Begin typing your search above and press return to search.
യു.കെയില്‍ എന്താണ് സംഭവിക്കുന്നത്? മലയാളികള്‍ക്കും വേണ്ടാതായോ സ്റ്റുഡന്റ്‌സ് വീസ; യൂണിവേഴ്‌സിറ്റികള്‍ ആശങ്കയില്‍
കോവിഡ് മഹാമാരിക്കു ശേഷം വിദേശത്തേക്ക് മലയാളി വിദ്യാര്‍ത്ഥികളുടെ ഒഴുക്കായിരുന്നു. യു.കെ, കാനഡ എന്നീ രാജ്യങ്ങളായിരുന്നു വിദ്യാര്‍ത്ഥികളുടെ ഇഷ്ടരാജ്യങ്ങള്‍. തദ്ദേശീയര്‍ പ്രതിഷേധവുമായി രംഗത്തു വന്നതും നിയന്ത്രണങ്ങള്‍ കടുപ്പിച്ചതും കാനഡയിലേക്ക് പോകുന്നതില്‍ നിന്ന് വിദേശ വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കുകയാണ്.
ഇപ്പോഴിതാ യു.കെയില്‍ നിന്നു വരുന്ന വാര്‍ത്തകളും വ്യത്യസ്തമല്ല. സ്റ്റുഡന്റ്‌സ് വീസയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച ഈ വര്‍ഷം ജൂലൈ-സെപ്തംബര്‍ മാസങ്ങളില്‍ 16 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് ഹോംഓഫീസ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നത്. ചട്ടങ്ങളില്‍ മാറ്റംവന്നതോടെ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള അപേക്ഷയില്‍ 89 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.
2023 ജൂലൈ-സെപ്തംബര്‍ സമയത്ത് 3,12,500 അപേക്ഷകള്‍ ലഭിച്ചിരുന്നെങ്കില്‍ ഇത്തവണയത് 2,63,400 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ വിദ്യാര്‍ത്ഥി ആശ്രിത വീസ അപേക്ഷ 59,000 ആയിരുന്നു. ഇത് വെറും 6,700 ആയിട്ടാണ് ഇടിഞ്ഞത്.
യൂണിവേഴ്‌സിറ്റികളില്‍ പ്രതിസന്ധി
വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതോടെ യു.കെയിലെ യൂണിവേഴ്‌സിറ്റികളും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വിദേശ വിദ്യാര്‍ത്ഥികളുടെ വരവായിരുന്നു യൂണിവേഴ്‌സിറ്റികളുടെ സാമ്പത്തിക സ്രോതസ്. വരവ് കുറഞ്ഞതോടെ വരുമാനവും ഇടിഞ്ഞ അവസ്ഥയിലാണ്. ഈ പ്രവണത തുടര്‍ന്നാല്‍ ആഗോള രംഗത്ത് യു.കെ യൂണിവേഴ്‌സിറ്റികളുടെ പ്രസക്തി നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് ഈ രംഗത്തുള്ളവര്‍ നല്‍കുന്നു. വിദ്യാര്‍ത്ഥികളുടെ വീസ നിയന്ത്രണങ്ങളില്‍ അയവുവരുത്തണമെന്ന ആവശ്യം ശക്തമാണ്.
മലയാളി വിദ്യാര്‍ത്ഥികള്‍ക്കും താല്പര്യക്കുറവ്
യു.കെയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അത്ര സുഖകരമായ അവസ്ഥയല്ലെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതും യു.കെ താല്പര്യം കുറയാന്‍ കാരണമായിട്ടുണ്ട്. കാനഡയും യു.കെയും ദുഷ്‌കരമായതോടെ ജര്‍മനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കാണ് കേരളത്തില്‍ നിന്ന് കുട്ടികള്‍ കൂടുതലായി പോകുന്നത്.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ വിദ്യാര്‍ത്ഥി അനുകൂലനയം അടുത്തിടെ ജര്‍മനി പ്രഖ്യാപിച്ചിരുന്നു. നേരത്തെ ആഴ്ച്ചയില്‍ 10 മണിക്കൂറായിരുന്നു ജോലി ചെയ്യാന്‍ സാധിച്ചിരുന്നത്. ഇതാണ് ഇരട്ടിയായി വര്‍ധിപ്പിച്ചിരിക്കുന്നത്.
Next Story
Videos