400 ദശലക്ഷത്തിൻ്റെ നിക്ഷേപവുമായി ഡ്രീം സ്പോർട്സ്

ഇന്ത്യൻ ഫാൻ്റെസി സ്പോർട്സ് പ്ലാറ്റ്ഫോമായ ഡ്രീം സ്പോർട്സിന് 400 ദശലക്ഷത്തിൻ്റെ പുതിയ നിക്ഷേപവുമായി അമേരിക്കൻ കമ്പനികൾ. കാലിഫോർണിയ ആസ്ഥാനമായുള്ള ടെക്നോളജി ക്രോസ് ഓവർ വെഞ്ചേഴ്സ്(ടിസിവി), ന്യൂയോർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡി വൺ പാർട്ണർസ് എന്നീ നിക്ഷേപ കമ്പനികളാണ്‌ ഗെയിമിംഗ് മേഖലയിലെ രാജ്യത്തെ ആദ്യ യൂണികോൺ സ്റ്റാർട്ടപ്പായ ഡ്രീം സ്പോർട്സിൻ്റെ പുതിയ നിക്ഷേപകർ. ഇതാദ്യമായാണ് ദീർഘകാലമായി നെറ്റ്ഫ്ലിക്സുമായി ചേർന്ന് പ്രവർത്തിക്കുന്ന ടിസിവി ഇന്ത്യയിൽ നിക്ഷേപം നടത്തുന്നത്. ഡ്രീം സ്പോർട്സിൻ്റെ ആദ്യകാല നിക്ഷേപകരിൽ ചിലർ ഓഹരി വിറ്റഴിച്ചത് വഴിയാണ് പുതിയ നിക്ഷേപകർ രംഗത്തു വന്നത്. കമ്പനിയുടെ ഓൺലൈൻ സ്പോർട്സ് പ്ലാറ്റ്ഫോമായ ഡ്രീം 11 ൻ്റെ മൂല്യം 2.5 ബില്യൺ ഡോളറാണ്. ആറു മാസം മുൻപ് വരെ 2.25 മില്യൻ ഡോളർ കമ്പനി സമാഹരിച്ചതായാണ് കണക്കുകൾ. പുതിയ നിക്ഷേപകർ വന്നതോടുകൂടി ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഗെയിമിംഗ് യൂണികോണിന് 5 ബില്യൺ ഡോളറിനടുത്ത് വിലമതിക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ആദ്യകാല നിക്ഷേപകർ ഓഹരികൾ പൂർണമായും പിൻവലിച്ചു പുറത്തു പോകുന്നില്ലെന്നും, പുതിയ നിക്ഷേപകർ കമ്പനിയുടെ വളർച്ചക്ക് കൂടുതൽ കരുത്ത് പകരുമെന്നും, ഇത് ഇന്ത്യയിലെ സ്റ്റാർട്ടപ്പ് മേഖലയിൽ പ്രതീക്ഷയേകുന്ന ഒന്നാണെന്നും ഡ്രീം സ്പോർട്സിൻ്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ഹർഷ് ജെയ്ൻ ദി മിൻ്റ് ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ചൈനീസ് ഗെയിമിംഗ് ആപ്പുകൾ നിരോധിച്ചതോടുകൂടിയാണ് രാജ്യത്ത് ഫാൻ്റെസി സ്പോർട്സ് ആപ്ലിക്കേഷനായ ഡ്രീം സ്പോർട്ട്സിന് ആരാധകർ കൂടിയത്.

നിലവിലെ നിക്ഷേപകരായ ടൈഗർ ഗ്ലോബൽ, ക്രിസ് ക്യാപിറ്റൽ, ഡിജിപി ഗ്രോത്ത്, സ്റ്റഡ് വ്യൂ ക്യാപിറ്റൽ & ഫുട്ട്പാത് തുടങ്ങിയ കമ്പനികൾ പുതിയ ഓഹരി നിക്ഷേപത്തിലും പങ്കാളികളായിട്ടുണ്ട്. നവ്റോസ് ഉദ്വാഡ്യയുടെ ഉടമസ്ഥതയിലുള്ള ഫാൽക്കൺ എഡ്ജ് ക്യാപിറ്റൽ ആൽഫാ വേവ് വഴിയാണ് നിക്ഷേപത്തിൽ പങ്കാളിയായത്. അവൻ്റെസ് ക്യാപിറ്റൽ എന്ന കമ്പനിയായിരുന്നു ഡ്രീം സ്പോർട്സിൻ്റെ സാമ്പത്തിക ഉപദേഷ്ടാവ്.

