

അജ്മാനിലെ ഈ ഹോട്ടലില്‍ പോയാല്‍ കുടിക്കാന്‍ ശുദ്ധമായ വെള്ളം സൗജന്യമായി കിട്ടും. കിണറില്‍ നിന്നോ കടലില്‍ നിന്നോ ശുദ്ധീകരിച്ചെടുക്കുന്നതല്ല ഇത്. വായുവില്‍ നിന്ന് വെള്ളമുണ്ടാക്കുന്ന വിദ്യ വിജയകരമായി നടപ്പാക്കുകയാണ് അജ്മാനിലെ ബഹി പാലസ് ഹോട്ടല്‍. ചൂടുള്ള വായുവിനെ നീരാവിയാക്കി തണുപ്പിച്ച് കുടിവെള്ളമാക്കി മാറ്റുന്നതാണ് വിദ്യ. ദിവസേന 1,000 ലിറ്റര്‍ വെള്ളമാണ് ഈ രീതിയില്‍ ഉല്‍പാദിപ്പിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ശുദ്ധീകരിച്ച വെള്ളമാണ് ഹോട്ടലില്‍ സൗജന്യമായി നല്‍കുന്നത്.
ഗള്‍ഫ് നാടുകളില്‍ സര്‍വ സാധാരണായ പ്ലാസ്റ്റിക് ബോട്ടില്‍ വെള്ളം ഈ ഹോട്ടലില്‍ കാണില്ല. നേരത്തെ ദിവസേന 700 ബോട്ടില്‍ വെള്ളമാണ് ഇവിടെ ആവശ്യമായി വന്നിരുന്നത്. ഇപ്പോള്‍ ഗ്ലാസ് ബോട്ടിലുകളില്‍ വെള്ളം ശേഖരിച്ചാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. മൂന്നു മാസം വരെ കേട് കൂടാതെ സൂക്ഷിക്കാം. യുഎഇ ആരോഗ്യ വകുപ്പിന്റെ പരിശോധനകള്‍ക്ക് ശേഷമാണ് വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നത്.
ആധുനിക രീതിയിലുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് ചൂടുള്ള അന്തരീക്ഷ വായു വലിച്ചെടുത്ത് തണുപ്പിക്കുകയാണ് ചെയ്യുന്നത്. നീരാവി ബോട്ടിലുകളില്‍ ശേഖരിച്ച് ശുദ്ധീകരിച്ച്, മിനറല്‍ വെള്ളമാക്കി അള്‍ട്രാവയലറ്റ് ട്രീറ്റ്‌മെന്റിന് ശേഷമാണ് ഉപയോഗിക്കുന്നത്. അണുവിമുക്തമാക്കിയ ഗ്ലാസ് ബോട്ടിലുകളിലാണ് വെള്ളം ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ഇടവേളകളില്‍ ഈ വെള്ളം അജ്മാന്‍ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ വിഭാഗം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്.
യുഎഇയിലെ കാലാവസ്ഥക്ക് അനുയോജ്യമാണ് ഈ സാങ്കേതിക വിദ്യയെന്ന് ബഹി പാലസിന്റെ ജനറല്‍ മാനേജര്‍ ഇഫ്തിക്കര്‍ ഹംദാനി പറയുന്നു. വര്‍ഷത്തില്‍ അധിക സമയവും ഉയര്‍ന്ന ചൂടുള്ള പ്രദേശങ്ങളില്‍ നീരാവിയില്‍ നിന്ന് കുടിവെള്ളം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. കടല്‍ വെള്ളം ശുദ്ധീകരിക്കുന്നതിനെ അപേക്ഷിച്ച് ചെലവ് കുറഞ്ഞതും ശുദ്ധവുമാണ് ഇതുവഴി ലഭിക്കുന്നത്. പ്ലാസ്റ്റിക്ക് ഒഴിവാക്കുന്നതിലൂടെ പരിസ്ഥിതിക്ക് കരുതലുമുണ്ട്. ഹോട്ടല്‍ മേഖലയില്‍ ഈ സാങ്കേതിക വിദ്യ ഏറെ പ്രയോജനം ചെയ്യുന്നതാണെന്നും ഹംദാനി കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine