ട്രംപ് ഫാമിലിയുടെ ക്രിപ്റ്റോ ബിസിനസില്‍ പങ്കാളിയായി പാക്കിസ്ഥാന്‍, സംശയങ്ങള്‍ ബാക്കിയാക്കുന്ന കരാറെന്ന് മാധ്യമങ്ങള്‍, കരാര്‍ പഹല്‍ഗാമിന് തൊട്ടുപിന്നാലെ

പാക്കിസ്ഥാനിലെത്തിയ യു.എസ് സംഘവുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസീം മുനീര്‍ അടക്കമുള്ള ഉന്നതര്‍ കൂടിക്കാഴ്ച നടത്തി
Us president Donald Trump And Crypto Currency background
Crypto reservecanva
Published on

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള ക്രിപ്‌റ്റോ കറന്‍സി കമ്പനിയുമായി പാകിസ്ഥാന്‍ സുപ്രധാന കരാറിലെത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ-പാക് പ്രശ്‌ന പരിഹാരത്തിന് ട്രംപ് ഇടപെട്ടുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇക്കാര്യം പുറത്തുവന്നത്. ട്രംപ് കുടുംബത്തിന് 60 ശതമാനം ഓഹരി പങ്കാളിത്തമുള്ള വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലും (WLF) പുതുതായി രൂപീകരിച്ച പാകിസ്ഥാന്‍ ക്രിപ്‌റ്റോ കൗണ്‍സിലും തമ്മിലാണ് ഏപ്രില്‍ അവസാനം കരാറിലെത്തിയത്. 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയാണ് കരാറൊപ്പിട്ടതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

'ക്രിപ്‌റ്റോ തലസ്ഥാനം'

സൗത്ത് ഏഷ്യയിലെ 'ക്രിപ്‌റ്റോകറന്‍സി തലസ്ഥാനമാക്കി' പാകിസ്ഥാനെ മാറ്റുന്നതിന് വേണ്ടി ഇക്കൊല്ലം മാര്‍ച്ചിലാണ് ക്രിപ്‌റ്റോ കറന്‍സി കൗണ്‍സില്‍ രൂപീകരിക്കുന്നത്. പിന്നാലെ ഉദ്യമത്തിന് വിശ്വാസ്യത നല്‍കാന്‍ പ്രമുഖ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ ബിനാന്‍സിന്റെ (Binance) സ്ഥാപകന്‍ ചാംഗ്‌പെംഗ് ചാവോ (Changpeng Zhao)യെ മുഖ്യ ഉപദേശകനായും നിയമിച്ചു. ക്രിപ്‌റ്റോ തട്ടിപ്പ് കേസില്‍ നാല് മാസത്തെ തടവ് ശിക്ഷ അനുഭവിച്ചയാളാണ് ചാവോ.

ദുരൂഹമായ ഡബ്ല്യൂ.എല്‍.എഫ്

ഡൊണള്‍ഡ് ട്രംപിന്റെ മക്കളായ എറിക് ട്രംപ്, ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, മരുമകന്‍ ജെറാദ് കുഷ്‌നര്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഡബ്ല്യൂ.എല്‍.എഫ്. ബ്ലോക്ക്‌ചെയിന്‍, ക്രിപ്‌റ്റോകറന്‍സി രംഗത്താണ് പ്രവര്‍ത്തനം. വൈറ്റ് ഹൗസിലെ ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ വ്യാപാര കരാറില്‍ ഏര്‍പ്പെടുകയാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. കമ്പനിയുടെ പല ഇടപാടുകളും ദുരൂഹമാണെന്ന് അടുത്തിടെ ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വമ്പന്‍ സ്രാവുകള്‍ പാക്കിസ്ഥാനില്‍

കൗണ്‍സിലിന്റെ രൂപീകരണത്തിന് പിന്നാലെ ട്രംപിന്റെ വിശ്വസ്തനായ സ്റ്റീവ് വിറ്റ്‌കോഫിന്റെ മകന്‍ സാക്കറി വിറ്റ്‌കോഫ് ഡബ്ല്യൂ.എല്‍.എഫിനെ പ്രതിനിധീകരിച്ച് പാക്കിസ്ഥാനിലെത്തിയതായും റിപ്പോര്‍ട്ട് തുടരുന്നു. 2020ല്‍ ഇസ്രയേല്‍, യു.എ.ഇ, ബഹ്‌റിന്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തയാളാണ് വിറ്റ്‌കോഫ്. ഇപ്പോള്‍ റഷ്യ-യുക്രെയിന്‍ സമാധാന കരാര്‍ സാധ്യമാക്കാന്‍ ട്രംപ് ചുമതപ്പെടുത്തിയിരിക്കുന്നതും മിഡില്‍ ഈസ്റ്റിലെ വൈറ്റ് ഹൗസ് പ്രതിനിധിയായ വിറ്റ്‌കോഫിനെയാണ്. പാകിസ്ഥാനിലെത്തിയ യു.എസ് സംഘവുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസീം മുനീര്‍ അടക്കമുള്ള ഉന്നതര്‍ കൂടിക്കാഴ്ച നടത്തിയെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കരാറൊപ്പിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു.

പാക് താത്പര്യങ്ങള്‍ക്കൊപ്പം നിന്നോ?

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തിയപ്പോള്‍ വിഷയത്തില്‍ ഇടപെടാനില്ലെന്നായിരുന്നു ട്രംപിന്റെ ആദ്യ നിലപാട്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ആഭ്യന്തര പ്രശ്‌നം അവര്‍ തന്നെ പരിഹരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ കാര്യങ്ങള്‍ പെട്ടെന്ന് മാറിമറിഞ്ഞു. ഇന്ത്യയും പാകിസ്ഥാനും വെടിനിറുത്തല്‍ കരാറിലെത്തിയെന്ന് സോഷ്യല്‍ മീഡിയയിലൂടെ ട്രംപാണ് ലോകത്തെ ആദ്യം അറിയിച്ചത്. ഇതിലേക്ക് യു.എസിനെ നയിച്ചത് എന്താണെന്ന ചോദ്യമാണ് പല ദേശീയ മാധ്യമങ്ങളും ഉയര്‍ത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com