ഫോണ്‍-ഇന്റര്‍നെറ്റ് കോളുകളില്‍ ഇനി പേര് തെളിയും, ടെലികോം ബില്ലില്‍ ട്രൂകോളറിന് സമാനമായ സേവനവും
സേവ് ചെയ്തില്ലെങ്കിലും വിളിക്കുന്നവരുടെ പേര് വിവരങ്ങള്‍ ഫോണില്‍ തെളിഞ്ഞുവരുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച നിയമങ്ങള്‍ ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ 2022ന്റെ കരടില്‍ (Telecommunication Bill, 2022) ഉള്‍പ്പെടുത്തി. ഈ വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ ട്രായിയോട് (ടെലികോം റെഗുലേറ്ററി അതോറിറ്റി) കഴിഞ്ഞ മെയില്‍ ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
Also Read: ഇന്റര്‍നെറ്റ് കോളിംഗിന് പണം ഈടാക്കുമോ ? വാട്‌സാപ്പ് അടക്കമുള്ള ആപ്പുകള്‍ക്ക് ടെലികോം ലൈസന്‍സ്
137 വര്‍ഷം പഴക്കമുള്ള ടെലിഗ്രാഫ് ആക്ടിന് പകരമെത്തുന്ന ടെലികോം ആക്ട് 6-10 മാസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വന്നേക്കുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 20 വരെ കരട് ബില്ലിന്മേള്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. ഫോണ്‍ കോളിന് പുറമെ വാട്‌സാപ്പ് അടക്കമുള്ള ഓവര്‍-ദി-ടോപ് ആപ്പുകളിലൂടെയുള്ള ഇന്റര്‍നെറ്റ് കോളിംഗിലും ട്രൂകോളറിന് സമാനമായ സൗകര്യം എത്തുമെന്ന് ടെലികോം മന്ത്രി വ്യക്തമാക്കി. ഉപഭോക്താക്കള്‍ വ്യക്തിവിവരങ്ങള്‍ ശരിയായ രീതിയില്‍ നല്‍കിയാല്‍ മാത്രമേ ഈ ഉദ്ദ്യമം വിജയകരമാവുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും 50,000 രൂപ പിഴയും വിധിക്കാനോ ടെലികോം സേവനം സസ്‌പെന്‍ ചെയ്യാനോ ഉള്ള വ്യവസ്ഥയും കരട് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്തെ ഭൂരിഭാഗം സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളും 'ട്രൂകോളര്‍' എന്ന തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്. ട്രൂകോളറിന്റെ ആകെ ഉപഭോക്താക്കളില്‍ 60 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ബില്‍ പാസാവുന്നതോടെ ഏറ്റവും വലിയ തിരിച്ചടി നേരിടുക സ്വീഡിഷ് കമ്പനിയായ ട്രൂകോളര്‍ ആയിരിക്കും.
അതേസമയം ഈ സേവനം പൂര്‍ണമായും നല്‍കുന്നതിന് ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് ടെലികോം കമ്പനികള്‍ പറയുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ടെലികേം കമ്പനികളുടെ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാക്കേണ്ടതുണ്ട്. കൂടാതെ ഈ വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ കമ്പനികള്‍ ധാരണയിലുമെത്തണം. ഇതിനായി പ്രത്യേക നിക്ഷേപം ആവശ്യമാണെന്നും ടെലികോം കമ്പനികള്‍ ചൂണ്ടിക്കാട്ടി. ട്രൂകോളിന് സമാനമായ സേവനം എത്തുന്നത് രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളും വ്യാജകോളുകളും കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.