
സമാനതകളില്ലാത്ത ആക്രമണമാണ് റഷ്യയുടെ എയര്‍ ബേസുകളിലേക്ക് യുക്രെയ്ന്‍ കേവലം 117 ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയത്. സൈന്യത്തിന്റെ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവെന്നതിനേക്കാള്‍ ഇത്തരമൊരു ആക്രമണം മുന്‍കൂട്ടി കാണാനോ തടുക്കാനോ സാധിച്ചില്ലെന്നതാകും റഷ്യയെ കൂടുതല്‍ അലട്ടുക. ഈച്ച പോലും കടക്കാത്ത പഴുതടച്ച സുരക്ഷ സംവിധാനമെന്ന റഷ്യന്‍ അവകാശവാദത്തിന് മേലാണ് ആ 117 ഡ്രോണുകള്‍ വന്നു പതിച്ചത്.
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇത്ര സംഘടിതമായൊരു പുതുതലമുറ യുദ്ധതന്ത്രം ലോകം കാണുന്നത് തന്നെ ആദ്യമായിട്ടായിരിക്കും. ഭാവിയില്‍ യുദ്ധങ്ങള്‍ നയിക്കാനും ജയിക്കാനും ഡ്രോണ്‍ അധിഷ്ഠിത സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്ന് യുക്രെയ്ന്‍ ആക്രമണം കാണിച്ചുതന്നു. 200 കോടി ഡോളറിന്റെ നഷ്ടം റഷ്യയ്ക്ക് നേരിടേണ്ടി വന്നുവെന്നാണ് കണക്ക്.
ലോകത്തിന്റെ പല ഭാഗത്തും വ്യത്യസ്തമായതും സാങ്കേതിക വിദ്യയെ കൂട്ടുപിടിക്കുന്നതുമായ യുദ്ധതന്ത്രങ്ങള്‍ വിജയകരമായി നടപ്പിലാക്കുന്നുണ്ട്. കുറഞ്ഞ ചെലവില്‍ ശത്രുവിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ വലിയ നാശനഷ്ടം വരുത്താന്‍ ഇത്തരം സംവിധാനങ്ങള്‍ക്ക് കഴിയും. പരമ്പരാഗത മാര്‍ഗങ്ങള്‍ മാത്രം മതിയാകാതെ വരുന്നു യുദ്ധത്തിനെന്ന പാഠമാണ് യുക്രെയ്ന്‍ നല്കുന്നത്.
അതിര്‍ത്തി സംരംക്ഷിക്കാന്‍ ഇന്ത്യ ശതകോടികളാണ് മുടക്കുന്നത്. ഡ്രോണ്‍ ആക്രമണം തടയുന്നതിനായും കോടികള്‍ മുടക്കി പ്രതിരോധ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ സംവിധാനങ്ങള്‍ മതിയാകുമോയെന്ന് റഷ്യയ്ക്ക് മേല്‍ പ്രഹരമേല്പിച്ച ഡ്രോണ്‍ ആക്രമണത്തിലൂടെ ആത്മപരിശോധന ചെയ്യാന്‍ ഇന്ത്യയ്ക്ക് സാധിക്കും.
ഓപ്പറേഷന്‍ സിന്ദൂറിന് മറുപടിയായി പാക്കിസ്ഥാന്‍ തൊടുത്തുവിട്ട ഡ്രോണുകളെയെല്ലാം നിഷ്ഫലമാക്കാന്‍ ഇന്ത്യന്‍ വ്യോമപ്രതിരോധത്തിന് സാധിച്ചു. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാല്‍ ഈ ഡ്രോണുകളെല്ലം അതിര്‍ത്തിക്കപ്പുറത്തു നിന്നാണ് വന്നത്. നിരീക്ഷിക്കാനും പ്രതിരോധിക്കാനും കൂടുതല്‍ സമയം ലഭിച്ചു.
യുക്രെയ്ന്‍ ചെയ്തതുപോലെ റഷ്യന്‍ സൈനിക മേഖലയ്ക്ക് തൊട്ടരികെ വരെ ഡ്രോണുകള്‍ രഹസ്യമായി എത്തിച്ച് അവിടെ നിന്ന് ആക്രമണം പ്ലാന്‍ ചെയ്താല്‍ തടുക്കുക ബുദ്ധിമുട്ടാകും. തീര്‍ത്തും അപ്രതീക്ഷിതമായുള്ള ഈ രീതിയാണ് റഷ്യയെ ഞെട്ടിച്ചതും. ഇത്തരത്തില്‍ ആക്രമണങ്ങള്‍ ഇന്ത്യയ്ക്കും മുന്നറിയിപ്പാണ്.
ഇന്ത്യ അതിര്‍ത്തികളിലുള്ള സൈനിക കേന്ദ്രങ്ങളില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ജാമിംഗ് ഉപകരണങ്ങളാണ്. ചെറിയ ഡ്രോണുകള്‍ക്ക് എതിരെ എയര്‍ ഡിഫന്‍സ് തോക്കുകളും വലിയ ഡ്രോണുകളെ വെടിവച്ചിടാന്‍ മിസൈല്‍ സംവിധാനങ്ങളുമാണ് ഇന്ത്യയ്ക്കുള്ളത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (Defence Research and Development Organisation-DRDO) വികസിപ്പിച്ചെടുത്ത ലേസര്‍ അടിസ്ഥാനമാക്കിയുള്ള ഡ്രോണ്‍ തകര്‍ക്കുന്ന സംവിധാനവും സൈന്യം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
ഒരേസമയം കുറച്ചു ഡ്രോണുകളെ മാത്രം ലക്ഷ്യമിടാന്‍ പറ്റുന്നതാണ് ഇപ്പോള്‍ സൈന്യം ഉപയോഗിക്കുന്നത്. കൂടുതല്‍ കരുത്തുറ്റ ലേസര്‍ സംവിധാനം സൈന്യം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷണത്തിന്റെ വേഗത കൂടിയേക്കും.
അതിര്‍ത്തി മേഖലകളിലുള്ള സൈനിക കേന്ദ്രങ്ങളില്‍ പഴുതടച്ച സുരക്ഷയുണ്ട്. എന്നാല്‍ ഇന്ത്യന്‍ നേവിയുടെയും മറ്റും കേന്ദ്രങ്ങളില്‍ താരതമ്യേന സുരക്ഷ പരിമിതമാണ്. യുക്രെയ്ന്‍ നടത്തിയ പോലൊരു ഡ്രോണ്‍ ആക്രമണം തൊട്ടടുത്ത് നിന്ന് നടത്താന്‍ എതിരാളികള്‍ ശ്രമിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരും. പഴയകാല യുദ്ധതന്ത്രങ്ങളില്‍ നിന്ന് ആധുനിക രീതിയിലേക്കുള്ള മാറ്റത്തിന് വേഗംകൂട്ടാന്‍ റഷ്യയ്ക്ക് ഏറ്റ തിരിച്ചടി ഇന്ത്യയെ പ്രേരിപ്പിക്കുമെന്നുറപ്പാണ്.
Read DhanamOnline in English
Subscribe to Dhanam Magazine