
അമേരിക്കന്‍ ഉല്‍പ്പാദന മേഖലയെ വളര്‍ത്താന്‍ വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കൂട്ടിയതിന് പിന്നാലെ, നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയില്‍ എത്തും. അടുത്തയാഴ്ച റിയാദില്‍ നടക്കുന്ന യു.എസ്-സൗദി നിക്ഷേപ ഫോറത്തില്‍ അമേരിക്കയില്‍ നിന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരും കോര്‍പ്പറേറ്റുകളും ഉള്‍പ്പടെയുള്ള വന്‍ സംഘമാണ് എത്തുന്നത്. മെയ് 13 ന് നടക്കുന്ന പ്രധാന സെഷനിലാണ് ട്രംപ് പങ്കെടുക്കുന്നത്. സൗദി അറേബ്യയും അമേരിക്കയും 60,000 കോടി ഡോളറിന്റെ കരാറുകളില്‍ ഒപ്പിടുമെന്നാണ് സൂചനകള്‍.
ആഗോള വിപണിയെ നയിക്കുന്ന അമേരിക്കയിലെ കോര്‍പ്പറേറ്റ് വമ്പന്‍മാര്‍ ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്. ടെസ്ല മേധാവിയും ട്രംപിന്റെ പ്രധാന ഉപദേഷ്ടാവുമായ ഇലോണ്‍ മസ്‌ക്, മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്, ഓപ്പണ്‍ എഐ സിഇഒ സാള്‍ട്ട് ആള്‍ട്ട്മാന്‍, സിറ്റി ഗ്രൂപ്പ് സിഇഒ ജെയ്ന്‍ ഫ്രേസര്‍, ബോയിംഗ് സിഇഒ കെല്ലി ഒര്‍ട്ട്ബര്‍ഗ് തുടങ്ങി ബിസിനസ് രംഗത്തെ പ്രധാനികള്‍ പങ്കെടുക്കും. ട്രംപിനൊപ്പം വൈറ്റ് ഹൗസിലെ എഐ-ക്രിപ്‌റ്റോകറന്‍സി മേധാവി ഡേവിഡ് സാക്‌സും എത്തുന്നുണ്ട്. സൗദി അറേബ്യയിലെ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായി ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തും.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് നിക്ഷേപക സംഗമം. ഇരുരാജ്യങ്ങളും 60,000 കോടി ഡോളറിന്റെ കരാറുകള്‍ക്ക് ധാരണയില്‍ എത്തിയതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഗമത്തിന്റെ തയ്യാറെടുപ്പുകളെ കുറിച്ച് ഇരുരാജ്യങ്ങളുടെയും ധനകാര്യമന്ത്രിമാര്‍ കഴിഞ്ഞ ദിവസം ലോസ് ആഞ്ചലസില്‍ ചര്‍ച്ച നടത്തിയിരുന്നു.
അമേരിക്കയില്‍ ഉല്‍പ്പാദനമേഖലയില്‍ സൗദിയില്‍ നിന്നുള്ള നിക്ഷേപമാണ് അമേരിക്ക കൂടുതല്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, സാങ്കേതിക,സൈനിക രംഗങ്ങളില്‍ അമേരിക്കന്‍ സഹായം ഉപയോഗപ്പെടുത്തിയുള്ള നിക്ഷേപ പദ്ധതികള്‍ക്കാണ് സൗദി അറേബ്യ ഉന്നല്‍ നല്‍കുന്നത്.
നിര്‍മിത ബുദ്ധി, പുനരുപയോഗ ഊര്‍ജ്ജം, ബയോ ടെക്‌നോളജി, ഡിജിറ്റല്‍ ഹെല്‍ത്ത്, വ്യോമയാനം, വിദ്യാഭ്യാസം, ടൂറിസം, വെഞ്ച്വര്‍ കാപ്പിറ്റല്‍ എന്നീ മേഖലകളിലാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine