്ഥാപിച്ച് ഡൊണാള്‍ഡ് ട്രംപ് രാജ്യമാകെ വളര്‍ത്തി. ചൂതാട്ടകേന്ദ്രങ്ങള്‍ സ്ഥാപിച്ച് മുന്നോട്ട് പോയ ട്രംപ് ഇടയില്‍ യു.എസ് ഫുട്‌ബോള്‍ ലീഗിലെ ഒരു ടീമിനെയും സ്വന്തമാക്കിയിരുന്നു. 1990കളിലെ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് ബിസിനസ് രംഗം വഷളായതിനെ തുടര്‍ന്ന് സ്വന്തം വിമാനം വരെ കടക്കാര്‍ കൊണ്ടുപോയി. ട്രംപുമായി യാതൊരു തരത്തിലുള്ള ഇടപാടുകളും നടത്തില്ലെന്ന് വരെ ഒരുഘട്ടത്തില്‍ ബാങ്കുകള്‍ നിലപാടെടുത്തു.
എന്നാല്‍ പിന്നീട് പല വിധ ബിസിനസുകളിലൂടെയും ടി.വി ഷോകളിലൂടെയും വളര്‍ന്ന ട്രംപ് അമേരിക്കയിലെ പ്രമുഖ ബിസിനസുകാരുടെ പട്ടികയില്‍ ഇടം പിടിച്ചു. ഇതിനിടയില്‍ പല വിധ ക്രമക്കേടുകളും ട്രംപിന്റെ പേരില്‍ ആരോപിക്കപ്പെട്ടെങ്കിലും അവയെല്ലാം കോടതിക്ക് പുറത്ത് തീര്‍പ്പാക്കി. ട്രംപ് ഫൗണ്ടേഷന്‍ എന്ന പേരിലുള്ള ചാരിറ്റി സംഘടന വഴി 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പണം ദുരുപയോഗം ചെയ്‌തെന്നും പരാതി ഉയര്‍ന്നു. ട്രംപ് ഫൗണ്ടേഷന്‍ പിരിച്ചുവിട്ടാണ് ഇത് പരിഹരിച്ചത്.

ആസ്തിയെത്ര?

78കാരനായ ട്രംപിന്റെ ആസ്തികള്‍ റിയല്‍ എസ്റ്റേറ്റ്, മീഡിയ തുടങ്ങിയ മേഖലകളില്‍ നിന്നാണ്. അദ്ദേഹത്തിന്റെ ആസ്തി സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഫോബ്‌സ് പോലുള്ള സ്ഥാപനങ്ങളുടെ ഇത് സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കാം. 2015ല്‍ ട്രംപിന്റെ ആസ്തി 10 ബില്യന്‍ ഡോളര്‍ (ഏകദേശം 84,361 കോടി രൂപ) ആണെന്ന് ചില കണക്കുകള്‍ പുറത്തുവന്നിരുന്നു. നവംബറിലെ ഫോബ്‌സ് മാഗസിന്റെ കണക്ക് പ്രകാരം ട്രംപിന്റെ ആസ്തി 6.6 ബില്യന്‍ ഡോളറാണ് (ഏകദേശം 55,678 കോടി രൂപ). എന്നാല്‍ ജൂണ്‍ 2024ലെ ബ്ലൂം ബെര്‍ഗ് ബില്യനേഴ്‌സ് ഇന്‍ഡെക്‌സ് പ്രകാരം 7.7 ബില്യന്‍ ഡോളറാണ് ആസ്തി. എന്തൊക്കെയായാലും അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ പ്രസിഡന്റെന്ന പദവി ട്രംപിന് മാത്രം അവകാശപ്പെടാവുന്നതാണ്.

യു.എസ് പ്രസിഡന്റിന് എത്ര ശമ്പളം ലഭിക്കും

അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് വാര്‍ഷിക ശമ്പളമായി ലഭിക്കുന്നത് 4 ലക്ഷം അമേരിക്കന്‍ ഡോളറാണ്, അതായത് ഏകദേശം 3.37 കോടി രൂപ. ഇതിന് പുറമെ വൈറ്റ് ഹൗസിലെ താമസം, പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണിലെയും മറൈന്‍ വണ്ണിലെയും യാത്ര, ആഡംബര ബുള്ളറ്റ് പ്രൂഫ് ലിമോസിന്‍ കാറിലെ യാത്ര, 24 മണിക്കൂറും സീക്രട്ട് സര്‍വീസിന്റെ സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്കായി ഏതാണ്ട് 5,69,000 ഡോളറും ചെലവാക്കുന്നുണ്ട് (ഏകദേശം 4.8 കോടി രൂപ). ഇതിന് പുറമെ 50,000 ഡോളര്‍ പേഴ്‌സണല്‍ ഓഫീസ് ചെലവുകള്‍ക്കായി ലഭിക്കും. യാത്ര ആവശ്യങ്ങള്‍ക്കായി ഒരു ലക്ഷം ഡോളര്‍, വിനോദത്തിനായി 19,000 ഡോളര്‍, വൈറ്റ് ഹൗസ് പുതുക്കി പണിയാന്‍ ഒരുലക്ഷം ഡോളര്‍ എന്നിവയും ലഭിക്കും. പ്രസിഡന്റ് പദവിയില്‍ നിന്നൊഴിഞ്ഞാലും പെന്‍ഷന്‍ അടക്കമുള്ള പല വിധ ആനുകൂല്യങ്ങള്‍ക്കും അര്‍ഹനാണ്.

ഇന്ത്യയിലും ട്രംപ് ടവറുകള്‍

നിലവില്‍ രണ്ട് ട്രംപ് ടവറുകളാണ് ഇന്ത്യയിലുള്ളത്, പൂനെയിലും മുംബൈയിലും. ഗുരുഗ്രാമിലും കൊല്‍ക്കത്തയിലും ട്രംപ് ടവറുകള്‍ ഉടന്‍ തുറക്കും. ഇന്ത്യയിലെ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് മേഖല പ്രയോജനപ്പെടുത്താന്‍ നാല് പ്രോജക്ടുകള്‍ കൂടി പദ്ധതിയിലുണ്ട്. ട്രിബേക്ക ഡെവലപ്പേഴ്‌സ് (Tribeca Developers) ആണ് ഇന്ത്യയിലെ ട്രംപ് ബ്രാന്‍ഡിന്റെ ഉടമസ്ഥര്‍. 10 മുതല്‍ 19 കോടി രൂപ വരെയാണ് ട്രംപ് ടവറിലെ അപ്പാര്‍ട്‌മെന്റുകളുടെ വില.

Related Articles
Next Story
Videos
Share it