ഡ്രൈവിംഗ് ലൈസന്‍സ് ആപ്ലിക്കേഷന്‍ നിയമങ്ങള്‍ മാറുന്നു; വിശദാംശങ്ങള്‍ അറിയാം

ഡിജിറ്റല്‍ ഇന്ത്യ കാമ്പെയ്‌നിന്റെ ഭാഗമായി നിരവധി സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായി. എങ്ങനെ അപേക്ഷിക്കാം, പുതുക്കാം എന്നത് അറിയേണ്ടത് അത്യാവശ്യമാണ്.
ഡ്രൈവിംഗ് ലൈസന്‍സ് ആപ്ലിക്കേഷന്‍ നിയമങ്ങള്‍ മാറുന്നു; വിശദാംശങ്ങള്‍ അറിയാം
Published on

ഡ്രൈവിംഗ് ലൈസന്‍സ് (ഡിഎല്‍) വിതരണം ചെയ്യുന്നതും പുതുക്കുന്നതും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സേവനങ്ങളും സംബന്ധിച്ച് നിയമങ്ങളില്‍ നിരവധി മാറ്റങ്ങള്‍ കേന്ദ്ര ഗതാഗത മന്ത്രാലയം അവതരിപ്പിച്ചു. ഡിജിറ്റല്‍ ഇന്ത്യ കാമ്പെയ്‌നിന്റെ ഭാഗമായി നിരവധി സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായി. ഈ മാറ്റങ്ങളിലൂടെ ജനങ്ങള്‍ക്ക് അവരുടെ രേഖകള്‍ തടസ്സമില്ലാതെ നല്‍കാനോ പുതുക്കാനോ സഹായിക്കും. ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്,ഝാര്‍ഖണ്ഡ് തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ ഇതിനോടകം ഈ പുതിയ നിയമങ്ങള്‍ നടപ്പാക്കിക്കഴിഞ്ഞു. രാജ്യം മുഴുവന്‍ പുതിയ രീതിയിലേക്ക് ചുവടു വയ്ക്കുമ്പോള്‍ അറിയാം ഡ്രൈവിംഗ് ലൈസന്‍സിംഗിലെ ഏറ്റവും പുതിയ മാറ്റങ്ങള്‍.

അപേക്ഷ ഓണ്‍ലൈന്‍ വഴി മാത്രം

ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനിലൂടെമമാത്രമേ ഇപ്പോള്‍ ചില സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നുള്ളൂ. അങ്ങനെ, ഓഫ്ലൈന്‍ നടപടിക്രമങ്ങള്‍ ഒഴിവാക്കുകയാണ്. ബീഹാര്‍, യുപി, ദില്ലി-എന്‍സിആറിന്റെ ദേശീയ തലസ്ഥാന മേഖല എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ അപേക്ഷാ സൗകര്യം ആരംഭിച്ചു കഴിഞ്ഞു.

ഓണ്‍ലൈന്‍ ഡ്രൈവിംഗ് ലൈസന്‍സിനും അനുബന്ധ സേവനങ്ങള്‍ക്കും അപേക്ഷിക്കാനുള്ള നടപടികള്‍:

സ്റ്റെപ് 01: https://parivahan.gov.in/parivahan//en എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സ്റ്റെപ് 02: ഹോം പേജിലെ ഓണ്‍ലൈന്‍ സേവന ടാബില്‍ ക്ലിക്കുചെയ്യുക. നിരവധി സേവനങ്ങളുടെ ഓപ്ഷന്‍ ഉള്ള ഒരു ഡ്രോപ്പ് ഡൗണ്‍ മെനു ഇത് കാണിക്കും. ഇതില്‍ നിന്നാണ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യേണ്ടത്.

സ്റ്റെപ് 03 : ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് 'ഡ്രൈവിംഗ് ലൈസന്‍സ് അനുബന്ധ സേവനങ്ങള്‍' തിരഞ്ഞെടുക്കുക

സ്റ്റെപ് 04: നിങ്ങള്‍ സേവനം തേടുന്ന സംസ്ഥാനം / 'സ്റ്റേറ്റ്' തിരഞ്ഞെടുക്കുക

സ്റ്റെപ് 05 : 'ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുക' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഓപ്ഷന്‍ തെരഞ്ഞെടുത്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക. വേണ്ടപ്പെട്ട എല്ലാ രേഖകളും നിങ്ങള്‍ അപ്ലോഡ് ചെയ്യേണ്ടിവരും.

ലേണിംഗ് ലൈസന്‍സിന് ഫീസ് അടയ്‌ക്കേണ്ട വിധം 

മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും ഗതാഗത വകുപ്പുകള്‍ പഠന ലൈസന്‍സ് അപേക്ഷയ്ക്കായി ഫീസ് നിക്ഷേപിക്കുന്ന സമ്പ്രദായത്തില്‍ മാറ്റം വരുത്തി. പുതിയ സമ്പ്രദായത്തില്‍, ഓണ്‍ലൈനില്‍ സ്ലോട്ട് ബുക്ക് ചെയ്തയുടന്‍ അപേക്ഷകന്‍ ഇപ്പോള്‍ പരീക്ഷ ഫീസ് തുക നിക്ഷേപിക്കണം.

ഫീസ് അടച്ചതിനുശേഷം, നിങ്ങളുടെ സൗകര്യമനുസരിച്ച് ഓണ്‍ലൈനായി പരീക്ഷയുടെ തീയതി തെരഞ്ഞെടുക്കാം.

മറ്റൊരു പ്രധാന മാറ്റം പരീക്ഷയ്ക്ക് ശേഷം ലേണിംഗ് ലൈസന്‍സ് അപേക്ഷകന്‍, ലൈസന്‍സ് ലഭിക്കുന്നതിന് ജില്ലാ ഗതാഗത ഓഫീസില്‍ കാത്തിരിക്കേണ്ടതില്ല എന്നതാണ്.

ഇപ്പോള്‍ ലൈസന്‍സ് ഡോക്യുമെന്റിന്റെ ഓണ്‍ലൈന്‍ പ്രിന്റ് എടുത്ത് ഉപയോഗിക്കാം. ഒരു ഓണ്‍ലൈന്‍ ടെസ്റ്റിനായി മാത്രം അപേക്ഷകര്‍ ഓഫീസില്‍ എത്തിയാല്‍ മതിയാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com