ജോര്‍ജ് ബുഷിന്റെ മലയാളി ഡോക്ടര്‍! അഞ്ച് പതിറ്റാണ്ടിന്റെ അമേരിക്കന്‍ ജീവിതം മതിയാക്കി ഡോ.മാത്യു തെക്കേടത്ത് നാട്ടിലേക്ക്

കേരളത്തില്‍ കുഴഞ്ഞു വീണു മരിക്കുന്നവരുടെ എണ്ണം പെരുകുന്നതിന്റെ കാരണവും ഡോക്ടര്‍ വിശദീകരിക്കുന്നു
ഡോ. മാത്യു തെക്കേടത്ത്
ഡോ. മാത്യു തെക്കേടത്ത്
Published on

പ്രായം 81ല്‍ എത്തിനില്‍ക്കുന്ന ഡോ. മാത്യു തെക്കേടത്ത് മലയാളികളെ അമ്പരപ്പിക്കുന്നത് പല വിധത്തിലാണ്. വിദേശത്തേക്ക് പറക്കാനും അവിടെ ജീവിതം ഉറപ്പിക്കാനും യുവതീയുവാക്കള്‍ മല്ലടിക്കുന്ന ഈ കാലത്ത്, അര നൂറ്റാണ്ടിന്റെ അമേരിക്കന്‍ അനുഭവങ്ങളുമായി ഹൈഫൈ ജീവിതം മതിയാക്കി ഗൃഹാതുരത്വത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ് അദ്ദേഹം. യുഎസ് പ്രസിഡന്റായിരിക്കെ, ജോര്‍ജ് ബുഷ് സീനിയറുടെ ഹൃദയം കാത്തുസൂക്ഷിക്കാന്‍ നിയുക്തനായ പ്രൊഫഷണല്‍ മികവിന്റെ ജീവിതരേഖ അമേരിക്കയില്‍ തുടരാനുള്ള കാരണമായി മാറുന്നില്ല. ജന്മനാടിനോട് ഒരു അഭിനിവേശമാണ് ഡോക്ടര്‍ക്ക്.

യുഎസില്‍ നിന്ന് നാട്ടിലേക്കൊരു പറിച്ചുനടല്‍ അസാധ്യമാണെന്ന ഭാര്യയുടെയും മൂന്ന് മക്കളുടെയും നിലപാടോ, മറ്റു ചുറ്റുപാടുകളോ ഡോക്ടറെ പിന്തിരിപ്പിക്കുന്നില്ല. അമേരിക്കയിലെ അനുഭവത്തഴക്കം ഇനിയങ്ങോട്ട് കേരളത്തില്‍ ആര്‍ക്കെങ്കിലുമൊക്കെ പ്രയോജനപ്പെടുമെങ്കില്‍ ജീവിതം കൂടുതല്‍ സാര്‍ഥകം. അത് സൗജന്യമായിത്തന്നെ ചെയ്തുകൊടുക്കാനാണ് ദൃഢനിശ്ചയം. അതിന് അതിന്റേതായ കാരണങ്ങള്‍ ഡോക്ടര്‍ക്കുണ്ട്. കേരളത്തിലെ ആശുപത്രികളുടെ ഒരു രീതി വെച്ചുനോക്കിയാല്‍, ഹൃദയ ചികിത്സാ രംഗത്ത് വിദഗ്ധാഭിപ്രായത്തിന്റെ ഒരു സെക്കന്‍ഡ് ഒപ്പീനിയന്‍ കിട്ടാന്‍ അവസരമില്ലാത്തവര്‍ ഒട്ടേറെയുണ്ടെന്ന് ഡോക്ടര്‍ കരുതുന്നു. അവരെ സഹായിക്കുക, ഹൃദയ രോഗങ്ങളുടെ കാര്യത്തില്‍ ആളുകള്‍ക്ക് അവബോധം നല്‍കാനുള്ള വേദികളില്‍ തന്റെ പരിചയസമ്പത്ത് കഴിയുന്നത്ര പകര്‍ന്നുനല്‍കുക എന്നീ ലക്ഷ്യങ്ങള്‍ ജീവിതത്തിന്റെ പുതിയ ദൗത്യമായിത്തന്നെ ഏറ്റെടുത്തിരിക്കുകയാണ് അദ്ദേഹം.

കോട്ടയം കുറവിലങ്ങാട് തെക്കേടത്ത് മാത്യു ഡോക്ടര്‍ക്ക് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ഡോക്ടര്‍മാരുടെ പാനലിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കാന്‍ അസാധാരണമായ അവസരം കിട്ടിയത് ഭാഗ്യം കൊണ്ടല്ല. അതിനേക്കാള്‍ കഠിനാധ്വാനവും അര്‍പ്പണവും മികവും കൈമുതലായുള്ളതു കൊണ്ടാണ്. 27-ാം വയസില്‍ അമേരിക്കയിലേക്ക് പോയിട്ടും എം.ടി വാസുദേവന്‍ നായരും മാധവിക്കുട്ടിയും ഒ.എന്‍.വിയുമൊക്കെ സുഹൃത്തുക്കളായി ഉണ്ടായിരുന്നത് കേരളത്തോടും സാഹിത്യത്തോടും ചരിത്രത്തോടുമെല്ലാമുള്ള ഹൃദയബന്ധം കൊണ്ടാണ്.

യേശുക്രിസ്തുവിന്റെ ജീവിതയാത്ര ഇഴകീറി പരിശോധിക്കുന്ന 'ജീസസ്, ദി അണ്‍നോണ്‍' അടക്കം, ആഴത്തിലുള്ള ചരിത്ര വായനയും ശാസ്ത്രബോധവും വിശകലന മികവും തെളിയിക്കുന്ന നിരവധി രചനകള്‍. കേരളത്തില്‍ കോെളജ് വിദ്യാഭ്യാസ കാലത്ത് നല്ലൊരു നാടക രചയിതാവും നടനുമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന യൂണിവേഴ്സിറ്റി കലോത്സവ സര്‍ട്ടിഫിക്കറ്റുകള്‍. അതൊന്നും പഠനം മുടക്കിയായിരുന്നില്ലെന്നു പറഞ്ഞുതരുകയാണ്, കേരള സര്‍വകലാശാലയില്‍ നിന്ന് നേടിയ സുവോളജി ഫസ്റ്റ് റാങ്ക്. മറ്റൊരു അമ്പരപ്പിക്കലാണ്, അന്‍പതാണ്ട് അമേരിക്കയില്‍ കഴിഞ്ഞിട്ടും ഡോക്ടര്‍ എഴുതുകയും പറയുകയും ചെയ്യുന്ന ശുദ്ധമലയാളം.

പഠനം, കല, സാഹിത്യം

ഒരു മിഡില്‍ക്ലാസ് ഫാമിലിയിലെ അധ്യാപകന്റെ മകനായിരുന്നു മാത്യു. പഠനത്തേക്കാള്‍ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലായിരുന്നു കൂടുതല്‍ താല്‍പ്പര്യം. 1962ല്‍ ചങ്ങനാശേരി എസ്ബി കോെളജില്‍ പഠിക്കുമ്പോഴാണ് സ്വയം എഴുതി സംവിധാനം ചെയ്ത ബറാബാസ് എന്ന നാടകം കലോത്സവത്തില്‍ അവതരിപ്പിച്ചത്. അങ്ങനെ കേരള യൂണിവേഴ്സിറ്റിയുടെ ഏറ്റവും നല്ല നടനുള്ള സമ്മാനം കിട്ടി. 1963ലാണ് യൂണിവേഴ്സിറ്റിയുടെ ഫസ്റ്റ് റാങ്കും ഗോള്‍ഡ് മെഡലും ലഭിച്ചത്.

പിന്നീട് കേന്ദ്ര സര്‍ക്കാറിന്റെ മെറിറ്റ് സ്‌കോളര്‍ഷിപ്പില്‍ കോട്ടയം മെഡിക്കല്‍ കോെളജില്‍ എംബിബിഎസ് വിദ്യാഭ്യാസം. ഇംഗ്ലണ്ടില്‍ പോയി എംആര്‍സിപിപാസായി. തുടര്‍ന്ന് അമേരിക്കയില്‍ ബോര്‍ഡ് എക്സാമിനേഷന്‍ പാസായി ഫെലോ ഓഫ് ദി അമേരിക്കന്‍ കോളെജ് ഓഫ് ഫിസിഷ്യന്‍സ് എന്ന പദവി നേടി. അതിനു ശേഷം കാര്‍ഡിയോളജി ബോര്‍ഡ് പാസായി എഫ്എസിസി എന്ന ഡിപ്ലോമ എടുത്ത് ഫെലോ ഓഫ് ദി അമേരിക്കന്‍ കോളെജ് ഓഫ് കാര്‍ഡിയോളജിയായി. വീണ്ടും ഫെലോഷിപ് ചെയ്ത് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിയില്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷനോടെ ഫെലോ ഓഫ് അമേരിക്കന്‍ കാര്‍ഡിയോഗ്രഫി ആന്‍ഡ് ഇന്റര്‍വെന്‍ഷന്‍ അഥവാ എഫ്എസ്സിഎഐ എന്ന പദവി സമ്പാദിച്ചു. അതിനു ശേഷമാണ് റോച്ചസ്റ്ററില്‍ കാര്‍ഡിയോളജി പ്രാക്ടീസ് തുടങ്ങിയത്. അവിടത്തെ യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായിട്ടാണ് തുടക്കം.

