

രണ്ട് മിനിറ്റില്‍ തയ്യാറാക്കാവുന്ന ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമാവ് പുറത്തിറക്കി ഡബിള്‍ ഹോഴ്‌സ്. ഗോതമ്പ് പോലുള്ള ധാന്യങ്ങളില്‍ കാണപ്പെടുന്ന മാംസ്യ (പ്രോട്ടീന്‍) ഘടകമാണ് ഗ്ലൂട്ടന്‍. രാജ്യത്തെ 10 ശതമാനം പേരും ഗ്ലൂട്ടന്‍ ഇന്‍ടോളറന്റ് ( ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ അസുഖം വരുന്ന അവസ്ഥ) ആണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവരെയും മില്ലേനിയല്‍സ്, ജെന്‍ സി തുടങ്ങിയ ന്യൂജനറേഷനെയും ലക്ഷ്യം വെച്ചാണ് ഇന്‍സ്റ്റന്റ് ഉപ്പുമാവ് പുറത്തിറക്കിയിരിക്കുന്നതെന്ന് ഡബിള്‍ ഹോഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞില പറഞ്ഞു. ഡബിള്‍ ഹോഴ്‌സ് ബ്രാന്‍ഡ് അംബാസഡര്‍ മമ്ത മോഹന്‍ദാസും കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
65 വര്‍ഷത്തിലേറെയായി കേരളത്തിന്റെ ഭക്ഷ്യ വ്യവസായത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ് മഞ്ഞിലാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ഡബിള്‍ ഹോഴ്സ്. ഭക്ഷണത്തിന്റെ തനത് രുചി നിലനിര്‍ത്തിക്കൊണ്ട് പുതിയ കാലത്തിനിണങ്ങുന്ന സൗകര്യപ്രദമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഡബിള്‍ ഹോഴ്‌സ് എന്നും മുന്‍പന്തിയിലാണ്. പ്രീമിയം അരിയില്‍ നിന്നും തയ്യാറാക്കുന്ന ഇന്‍സ്റ്റന്റ് ഉപ്പുമാവ് പ്രിസര്‍വേറ്റീവ് രഹിതമാണ്. പുതുതലമുറയുടെ മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതികള്‍ക്കും വേഗമേറിയ ജീവിതശൈലിക്കും അനുയോജ്യമായ രീതിയിലാണ് ഈ ഉല്‍പ്പന്നം തയ്യാറാക്കിയിരിക്കുന്നതെന്നും കമ്പനി പ്രതിനിധികള്‍ പറഞ്ഞു.
അരി, അരിപ്പൊടികള്‍, ബ്രേക്ക്ഫാസ്റ്റ് മിക്‌സുകള്‍, ഇന്‍സ്റ്റന്റ് മിക്‌സുകള്‍, ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍, കറി പൗഡറുകള്‍, അച്ചാറുകള്‍, ആരോഗ്യ ഭക്ഷണങ്ങള്‍, റെഡി-ടു-കുക്ക് എന്നിങ്ങനെ 20ല്‍ അധികം പ്രീമിയം അരി ഇനങ്ങളും 250ല്‍ അധികം ഭക്ഷ്യ ഉല്‍പ്പന്നങ്ങളും ഡബിള്‍ ഹോഴ്സ് പുറത്തിറക്കുന്നുണ്ട്. 500 കോടി രൂപ വിറ്റുവരവുള്ള കമ്പനിയായി മാറ്റുകയാണ് ലക്ഷ്യമെന്ന് ഡബിള്‍ ഹോഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞില ധനം ഓണ്‍ലൈനോട് പറഞ്ഞു. നിലവില്‍ പായസം വിപണിയിലെ 45 ശതമാനവും അച്ചാര്‍ വിപണിയിലെ 30 ശതമാനവും ഡബിള്‍ ഹോഴ്‌സിന് സ്വന്തമാണ്. ഓരോ വര്‍ഷവും രണ്ടക്ക വാര്‍ഷിക വളര്‍ച്ചാ നിരക്കും നേടാന്‍ കഴിയുന്നുണ്ട്. കമ്പനിക്ക് മികച്ച വില്‍പ്പന ലഭിക്കുന്ന സമയമാണ് ഓണം. വരും ദിവസങ്ങളില്‍ ഓണക്കച്ചവടം പൊടിപൊടിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine