മുകേഷ് അംബാനിയുടെ നിരയില്‍ ഡോ.ആസാദ് മൂപ്പനും; രാജ്യത്തെ ഏറ്റവും ധനികരായ പ്രൊമോട്ടര്‍ നിക്ഷേപകരുടെ പട്ടികയില്‍ ഇടം പിടിച്ച് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍

മുകേഷ് അംബാനി, അനില്‍ അഗര്‍വാള്‍, അസിം പ്രേംജി തുടങ്ങിയ അതിസമ്പന്നരുടെ നിരയിലാണ് ഡോ. ആസാദ് മൂപ്പനും ഇടം പിടിച്ചത്; കേരളത്തില്‍ നിന്ന് പട്ടികയില്‍ അദ്ദേഹം മാത്രം
Dr.Asad Moopan
Dr.Asad Moopan
Published on

രാജ്യത്തെ ഏറ്റവും ധനികരായ പ്രമോട്ടര്‍ നിക്ഷേപകരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടംപിടിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍. 2,594 കോടി രൂപയുടെ ആളോഹരി വരുമാനമാണ് ഡോ. ആസാദ് മൂപ്പനെ ഈ സവിശേഷ പട്ടികയില്‍ മുന്‍നിരയില്‍ എത്തിച്ചത്. കേരളത്തില്‍ നിന്നും ഈ പട്ടികയില്‍ ഇടംപിടിച്ച ഒരേയൊരു വ്യവസായിയും ആസാദ് മൂപ്പനാണ്. രാജ്യത്തെ അതിസമ്പന്ന വ്യവസായികളായ മുകേഷ് അംബാനി, അനില്‍ അഗര്‍വാള്‍, അസിം പ്രേംജി എന്നിവരാണ് പട്ടികയില്‍ മുന്‍നിരയിലുള്ളത്.

നിക്ഷേപകര്‍ക്ക് ഓരോ ഓഹരിക്കും 118 രൂപ വീതം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ അടുത്തിടെ പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് രൂപയുടെ അന്തിമ ഓഹരി വിഹിതവും നാല് രൂപയുടെ ഇടക്കാല ഓഹരിവിഹിതവും നിക്ഷേപകര്‍ക്ക് നല്‍കി. നിലവില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കമ്പനിയുടെ 42 ശതമാനം ഓഹരികളാണ് ഡോ. ആസാദ് മൂപ്പന്‍ ഉള്‍പ്പെടെയുള്ള പ്രമോട്ടര്‍മാരുടെ കൈവശമുള്ളത്. ഇന്ത്യയിലും ഗള്‍ഫ് മേഖലയിലും ഉന്നതനിലവാരമുള്ള സമഗ്രമായ ചികിത്സയും പരിചരണവും നല്‍കുന്ന ആശുപത്രി ശൃംഖലയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍.

ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍

ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡുമായുള്ള ലയനം ആസ്റ്ററിന്റെ വളര്‍ച്ചയിലെ പുതിയ നാഴികക്കല്ലാകും. ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തില്‍ ബ്ലാക്ക്‌സ്റ്റോണിന്റെ പിന്തുണയോടെ നിലവില്‍ വരുന്ന 'ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍', ലയന നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളില്‍ ഒന്നായി മാറും. ഈ ശൃംഖലയിലെ ആശുപത്രികളുടെ എണ്ണം 38 ആയി ഉയരും. 27 നഗരങ്ങളിലായി 10,300 ലേറെപ്പേരെ കിടത്തി ചികില്‍സിക്കാനുള്ള സൗകര്യമുണ്ടാകും. മറ്റ് വ്യവസായികളെ അപേക്ഷിച്ച്, ആതുരസേവന രംഗത്തെ മികവിനും സാമൂഹികപരിരക്ഷക്കും വേണ്ടി പ്രവര്‍ത്തിച്ച് ആ പട്ടികയില്‍ ഇടംനേടിയ ഒരേയൊരാള്‍ ഡോ. ആസാദ് മൂപ്പനാണ്. 1987ല്‍ ദുബായില്‍ സ്ഥാപിച്ച ഒരു ചെറിയ ക്ലിനിക്കില്‍ നിന്നാണ് ഇന്ന് 900ലേറെ ആശുപത്രികളുള്ള വലിയൊരു പ്രസ്ഥാനമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ വളര്‍ന്നത്. ഏഴ് രാജ്യങ്ങളിലായി 34,000 ലധികം പേര്‍ക്ക് ജോലിയും നല്‍കി. തുടക്കം മുതല്‍ സുസ്ഥിരതയ്ക്കും പ്രവര്‍ത്തനമികവിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഡോ. ആസാദ് മൂപ്പന്‍ വൈദ്യശാസ്ത്ര രംഗത്ത് തന്റെ ബിസിനസ് സാമ്രാജ്യം വളര്‍ത്തിക്കൊണ്ടുവന്നത്. 2011ല്‍ ഡോ. ആസാദ് മൂപ്പനെ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ പദവിയും ലഭിച്ചു.

ആതുര സേവനത്തിലെ കാരുണ്യം

ഒരേസമയം രോഗികള്‍ക്ക് കാരുണ്യസ്പര്‍ശമേകുന്ന ഡോക്ടറും ആദര്‍ശശാലിയായ ബിസിനസുകാരനുമാണ് ഡോ.ആസാദ് മൂപ്പന്‍. വയനാട്ടിലെ ചികിത്സാ സംവിധാനങ്ങളിലെ പോരായ്മകള്‍ കണക്കിലെടുത്ത് അവിടെ ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിച്ചു. കേരളത്തിലെ മലയോര, ആദിവാസിമേഖലയില്‍ സ്ഥാപിക്കപ്പെട്ട ആദ്യത്തെ മെഡിക്കല്‍ കോളേജ് ആണ് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്. വയനാട് ജില്ലയിലെ ആരോഗ്യരംഗം മാറ്റിമറിക്കുന്നതില്‍ ഈ നീക്കം നിര്‍ണായകമായി.

2016ല്‍ തുടങ്ങിയ ആസ്റ്റര്‍ വോളന്റിയേഴ്സ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളില്‍ ഒന്നായി ഇതിനോടകം വളര്‍ന്നു. 85,000 ലധികം സന്നദ്ധ പ്രവര്‍ത്തകരാണ് നിലവില്‍ ആസ്റ്റര്‍ വോളന്റിയേഴ്സില്‍ ഉള്ളത്. വിദൂര മേഖലകളില്‍ ചികിത്സാ സഹായം എത്തിക്കുക, അടിയന്തിര ഘട്ടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയാണ് പ്രധാനലക്ഷ്യങ്ങള്‍. 2018ലെ പ്രളയകാലത്ത് ദുരിതബാധിതര്‍ക്ക് വീടുകള്‍ വെച്ചുനല്‍കുമെന്ന് ഡോ. ആസാദ് മൂപ്പന്‍ പ്രഖ്യാപിച്ചിരുന്നു. 2022ല്‍ 255 വീടുകള്‍ നിര്‍മിച്ച് താക്കോല്‍ കൈമാറി. 2023ലെ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തകാലത്തും സഹായഹസ്തവുമായി മുന്നിലുണ്ടായിരുന്നു. ആരോഗ്യ വിദഗ്ധരെ ദുരന്തമുഖത്ത് എത്തിച്ച് വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കി. സാമൂഹികനന്മയില്‍ ഊന്നിക്കൊണ്ടുള്ള ആതുരസേവന പ്രവര്‍ത്തനത്തിലൂടെ ശക്തമായ സാമ്പത്തിക അടിത്തറയും നേടാമെന്നാണ് ഡോ. ആസാദ് മൂപ്പന്‍ കാണിച്ചു തരുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com