ആന്‍ജിയോപ്ലാസ്റ്റിയുടെ തുടക്കം

ആ സമയത്താണ് ആന്‍ജിയോപ്ലാസ്റ്റി ലോകത്തു തന്നെ ആദ്യമായി തുടങ്ങുന്നത്. 1978ല്‍ റഷ്യക്കാരനായ ആന്‍ഡ്രിയാസ് ഗ്രണ്‍സിക് സൂറിച്ചില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തി. അതിന്റെ കഥ ന്യൂ ഇന്ത്യന്‍ ജേര്‍ണലില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇത് വായിച്ച് ഡോക്ടര്‍ അദ്ദേഹത്തിന് എഴുതി - ''എനിക്ക് സാറിനെയൊന്നു കാണണം''. വര്‍ഷാവസാനം താന്‍ നടത്തുന്ന ഒരു കോണ്‍ഫറന്‍സില്‍ പ്രതിനിധിയായി ചേര്‍ക്കാമെന്നായിരുന്നു മറുപടി. അങ്ങനെ, 1979ല്‍ ലോകത്ത് ആദ്യമായി സൂറിച്ചില്‍ നടന്ന ആന്‍ജിയോപ്ലാസ്റ്റി കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. തൊട്ടടുത്ത വര്‍ഷത്തെ സമ്മേളനത്തിനുംപോയി. ലിങ് ഓങ് എന്ന ഡോക്ടറുംമറ്റു രണ്ടുപേരും യുഎസില്‍ നിന്ന് ഒപ്പം ഉണ്ടായിരുന്നു. അങ്ങനെയിരിക്കേ, ആന്‍ഡ്രിയാസ് ഗ്രസികിനെ എമറി യൂണിവേഴ്സിറ്റി വിലയ്ക്കെടുത്തു. എന്നിട്ട് അവിടെ ആന്‍ജിയോപ്ലാസ്റ്റി തുടങ്ങി. അദ്ദേഹവുമായി ഉണ്ടായിരുന്ന അല്‍പ്പം പരിചയം ഉപയോഗിച്ചു; ആന്‍ജിയോപ്ലാസ്റ്റി നടത്തുന്നതു കാണാനുള്ള അവസരം നേടി. മാത്രമല്ല, ഗ്രണ്‍സികിനൊപ്പം ഒരുമാസം പ്രവര്‍ത്തിക്കാനും കഴിഞ്ഞു.

അങ്ങനെയിരിക്കേ, അദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകന്‍ ക്ലീവ്ലാന്റില്‍ (ക്ലീഡന്‍ ക്ലിനിക്) ആന്‍ജിയോപ്ലാസ്റ്റി തുടങ്ങി. റോച്ചസ്റ്ററില്‍ നിന്ന് അവിടേക്ക് വണ്ടിയോടിച്ചു പോകാവുന്ന ദൂരമേയുള്ളൂ. ഗ്രണ്‍സിക് നിര്‍ദേശിച്ചതനുസരിച്ച് അവിടെ പോയി ജെ. ഹോര്‍മനെ കണ്ടു. അദ്ദേഹത്തിനൊപ്പം ആന്‍ജിയോപ്ലാസ്റ്റി ചെയ്തു തുടങ്ങി. അന്നൊന്നും ഫെലോഷിപ്ആയിട്ടില്ല. സര്‍ജറി നോക്കിക്കണ്ടു പഠിക്കുന്ന കാലം. സ്വന്തം ചെലവില്‍ റോച്ചസ്റ്ററില്‍ നിന്ന് ആംബുലന്‍സില്‍ 300 മൈല്‍ അകലെയുള്ള ഈ ക്ലിനിക്കിലേക്ക് രോഗികളെ കൊണ്ടുപോയി ആന്‍ജിയോപ്ലാസ്റ്റി നടത്തി, തിരിച്ചു കൊണ്ടുവരുമായിരുന്നു. അങ്ങനെ രണ്ട് ഡസനിലേറെ ആന്‍ജിയോപ്ലാസ്റ്റി നടത്തി. അതിനിടെ യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്ററില്‍ ഗുട്ടേറസ് എന്ന ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റിനോട് സാധ്യത തേടി - ''നമുക്ക് ഇവിടെ ആന്‍ജിയോപ്ലാസ്റ്റി നടത്തിയാലോ?'' അദ്ദേഹം സമ്മതിച്ചു. റോച്ചസ്റ്ററില്‍ ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയത് ഡോ. മാത്യുവാണ്. ഇപ്പോള്‍ അവിടെ 30ഓളം പേര്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തുന്നുണ്ട്.

വൈറ്റ്ഹൗസിലെ നിയോഗം

പ്രൊഫഷണല്‍ കാര്യങ്ങള്‍ക്കിടയില്‍ സമൂഹ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പ്രസംഗിക്കാന്‍ പോകുമായിരുന്നു. ആന്‍ജിയോപ്ലാസ്റ്റി നടത്തുന്ന ഡോക്ടര്‍ എന്ന നിലയില്‍ സമീപ സ്ഥലങ്ങളില്‍ മാത്യുവിന്റെ പേര് അറിയപ്പെടാന്‍ തുടങ്ങി. ഹാര്‍ട്ട് അറ്റാക്കിന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തു തുടങ്ങിയതു മുതല്‍ അടുത്തുള്ള അഞ്ച്-ആറ് ആശുപത്രികള്‍ വിളിക്കാന്‍ തുടങ്ങി. അവിടങ്ങളില്‍ പോയി രാത്രി 11 മണി വരെയൊക്കെ ആന്‍ജിയോപ്ലാസ്റ്റി ചെയ്തിട്ടുണ്ട്. 30 വര്‍ഷത്തോളം ഉറക്കം നാല് മണിക്കൂറില്‍ താഴെ മാത്രമായിരുന്നു. അങ്ങനെ പേരെടുത്തു വന്ന കാലം. 1989ല്‍ പ്രസിഡന്റിന്റെ ഹൃദയ ചികിത്സയ്ക്കുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ പാനലിലേക്ക് മാത്യുവിന്റെ പേര് ന്യൂയോര്‍ക്ക് സെനറ്റര്‍ ലൂയിസ് ലോട്ടര്‍ വൈറ്റ്ഹൗസിലേക്ക് ശിപാര്‍ശ ചെയ്തു. അന്ന് പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറാണ്. പ്രസിഡന്റിന്റെ കാര്‍ഡിയോളജി പാനലില്‍ മൂന്ന് പേരാണ്. കൊറോണറി ഹാര്‍ട്ട് ഡിസീസിന്റെ വിദഗ്ധ പരിശോധനകള്‍ക്കാണ് ഡോ. മാത്യുവിന്റെ പേര് തിരഞ്ഞെടുക്കപ്പെട്ടത്. അങ്ങനെ പ്രസിഡന്റിന്റെ ഫിസിഷ്യന്‍ എന്ന പ്രശസ്തി കൈവെള്ളയില്‍.

വൈറ്റ്ഹൗസില്‍ മൂന്ന് തവണ പോയി അദ്ദേഹത്തെ കണ്ടു. ചികിത്സിക്കേണ്ടതായി വന്നില്ല. ബുഷിന്റെ ഹൃദയം കാക്കാന്‍ മൂന്ന് ഡോക്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. ക്രമമല്ലാത്ത ഹൃദയമിടിപ്പിന്റെ പ്രശ്നം അദ്ദേഹത്തിനുണ്ടായിരുന്നു. അതിന് ചികിത്സിക്കുന്ന കാര്‍ഡിയോളജിസ്റ്റ് മറ്റൊരാളായിരുന്നു. ഹൃദയത്തിന്റെ ഒരു വാല്‍വിന് ചെറിയ ലീക്കേജ് ഉണ്ടായിരുന്നു. അത് ചികിത്സിച്ചയാളും വേറെയായിരുന്നു. ഹാര്‍ട്ട് അറ്റാക്ക്, കൊറോണറി സംബന്ധമായ പ്രശ്നങ്ങളുടെ സാധ്യത പരിശോധിക്കേണ്ട ചുമതലയായിരുന്നു ഡോ. മാത്യുവിന്.

