ചരക്കുനീക്കത്തില്‍ പുതിയ പ്രതിമാസ റെക്കോഡിട്ട് വല്ലാര്‍പാടം അന്താരാഷ്ട്ര തുറമുഖം

ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവിലെ ടെര്‍മിനല്‍ ചരക്കുനീക്കത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലു ശതമാനം വളര്‍ച്ച രേഖപ്പെടുത്തി
ചരക്കുനീക്കത്തില്‍ പുതിയ പ്രതിമാസ റെക്കോഡിട്ട് വല്ലാര്‍പാടം അന്താരാഷ്ട്ര തുറമുഖം
Published on

ദുബൈ ആസ്ഥാനമായ ഡിപി വേള്‍ഡിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ മേയ് മാസത്തില്‍ ചരക്കുനീക്കത്തില്‍ റെക്കോഡിട്ടു. മേയില്‍ മാത്രം 77,637 ടി.ഇ.യു (TEUs) കണ്ടെയ്‌നറുകളാണ് തുറമുഖം കൈകാര്യം ചെയ്തത്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് ഇത്രയും മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചത്.

ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവിലെ ടെര്‍മിനല്‍ ചരക്കുനീക്കത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലു ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മറ്റ് തുറമുഖങ്ങളില്‍ നിന്ന് തിരിച്ചുവിട്ട ചരക്കുകള്‍ ഉള്‍പ്പെടെയുള്ള ട്രാന്‍സ്ഷിപ്പ്‌മെന്റില്‍ ഉണ്ടായ വര്‍ധനവും ഈ റെക്കോര്‍ഡ് നേട്ടത്തിന് കാരണമായി.

വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മികച്ച സേവനം നല്‍കാന്‍ തങ്ങള്‍ക്ക് സാധിക്കുന്നുവെന്ന് ഡിപി വേള്‍ഡ് കൊച്ചി സി.ഇ.ഒ (പോര്‍ട്‌സ് ആന്‍ഡ് ടെര്‍മിനല്‍സ്) ദിപിന്‍ കയ്യാത്ത് പറഞ്ഞു. ഉയര്‍ന്ന അളവിലുള്ള ചരക്കുനീക്കം നടത്താന്‍ സാധിക്കുന്നത് വ്യാപാര മേഖലയില്‍ വല്ലാര്‍പാടം തുറമുഖത്തിന്റെ സ്ഥാനം കൂടുതല്‍ ശക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേയ് മാസത്തില്‍ സാധാരണ ഷെഡ്യൂളുകള്‍ക്ക് പുറമെ 17 അധിക കപ്പലുകള്‍ കൂടി ടെര്‍മിനല്‍ വിജയകരമായി കൈകാര്യം ചെയ്തു. ടെര്‍മിനലിലെ വൈദ്യുത ശേഷി മൂന്നു മെഗാവാട്ടില്‍ നിന്നും 5 മെഗാവാട്ടിലേക്ക് മാറ്റിയത് പീക്ക് സമയങ്ങളില്‍ തടസമില്ലാത്ത സേവനം ഉറപ്പാക്കി.

യാര്‍ഡിലെ ക്രെയിനുകള്‍ പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവ ആക്കിയതും സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചതും തുറമുഖത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ സഹായിച്ചു. പ്രധാന അന്താരാഷ്ട്ര കപ്പല്‍ ചാലുകള്‍ക്ക് സമീപം തന്ത്രപ്രധാനമായ സ്ഥാനത്താണ് വല്ലാര്‍പാടം തുറമുഖത്തിന്റെ സ്ഥാനം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

airport
kochi metro trains
ലോകകപ്പ് ഓഹരി വില്‍പന വിവാദം: ഫിഫ ടൂര്‍ണമെന്റുകള്‍ ബഹിഷ്‌കരിക്കുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍; എതിര്‍പ്പുമായി കോണ്‍കാകാഫും
Airport gold smuggling
```html ```
logo
DhanamOnline
dhanamonline.com