വിഴിഞ്ഞത്തിന് മുന്നില്‍ വിട്ടുകൊടുക്കാതെ കൊച്ചിയും! ഡിപി വേള്‍ഡും കൊച്ചിന്‍ പോര്‍ട്ടും തമ്മില്‍ സുപ്രധാന കരാര്‍

കൊച്ചി തുറമുഖത്തെ കാര്‍ഗോ ഹാന്‍ഡിലിംഗ് സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കരാര്‍. മുംബൈയില്‍ നടന്ന മാരിടൈം വീക്കില്‍ വച്ചാണ് കരാറില്‍ ഒപ്പുവച്ചത്
vallarpadam container terminal
Published on

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വന്നതോടെ പ്രാധാന്യം നഷ്ടപ്പെട്ട വല്ലാര്‍പാടം തുറമുഖത്തെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാന്‍ സുപ്രധാന നീക്കം. ഇതിന്റെ ഭാഗമായി കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയും ഡിപി വേള്‍ഡും തമ്മില്‍ കരാറില്‍ ഒപ്പുവച്ചു.

കൊച്ചി തുറമുഖത്തെ കാര്‍ഗോ ഹാന്‍ഡിലിംഗ് സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കരാര്‍. മുംബൈയില്‍ നടന്ന മാരിടൈം വീക്കില്‍ വച്ചാണ് കരാറില്‍ ഒപ്പുവച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ കൂടെ സാമ്പത്തിക പിന്തുണയോടെ ഭാവിയിലെ ആവശ്യങ്ങള്‍ കൂടി കണ്ടറിഞ്ഞുള്ള ടെര്‍മിനല്‍ വിപുലീകരണത്തിനാണ് ലക്ഷ്യമിടുന്നത്. വലിയ കപ്പലുകള്‍ക്ക് കൂടി അടുക്കാവുന്ന തരത്തിലേക്ക് വല്ലാര്‍പാടത്തെ മാറ്റുകയാണ് ലക്ഷ്യം.

കൊച്ചി തുറമുഖത്തിലേക്കുള്ള കപ്പല്‍ ചാലിന്റെ ആഴം നിലവിലെ 14.5 മീറ്ററില്‍ നിന്ന് 16 മീറ്ററിലേക്ക് ഉയര്‍ത്താനുള്ള കരാറിലും മാരിടൈം വീക്കിനിടെ ഒപ്പിട്ടിരുന്നു. 600-700 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. രണ്ട് വര്‍ഷം മുമ്പ് സമര്‍പ്പിക്കപ്പെട്ടിരുന്ന പദ്ധതി വിഴിഞ്ഞം യാഥാര്‍ത്ഥ്യമായതോടെയാണ് ജീവന്‍ വച്ചത്.

ചെലവ് കേന്ദ്രം വഹിക്കും

കപ്പല്‍ ചാലിന്റെ ആഴം വര്‍ധിപ്പിക്കുന്നതിനൊപ്പം ഇത് പരിപാലിക്കാന്‍ പ്രതിവര്‍ഷം 25-30 കോടി രൂപ ചെലവഴിക്കേണ്ടി വരും. വല്ലാര്‍പാടം തുറമുഖത്തിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി, ഡ്രെഡ്ജിംഗ് ചെലവുകള്‍ ഇപ്പോഴത്തെ 156 കോടി രൂപയില്‍ നിന്ന് 200 കോടിയായി വര്‍ധിക്കാന്‍ ഇത് ഇടയാക്കും. ആഴം കൂട്ടുന്നതിന് ആവശ്യമായ 700 കോടിയോളം രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കും.

വലിയ കപ്പലുകളുടെ നങ്കൂരമിടല്‍ പ്രാപ്തമാക്കുന്ന രീതിയില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നത് കൊച്ചിയുടെ ലോജിസ്റ്റിക് സാധ്യതകള്‍ക്ക് ഗുണം ചെയ്യും.

Cochin Port and DP World sign major agreement to upgrade Vallarpadam Terminal amid Vizhinjam port emergence

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com