അക്കാര്യത്തില്‍ അദ്ദേഹത്തിന് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ബുഷ് ഏറെ സൗമ്യനായിരുന്നുവെന്ന് ഡോക്ടര്‍ ഓര്‍ക്കുന്നു. അദ്ദേഹത്തെ കണ്ടപ്പോഴൊക്കെ ദീര്‍ഘനേരം സംസാരിക്കാനായി. നാട് എവിടെയാണ് എന്നും മറ്റുമുള്ള കാര്യങ്ങള്‍ അദ്ദേഹം തിരക്കി. ആ സംസാരത്തിനിടയില്‍ നമ്മുടെ കുറവിലങ്ങാട് എവിടെയാണ് എന്ന് കാണിക്കാന്‍ ഡോക്ടര്‍ സെല്‍ഫോണില്‍ ശ്രമിച്ചു. ഗൂഗ്ളില്‍ തിരഞ്ഞാല്‍ അന്ന് തിരുവനന്തപുരവും കൊച്ചിയും മറ്റും മാത്രമാണ് കിട്ടുക. കുറവിലങ്ങാട് എന്ന കൊച്ചു ഗ്രാമം അതില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് കുറവിലങ്ങാട്ടെ പുരാതന ദേവാലയത്തെക്കുറിച്ചായി വിശദീകരണം. അത് കൗതുകത്തോടെ കേട്ടിരുന്ന ബുഷിന്റെ മുഖം ഇന്നും ഡോക്ടറുടെ മനസിലുണ്ട്.

തനി കുറവിലങ്ങാട്ടുകാരന്‍

ലോകത്ത് എവിടെയൊക്കെ പോയിട്ടുണ്ടെങ്കിലും ആത്മാവ് കുറവിലങ്ങാട്ടും കേരളത്തിലും ചുറ്റിപ്പറ്റിയാണ് നിന്നതെന്ന് ഡോ. മാത്യു പറയും. മലയാളത്തില്‍ പ്രസംഗിക്കുകയും വായിക്കുകയും എഴുതുകയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും എഴുത്തിന്റെ ലോകത്തെ പല പ്രമുഖരുമായും അടുത്ത് ഇടപഴകുകയുമൊക്കെ ചെയ്തിട്ടുണ്ട്. അമേരിക്കയിലേക്ക് പോകുന്നതിനു മുമ്പ് കേരളത്തില്‍ ചുരുങ്ങിയ കാലം പ്രാക്ടീസ് ചെയ്തതിന്റെ അനുഭവങ്ങള്‍, അതു വേറെയുമുണ്ട്. ''ഇന്നിപ്പോള്‍ അമേരിക്കയിലെ എന്റെ നിയോഗം കഴിഞ്ഞു. കുടുംബപരമായ ഉത്തരവാദിത്തങ്ങളും തീര്‍ന്നു. ഇനി കേരളത്തില്‍ അടിഞ്ഞുകൂടി മരിക്കാനാണ് ആഗ്രഹം,'' - മടങ്ങി വരവിനെക്കുറിച്ച് ഡോക്ടറുടെ വാക്കുകള്‍ അങ്ങനെയാണ്.

ശിഷ്ട ജീവിതകാലത്ത് ഇതുവരെ പഠിച്ചതും ആര്‍ജിച്ചതും ഇവിടത്തെ ആളുകള്‍ക്ക് ഉപകാരമാക്കി മാറ്റണമെന്നുണ്ട്. ഇനിയൊരു ആശുപത്രി തുടങ്ങി ഒരു നിലയില്‍ എത്തിക്കാനുള്ള ഊര്‍ജവും സമയവുമൊന്നും ഇല്ല. അതുകൊണ്ട്, ചെയ്യാന്‍ കഴിയുന്നത് രണ്ട് കാര്യങ്ങളാണ്.

