

ദോശ വില്‍പ്പനക്കാരന്റെ വരുമാനം സമൂഹമാധ്യമമായ എക്സില്‍ ഒരു ഉപയോക്താവ് വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു. സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കുള്ള നികുതി ബാധ്യതകളെക്കുറിച്ചും അനൗപചാരിക മേഖലകളിൽ മെച്ചപ്പെട്ട നികുതി ഈടാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുളള ചർച്ചകളാണ് എക്സില്‍ നടക്കുന്നത്.
തൻ്റെ വീടിനടുത്തുള്ള ഒരു ദോശ വിൽപനക്കാരൻ പ്രതിദിനം 20,000 രൂപ സമ്പാദിക്കുന്നുണ്ടെന്നാണ് സമൂഹമാധ്യമത്തില്‍ നവീൻ കൊപ്പറമ്പ് എന്ന ഉപയോക്താവ് അഭിപ്രായപ്പെട്ടത്. പ്രതിമാസം ശരാശരി 6 ലക്ഷം രൂപയാണ് ഈ ദോശ കടക്കാരന്റെ വരുമാനം. ചെലവ് കഴിഞ്ഞ് പ്രതിമാസം 3 മുതല്‍ 3.5 ലക്ഷം രൂപ വീട്ടിലേക്ക് കൊണ്ടുപോകാനും കടക്കാരന് സാധിക്കുന്നു. ആദായനികുതിയായി ഒരു രൂപ പോലും അടക്കുന്നില്ല.
പ്രതിമാസം 60,000 രൂപ ശമ്പളമുള്ള ഒരു ജീവനക്കാരനുമായി നവീന്‍ ഈ സംഭവത്തെ താരതമ്യം ചെയ്തതാണ് ശ്രദ്ധയാകർഷിച്ചത്. പ്രതിമാസം 60,000 രൂപ ശമ്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥന്‍ തൻ്റെ വരുമാനത്തിൻ്റെ 10 ശതമാനം നികുതി നൽകുന്നതായും നവീന്‍ പറഞ്ഞു.
ഈ ഉദാഹരണം ഇന്ത്യയിലെ വരുമാന അസമത്വങ്ങളെയും നികുതി ബാധ്യതകളെയും കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ശമ്പളമുള്ള ജോലികളും സ്വയം തൊഴിലും തമ്മിലുള്ള വെല്ലുവിളികളും നേട്ടങ്ങളുമാണ് ഉപയോക്താക്കള്‍ പങ്കുവെക്കുന്നത്. സംഭവത്തെ എതിര്‍ത്തും അനുകൂലിച്ചും ഒരുപാട് പേരാണ് രംഗത്തെത്തിയത്.
അവർക്ക് കോർപ്പറേറ്റ് ഇൻഷുറൻസ് ലഭിക്കുന്നില്ല. കാർ/ വീട്/ ബൈക്ക് ലോണുകൾ ലഭിക്കാൻ പ്രയാസമാണ്. പി.എഫ് ഇല്ല, ഉറപ്പുള്ള വരുമാനം ഇല്ലെന്നും ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി.
യു.പി.ഐ അവതരിപ്പിച്ചപ്പോള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. ഇപ്പോൾ കടകളില്‍ നടത്തുന്ന പണമിടപാടുകള്‍ സംബന്ധിച്ച് സർക്കാരിന്റെ പക്കല്‍ വ്യക്തമായ ഡാറ്റയുണ്ട്. അതിനാൽ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന വഴിയോരക്കച്ചവടക്കാരെ ആദായനികുതിയുടെ പരിധിയിൽ കൊണ്ടുവരുന്നത് എളുപ്പമായിരിക്കും. എന്നാൽ ഗവൺമെന്റ് പൂജ്യം വരുമാനം ഫയല്‍ ചെയ്യുന്ന ഐ.ടി.ആറുകളുടെ വർദ്ധനവിൽ സന്തോഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine