

ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ സമ്മര്‍ദം സമ്മര്‍ദ്ദം ശക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്തോനേഷ്യയുമായുള്ള കരാറുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് ഇന്ത്യയുമായുള്ള ചര്‍ച്ചകളെക്കുറിച്ച് ട്രംപ് സൂചനകള്‍ നല്കിയത്. ഇന്തോനേഷ്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 19 ശതമാനം താരിഫാണ് യു.എസ് ചുമത്തുക.
യു.എസ് കമ്പനികള്‍ക്ക് ഇനി മുതല്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ ചുങ്കമില്ലാതെ ഉത്പന്നങ്ങള്‍ വില്ക്കാം. ഇതേ മാതൃകയില്‍ ഇന്ത്യയുമായി കരാറിനായുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്നാണ് ട്രംപിന്റെ അവകാശവാദം. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള താരിഫ് 20 ശതമാനത്തില്‍ താഴെയാക്കാമെന്നുമാണ് യു.എസ് പ്രസിഡന്റിന്റെ വാഗ്ദാനം.
ഇന്ത്യയെന്ന വലിയ വിപണിയിലേക്ക് തടസങ്ങളില്ലാതെ കടന്നു കയറാനാണ് യു.എസിന്റെ ശ്രമം. ഇതിനായാണ് ട്രംപ് സമ്മര്‍ദം ശക്തമാക്കുന്നതും. ഇന്തോനേഷ്യ ഒപ്പിട്ടതു പോലൊരു കരാറില്‍ ഇന്ത്യയും പങ്കാളിയായാല്‍ അത് രാജ്യത്തെ കമ്പനികള്‍ക്ക് തിരിച്ചടിയാകും.
ക്ഷീര-കൃഷി ഉത്പന്നങ്ങള്‍, കാറുകള്‍, സോയാബീന്‍, ഡിജിറ്റല്‍ വ്യാപാരം തുടങ്ങിയ മേഖലകളില്‍ കടന്നു കയറാനാണ് ട്രംപിന്റെ ശ്രമം. ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്കും തൊഴില്‍ മേഖലയ്ക്കും വലിയ തിരിച്ചടിക്ക് വഴിയൊരുക്കുന്നതാണ് അമേരിക്കന്‍ മോഹങ്ങള്‍.
ഇലക്‌ട്രോണിക്‌സ്, വസ്ത്രങ്ങള്‍, ചിപ്, കയര്‍, ഫാര്‍മസ്യൂട്ടിക്കല്‍ പോലുള്ള മേഖലകളില്‍ കൂടുതല്‍ വിപണി സാധ്യത തുറന്നു നല്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. 10 ശതമാനം അടിസ്ഥാന തീരുവയ്‌ക്കൊപ്പമുള്ള അധികതീരുവ പിന്‍വലിക്കുക, സ്റ്റീല്‍, അലുമിനിയം മേഖലയ്ക്കുള്ള 50 ശതമാനം തീരുവ എടുത്തു കളയുക, ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള തൊഴില്‍വീസ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഇന്ത്യയും ഉന്നയിച്ചിട്ടുണ്ട്.
ഞങ്ങള്‍ ഇന്തോനേഷ്യയുമായി ഡീലുണ്ടാക്കി. അവരുടെ വിപണിയില്‍ ഞങ്ങള്‍ക്കിനി പൂര്‍ണ സ്വാതന്ത്രത്തോടെ പ്രവേശിക്കാം. ഇതുവരെ ഞങ്ങള്‍ക്കതിന് സാധിച്ചിരുന്നില്ല. ഒരു തരത്തിലുള്ള താരിഫും ഞങ്ങള്‍ക്ക് ചുമത്തില്ല- ട്രംപിന്റെ അവകാശവാദം ഇങ്ങനെ പോകുന്നു.
ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശനം ലഭിക്കുമെന്ന തന്റെ അവകാശവാദം യുഎസ് പ്രസിഡന്റ് ആവര്‍ത്തിച്ചു. ''ഞങ്ങള്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശനം ലഭിക്കാന്‍ പോകുന്നു. ഈ രാജ്യങ്ങളിലൊന്നും ഞങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു. ഞങ്ങളുടെ ആളുകള്‍ക്ക് അവിടം ഉപയോഗിക്കാന്‍ സാധിക്കില്ലായിരുന്നു. ഇനി മുതല്‍ അങ്ങനെയായിരിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യു.എസ് പ്രസിഡന്റിന്റെ വാക്കുകളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read DhanamOnline in English
Subscribe to Dhanam Magazine