ഹൃദയ സംബന്ധമായ വിഷയങ്ങള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് തന്റെ പ്രായോഗികമായ അറിവ് പറഞ്ഞുകൊടുക്കാം, പ്രഭാഷണങ്ങള്‍ നടത്താം. രണ്ട്, ഹൃദയസംബന്ധമായ സങ്കീര്‍ണ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് രണ്ടാമത് ഒരു അഭിപ്രായം നല്‍കാന്‍ ഇത്രയും കാലത്തെ അനുഭവം മുന്‍നിര്‍ത്തി സാധിക്കും. വേണ്ടതിലേറെ സമ്പാദിക്കാന്‍ കഴിഞ്ഞ ഡോക്ടര്‍ക്ക് ഇതിന് പണമൊന്നും വേണ്ട. വന്‍കിട ആശുപത്രികളില്‍ നിന്ന് വരുന്ന ഓഫറൊന്നും സ്വീകരിക്കാന്‍ താല്‍പ്പര്യവുമില്ല. അത്യാവശ്യക്കാരായ രോഗികള്‍ക്കും മറ്റും തന്റേതായ മാര്‍ഗനിര്‍ദേശം സൗജന്യമായിത്തന്നെ നല്‍കണമെന്നാണ് മനസില്‍.

ഒരു രോഗി വന്നാല്‍ രോഗിയുടെ സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുന്ന ഡോക്ടര്‍മാര്‍ ഇന്ന് എത്രയുണ്ട്? രോഗി മറ്റൊരു ഡോക്ടറോട് അഭിപ്രായം തേടിയാല്‍ ഡോക്ടറുടെ ദുരഭിമാനം വളരും. ഇത് പുറംനാടുകളില്‍ ഇല്ലാത്ത മനോഭാവമാണ്. യഥാര്‍ത്ഥത്തില്‍ സങ്കീര്‍ണ രോഗങ്ങളില്‍ രണ്ടാമതോ മൂന്നാമതോ ഒരു ഡോക്ടറുടെ വിദഗ്ധാ ഭിപ്രായം തേടുന്നത് രോഗിയുടെ ചികിത്സ കുറ്റമറ്റതാക്കും. ഒരു ചികിത്സാ രീതി രോഗിയോട് നിര്‍ദേശിക്കുന്നത് ചില ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാകണം. ഒന്ന്: ചെയ്യാന്‍ പോകുന്ന ചികിത്സ രോഗിയുടെ ആയുസ് വര്‍ധിപ്പിക്കുന്നുണ്ടോ? രണ്ട്: രോഗശാന്തി ഉണ്ടാകുമോ? മൂന്ന്: ഭാവിയിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമോ? ഇതിനു മൂന്നിനും ഉത്തരം പോസിറ്റീവാണെങ്കില്‍ ചികിത്സ മുന്നോട്ടു നീക്കണമെന്നാണ് ഡോക്ടര്‍മാര്‍ ചിന്തിക്കേണ്ടത്. ഒരു സെക്കന്‍ഡ് ഒപ്പീനിയനില്‍ കൂടുതല്‍ ശക്തമായി ഉയര്‍ന്നു വരേണ്ട ചോദ്യങ്ങളാണ് അവ. സെക്കന്‍ഡ് ഒപ്പീനിയന്‍ തേടുന്ന രീതി ഡോക്ടര്‍മാര്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.ഇത്രയും പറഞ്ഞ്, ആര്‍ക്കും നല്‍കാമെന്ന വിശദീകരണത്തോടെ ഡോ. മാത്യു സ്വന്തം ഇ-മെയില്‍ വിലാസം കുറിച്ചു: drmathew.freeconsult@gmail.com

കുഴഞ്ഞു വീണു മരിക്കുന്നവരുടെ എണ്ണം കേരളത്തില്‍ പെരുകുന്നു!

ഡോ. മാത്യു തെക്കേടത്ത് പറയുകയായിരുന്നു: ''ഹൃദയാഘാതങ്ങളുടെയും കുഴഞ്ഞു വീണു മരണങ്ങളുടെയും കാര്യത്തില്‍ കേരളം മറ്റെല്ലാ നാടുകള്‍ക്കും മുമ്പിലാണ്.'' അദ്ദേഹം ഉദാഹരണം നിരത്തി. ''നമുക്ക് എല്ലാവര്‍ക്കും അറിയുന്ന സിനിമാ ലോകത്തെ ചില പ്രമുഖരുടെ കാര്യം മാത്രമെടുക്കാം: ജി. അരവിന്ദന്‍ (51), പദ്മരാജന്‍ (41), ഭരതന്‍ (52), കല്‍പ്പന (51), ശ്രീദേവി (54), മുരളി (54), രതീഷ് (48), ലോഹിതദാസ് (55), ഭരത് ഗോപി (70), സി.എന്‍ ശ്രീകണ്ഠന്‍ നായര്‍ (48), ശബരീനാഥ് (43). ഇവരെല്ലാം കുഴഞ്ഞു വീണു മരിച്ചവരാണ്. അഥവാ, മരിച്ചുകൊണ്ട് കുഴഞ്ഞു വീണവരാണ്. അതുമല്ലെങ്കില്‍ കുഴഞ്ഞുവീണ് അല്‍പ്പസമയത്തിനു ശേഷം അന്ത്യശ്വാസം വലിച്ചവരാണ്.''

