

ദുബായ് ആസ്ഥാനമായ ഡി.പി വേള്‍ഡിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി വല്ലാര്‍പ്പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലിലെ (ഐ.സി.ടി.ടി) ചരക്ക് നീക്കത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനം വളര്‍ച്ച. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 8,34,665 ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്‌നറുകളാണ് തുറമുഖത്ത് കൈകാര്യം ചെയ്തത്. മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 7,54,237 ടി.ഇ.യു കണ്ടെയ്‌നറുകളായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. തുറമുഖത്തെ ട്രാന്‍സ്ഷിപ്പ്‌മെന്റും ഇക്കുറി റെക്കോഡ് നേട്ടത്തിലാണ്. 1,69,562 ടി.ഇ.യു കണ്ടെയ്‌നറുകളാണ് ട്രാന്‍സ്ഷിപ്പ്‌മെന്റിനായി തുറമുഖത്ത് വന്ന് പോയത്.
സൗത്ത് ഇന്ത്യയില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ കപ്പലുകള്‍ അടുത്ത തുറമുഖമെന്ന നേട്ടവും വല്ലാര്‍പ്പാടം ടെര്‍മിനല്‍ സ്വന്തമാക്കിയതായി വാര്‍ത്താ കുറിപ്പില്‍ പറയുന്നു. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ആകെ 640 കപ്പലുകള്‍ ഇവിടെയെത്തി. വിദേശ കയറ്റുമതി, കോസ്റ്റല്‍ എക്‌സ്‌പോര്‍ട്ട്, റെഫര്‍ വോള്യം തുടങ്ങിയ കാര്യങ്ങളിലും തുറമുഖം റെക്കോഡിട്ടു. കഴിഞ്ഞ വര്‍ഷം 350 മീറ്ററിലേറെ നീളമുള്ള ഒന്നിലധികം അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ വെസലുകളും തുറമുഖത്തെത്തി. കേരളത്തിലെ ആദ്യത്തെ ഫ്രീ ട്രേഡ് വെയര്‍ഹൗസിംഗ് സോണായ വല്ലാര്‍പാടത്ത് 2024-25 വര്‍ഷത്തില്‍ 2,255 ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്തതായും കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2024-25) തുറമുഖത്ത് അടിസ്ഥാന സൗകര്യ വികസനത്തില്‍ കാര്യമായ നിക്ഷേപം നടത്തിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പുതിയ ഷിപ്പ് ടു ഷോര്‍ (എസ്.ടി.എസ്) ക്രെയിനുകള്‍, ഇലക്ട്രിഫൈഡ് റബ്ബര്‍ ടയേര്‍ഡ് ഗാന്‍ട്രി ക്രെയിനുകള്‍ എന്നിവ പുതുതായി സ്ഥാപിച്ചു. യാര്‍ഡിലെ സ്ഥലം കൂട്ടിയതോടെ നിലവിലെ ടെര്‍മിനലിന്റെ ശേഷി 14 ലക്ഷം ടി.ഇ.യു ആയി വര്‍ധിക്കുകയും ചെയ്തു. ടെര്‍മിനലിലെ വൈദ്യുത ശേഷി 3 മെഗാ വാട്ടില്‍ നിന്നും 5 മെഗാ വാട്ടിലേക്ക് മാറ്റിയത് പീക്ക് സമയങ്ങളില്‍ തടസമില്ലാത്ത സേവനം ഉറപ്പാക്കി. യാര്‍ഡിലെ ക്രെയിനുകള്‍ പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവ ആക്കിയതും സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചതും തുറമുഖത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ സഹായിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മിഡില്‍ ഈസ്റ്റ്, സൗത്ത് ഏഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നേരിട്ടുള്ള മെയിന്‍ലൈന്‍ (മദര്‍ ഷിപ്പുകള്‍) സര്‍വീസുകള്‍ ആരംഭിക്കാനായത് ഡി.പി വേള്‍ഡിന് തുണയായത്.
Read DhanamOnline in English
Subscribe to Dhanam Magazine