ആദ്യകാല നിക്ഷേപകരിലൊന്നായ കലാരി ക്യാപിറ്റലും മൾട്ടിപ്പിൾ ആൾട്ടർനേറ്റ് മാനേജ്മെൻ്റും ഈ ഘട്ടത്തിൽ ചെറിയ ശതമാനം ഓഹരികൾ വിറ്റു. ഓഹരികൾ ഒന്നും നിൽക്കാതെ ചൈനാ കമ്പനിയായ ടെൻസെൻ്റ് ഡ്രീം സ്പോർട്സിൻ്റെ 10 ശതമാനത്തിൽ താഴെയുള്ള ഓഹരികൾ നിലനിർത്തിയിട്ടുണ്ട്. "നിക്ഷേപകർക്ക് കൂടുതൽ വരുമാനം നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. അതിനാൽ എൽഎസ്പി(ലിക്വിഡ് പ്രൊവിഷൻ സ്കീം) തിരിച്ചടക്കാനും, കൂടുതൽ ഫണ്ട് സമാഹരിക്കാനും, സംരംഭകർക്ക് അടുത്തഘട്ടത്തിൽ കൂടുതൽ ധനസഹായം നൽകുന്നതിനും വഴിയൊരുക്കും.ഇത് ഈ മേഖലയിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സ്ഥാപനങ്ങളെ സഹായിക്കും" ഹർഷ് ജെയിൻ പറയുന്നു. 2018 ലാണ് ഹർഷ് ജെയ്നും,ഭവിത് ഷേതും ഡ്രീം സ്പോർട്സ് എന്ന സംരംഭം ആരംഭിച്ചത്. 2019 ഓടുകൂടി കമ്പനി യൂണികോൺ ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു. ഡ്രീം സ്സ്പോർട്സിൻ്റെ പങ്കാളിത്തത്തോടെ മികച്ച പ്രവർത്തനം നടത്താൻ കഴിയുമെന്ന് ടിസിവി പ്രതിനിധി വിലയിരുത്തുന്നു.

മഹാമാരിയുടെ തുടക്കകാലത്ത് വലിയ തിരിച്ചടികൾ നേരിടേണ്ടിവന്ന ഡ്രീം സ്പോർട്സിന് കായികമത്സരങ്ങൾ പുനരാരംഭിച്ചതോടുകൂടി ആരാധകർ കൂടി. നിലവിൽ 100 ദശലക്ഷം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. ഫാൻ്റെസി സ്പോർട്സ് യഥാർത്ഥ കായികമത്സരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഡിജിറ്റൽ ഗെയിമുകളായാണ് ഡ്രീം സ്പോർട്സ് അവതരിപ്പിക്കുന്നത്. ഡ്രീം സ്പോർട്സിന്റെ മറ്റ് ബ്രാൻഡുകളായ ഫാൻ‌കോഡ്, ഡ്രീംസെറ്റ്ഗോ, ഡ്രീം എക്സ് എന്നിവ ഇതേ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. ഉള്ളടക്കം, വാണിജ്യം, കമ്മ്യൂണിറ്റി എന്നിവയെ യഥാക്രമം സമന്വയിപ്പിക്കുന്ന ഒരു മൾട്ടി-സ്‌പോർട്ട് അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമാണ് ഫാൻകോഡ്. വരുമാനത്തിൻ്റെ കാര്യത്തിൽ 90 ശതമാനവും ഡ്രീം 11 ആണ് സംഭാവന ചെയ്യുന്നത്. രണ്ടു മൂന്നു വർഷത്തിനുള്ളിൽ മറ്റു ബ്രാൻഡുകളും ഉയർന്ന വരുമാനം കൈവരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഒരു വലിയ സ്പോർട്സ് ടെക്ക് സ്ഥാപനം ജനങ്ങളിലേക്കെത്തിക്കാൻ ഡ്രീം സ്പോർട്സ് ലക്ഷ്യമിടുന്നതായി ഹർഷ് ജെയ്ൻ സൂചിപ്പിച്ചു. ഇതിനായി നിരവധി സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ധനസഹായം നൽകി അവരെ വളർത്തിയെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it