ഇവര്‍ക്കാര്‍ക്കും ഹൃദ്രോഗം ഉണ്ടായിരുന്നു എന്ന് അറിഞ്ഞു കൂടായിരുന്നു. അതിന് മരുന്നുകളൊന്നും കഴിച്ചിരുന്നുമില്ല. കുഴഞ്ഞു വീണു മരിക്കുന്നവരില്‍ 96 ശതമാനവും ഹൃദയാഘാതത്തിന്റെ ആദ്യ നിമിഷങ്ങളില്‍ മരണം സംഭവിക്കുന്നവരാണ്. ബാക്കി നാല് ശതമാനം മസ്തിഷ്‌കത്തില്‍ രക്തസ്രാവമോ, അയോര്‍ട്ട പൊട്ടുന്നതു കൊണ്ടോ ഒക്കെയാവാം. കേരളത്തില്‍ കുഴഞ്ഞു വീണു മരിക്കുന്നവരുടെ എണ്ണം ഏകദേശം 14,000 വരുമെന്ന് ഡോ. മാത്യു പറയുന്നു.

Q. എങ്ങനെയാണ് സംഭവിക്കുന്നത്?

കുഴഞ്ഞു വീണു മരണം എങ്ങനെയാണ് സംഭവിക്കുന്നത്? ഹൃദയത്തിന്റെ മാംസപേശികളില്‍ ശുദ്ധരക്തം എത്തിച്ചുകൊടുക്കുന്ന ധമനികളാണ് കൊറോണറി ആര്‍ട്ടറീസ്. ഈ ധമനികളുടെ ഉള്ളിലെ ചര്‍മത്തില്‍ കൊളസ്ട്രോള്‍ മോളിക്യൂളുകള്‍ അടിഞ്ഞുകൂടി കട്ട പിടിക്കും. ഇവയെ പ്ലേക്ക് എന്നാണ് വിളിക്കുക. ഈ പ്ലേക്കുകളുടെ ഉള്ളില്‍ കൊളസ്ട്രോള്‍ ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യും. ചിലപ്പോള്‍ ഈ പ്ലേക്കുകളില്‍ വിള്ളലുകള്‍ ഉണ്ടാവുകയും ദ്രാവകാവസ്ഥയിലുള്ള കൊളസ്ട്രോള്‍ രക്തത്തിലേക്ക് ഒലിച്ചിറങ്ങുകയും ചെയ്യും. ആ നിമിഷത്തില്‍ തന്നെ ഈ കൊറോണറി ധമനികളില്‍ രക്തം കട്ട പിടിച്ച് മാംസപേശികളിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുകയും ചെയ്യും. തല്‍ഫലമായി മാംസ പേശികളില്‍ ഓക്സിജന്റെ അളവ് പെട്ടെന്ന് കുറയും. ഹൃദയത്തുടിപ്പുകളെ നിയന്ത്രിക്കുന്ന ഇലക്ട്രിക്കല്‍ തരംഗങ്ങളുടെ താളം തെറ്റി തുള്ളി വിറയാന്‍ തുടങ്ങും. വെന്‍ട്രികുലാര്‍ ഫൈബ്രിലേഷന്‍ എന്നാണ് ഈ സ്ഥിതിവിശേഷത്തെ പറയുന്നത്. ഞൊടിയിടക്കുള്ളില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കും. ബോധമറ്റ് രോഗി കുഴഞ്ഞു വീഴും. അഞ്ച് മിനിട്ടിനുള്ളില്‍ മരണവും സംഭവിക്കും.

Q. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായിത്തുടങ്ങിയത് വ്യവസായ വിപ്ലവത്തിനു ശേഷമോ?

ഇവിടെ കൗതുകകരമായ ഒരു നിരീക്ഷണം ഡോ. മാത്യു നടത്തുന്നുണ്ട്. മാനവികതയുടെ എഴുതപ്പെട്ട ചരിത്രത്തിന് 5000ത്തിലേറെ വര്‍ഷം പഴക്കമുണ്ട്. നമ്മുടെ മതഗ്രന്ഥങ്ങളിലും കഥകളിലും നാടകങ്ങളിലും വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലുമൊക്കെയായി ഏകദേശം 1500ലേറെ വിവിധ രോഗങ്ങളും രോഗലക്ഷണങ്ങളും അവയുടെ മെഡിക്കല്‍, സര്‍ജിക്കല്‍ ചികിത്സാ രീതികളും വിവരിച്ചിട്ടുണ്ട്. കുഷ്ഠം, ക്ഷയം, അപസ്മാരം, തളര്‍വാതം,ഹിസ്റ്റീരിയ, അന്ധത, ബധിരത, രക്തസ്രാവം തുടങ്ങി ആയിരങ്ങള്‍. എന്നാല്‍ അവയില്‍ ഒരിടത്തും കനത്ത നെഞ്ചു വേദനയോ, കുഴഞ്ഞു വീണുമരണമോ രേഖപ്പെടുത്തിയിട്ടില്ല. നമ്മുടെ സ്വന്തം ചരകനോ ശുശ്രുതനോ ആര്യഭട്ടനോ ഒന്നും തന്നെ ഈ രോഗം അറിഞ്ഞു കൂടായിരുന്നു. ഗ്രീക്ക് നാടക

കൃത്തുക്കളോ വ്യാസനോ വാത്മീകിയോ കാളിദാസനോ ആര്‍ക്കും തന്നെ ഇത്ര ഗംഭീരമായ ഒരു നാടകനിമിഷം വിവരിക്കാന്‍ കഴിഞ്ഞിട്ടില്ല. മക്കളാല്‍ പരിത്യജിക്കപ്പെട്ട് സര്‍വവും നശിച്ച് ഭ്രാന്തു പിടിച്ച് കൊടുങ്കാറ്റിലേക്ക് ഓടിയിറങ്ങുന്ന കിംഗ് ലിയര്‍ക്ക് കുഴഞ്ഞു വീണു മരിക്കാമായിരുന്നു. അവിടെയും അതുകണ്ടില്ല. കാരണം, എഡി 1600ല്‍ കുഴഞ്ഞുവീണു മരണം ഷേക്സ്പിയര്‍ക്ക് അറിയില്ലായിരുന്നു. ഇതുകൊണ്ടൊക്കെ ന്യായമായും അനുമാനിക്കാം, ഹാര്‍ട്ട് അറ്റാക്ക് വ്യവസായ വിപ്ലവത്തിനു ശേഷം മനുഷ്യരാശിയില്‍ ഉദിച്ച പുതിയ രോഗമാണ്.

Q. നിസാരമായി കണ്ടാല്‍ അപകടമാകുമോ?

നമുക്കിടയില്‍ ഒരാള്‍ക്ക് ഹൃദയാഘാതത്തിന്റെ ലക്ഷണമുണ്ടായാല്‍ തന്നെയും അപാരമായ അലസത കാണിച്ച് കാര്യങ്ങള്‍ കുഴപ്പത്തിലാക്കുന്ന പ്രവണതയ്ക്കു നേരെയും ഡോ. മാത്യു വിരല്‍ചൂണ്ടി. സാധാരണ പറയുന്ന മുടന്തന്‍ ന്യായങ്ങള്‍ ഇങ്ങനെയൊക്കെയാവും: ''ഞാന്‍ വിചാരിച്ചു ഗ്യാസാണെന്ന്'', ''ഞാനോര്‍ത്തു, സാമ്പാറിന്റെ കുഴപ്പമാണെന്ന്'' എന്ന് പറയുന്ന കൂട്ടരുണ്ട്. എന്നാല്‍ ഹാര്‍ട്ട് അറ്റാക്കിന്റെ തുടക്കമായിരിക്കാം എന്ന് ആദ്യമായി സംശയിക്കേണ്ടത് രോഗിയോ കുടുംബാംഗങ്ങളോ തന്നെയായിരിക്കണം. ഉടന്‍ ഒരു ബേബി ആസ്പിരിന്‍ ചവച്ചിറക്കുകയും വൈദ്യസഹായം തേടുകയും വേണം. നിസാരമായി കാണുന്നത് അപകട സാധ്യത കൂട്ടും -ഡോ. മാത്യു പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com