വിദേശ ടൂറിസ്റ്റുകളെല്ലാം ഗോവയില്‍ നിന്ന് എവിടേക്ക്?

ബര്‍മുഡയിട്ട്, സണ്‍ഗ്ലാസ് വെച്ച് ഗോവന്‍ ബീച്ചുകളിലൂടെ നടന്നു നീങ്ങിയിരുന്ന വിദേശ ടൂറിസ്റ്റുകളുടെ കാലം അസ്തമിക്കുകയാണോ? യൂറോപ്പില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുള്ള ടൂറിസ്റ്റുകളുടെ ഇഷ്ടപ്പെട്ട താവളമായിരുന്ന ഗോവയെ അവര്‍ ഇപ്പോള്‍ കയ്യൊഴിയുകയാണോ?
ഇന്ത്യയിലെ പ്രധാന ടൂറിസം കേന്ദ്രമായ ഗോവയില്‍ ഉണ്ടായിക്കൊണ്ടിരുന്ന മാറ്റം ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഗോവയുടെ ടൂറിസ്റ്റ് മുഖത്തിന് പുതിയ മാറ്റങ്ങള്‍ സംഭവിക്കുന്നവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇന്ത്യയില്‍ നിന്നു തന്നെയുള്ള ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ച ഇവിടെ നിന്ന് വിദേശ ടൂറിസ്റ്റുകള്‍ പുതിയ തീരങ്ങള്‍ തേടി പോകുകയാണ്. പാര്‍ട്ടി കാപിറ്റല്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഗോവയില്‍ നൈറ്റ് ലൈഫും മാറുകയാണ്.
കോവിഡിന് ശേഷം വന്ന മാറ്റം
ലോകം നിശ്ചലമായ കോവിഡ് കാലത്ത് ഗോവയും നിശ്ചലമായിരുന്നു. വിനോദ സഞ്ചാരികളുമായി ചാര്‍ട്ടര്‍ വിമാനങ്ങള്‍ പറന്നിറങ്ങിയില്ല. റസ്റ്റോറന്റുകളും ഡാന്‍സ് ബാറുകളും നിശ്ചലമായി. സഞ്ചാരികള്‍ അലസമായി നടന്നിരുന്ന ബീച്ചുകള്‍ ഉറങ്ങി. കോവിഡിന് മുമ്പ് ഗോവയില്‍ ടൂറിസ്റ്റുകളുടെ വലിയ തിരക്കായിരുന്നു. എന്നാല്‍, കോവിഡ് കാലം കഴിഞ്ഞ് ആകാശ യാത്രകള്‍ പുനരാരംഭിച്ചപ്പോള്‍ ഗോവയിലെ ജനങ്ങള്‍ ഒരു കാര്യം തിരിച്ചറിഞ്ഞു....കാറ്റ് മാറി വീശുകയാണ്.
കോവിഡിന് ശേഷം ഗോവയിലേക്ക് റഷ്യ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വന്നിരുന്ന ടൂറിസ്റ്റുകളുടെ എണ്ണം ഏഴുപത് ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണമാകട്ടെ വലിയ തോതില്‍ ഉയരുകയും ചെയ്തു. നേരത്തെ ഗോവയില്‍ എത്തിയിരുന്ന മൊത്തം ടൂറിസ്റ്റുകളില്‍ പകുതിയോളം വിദേശികളായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പത്ത് ശതമാനത്തില്‍ താഴെയാണ്.
ഗോവ ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് കോവിഡിന് ശേഷം ഇതുവരെ പഴയ രീതിയിലേക്ക് വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഉയര്‍ന്നിട്ടില്ല. 2020ല്‍ ഗോവയിലെ ആകെ ടൂറിസ്റ്റുകളില്‍ പത്തു ശതമാനം മാത്രമായിരുന്നു വിദേശികള്‍. 2022ല്‍ അത് 2.35 ആയി കുറഞ്ഞു. 2023ല്‍ മെച്ചപ്പെട്ടെങ്കിലും 5.24 ശതമാനത്തില്‍ ഒതുങ്ങി. ഈ വര്‍ഷം ഇതുവരെ 4.11 ശതമാനം വിദേശ ടൂറിസ്റ്റുകളാണ് എത്തിയിട്ടുള്ളത്.
യുദ്ധം മുതല്‍ സാമ്പത്തിക മാന്ദ്യം വരെ
ഗോവയില്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കുറയാന്‍ പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുക്രെയ്‌നിലും പശ്ചിമേഷ്യയിലും നടക്കുന്ന യുദ്ധം ഒരു പ്രധാന കാരണമായിട്ടുണ്ട്. റഷ്യയില്‍ നിന്നും ഇസ്രയേലില്‍ നിന്നും ഗോവയിലേക്ക് ഒട്ടേറെ ടൂറിസ്റ്റുകള്‍ എത്തിയിരുന്നു. വിമാനയാത്രയിലുണ്ടായ അനിശ്ചിതത്വം, വീസ ലഭിക്കുന്നതിലെ സങ്കീര്‍ണ്ണത തുടങ്ങിയവ ടൂറിസ്റ്റുകളെ ഇന്ത്യയില്‍ നിന്ന് അകറ്റി. ബ്രിട്ടനിലെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെയും സാമ്പത്തിക മാന്ദ്യവും കാരണമായി. ഉയര്‍ന്ന വിമാന നിരക്കുകളും ഗോവയിലെ കൂടിയ ചെലവുകളും അവരെ പുനരാലോചനക്ക് ഇടയാക്കി. വിമാനനിരക്കും മറ്റു ചെലവുകളും കുറഞ്ഞ ശ്രീലങ്ക, തായ്ലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് അവര്‍ യാത്ര മാറ്റി.
മാറുന്ന സംസ്‌കാരം
പാശ്ചാത്യ സംഗീതത്തിന്റെ താളത്തില്‍ ഒഴുകി നടന്നിരുന്ന ഗോവന്‍ രാവുകള്‍ ഇന്ന് ബോളിവുഡ് സംഗീതത്തിന് വഴി മാറുകയാണ്. നെറ്റ് ക്ലബ്ബുകളിലും ഡാന്‍സ് ബാറുകളിലും ഇന്ന് ബീറ്റില്‍സ് മുഴങ്ങുന്നില്ല. പകരം ബോളിവുഡിലെ പഴയതും പുതിയതുമായ ഹിറ്റ് ഗാനങ്ങളാണ് നിറയുന്നത്. പുതിയ അതിഥികളെ സ്വീകരിക്കാന്‍ ഗോവയിലെ വ്യാപാരികളും ജനങ്ങളും സ്വയം മാറുന്നു. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 'ധനികരായ ഇന്ത്യക്കാര്‍' വന്നിറങ്ങുമ്പോള്‍ അവര്‍ക്ക് ചുവടുകള്‍ മാറ്റേണ്ടതുണ്ട്.
ഒരു കാലത്ത് വിദേശികള്‍ക്ക് വേണ്ടി ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ കണ്ണടച്ചിരുന്ന നാടാണ് ഗോവ. എന്നാല്‍ ഇപ്പോള്‍ അവര്‍ ഡൊമസ്റ്റിക് ടൂറിസ്റ്റുകള്‍ക്കായി ചുവന്ന പരവതാനി വിരിച്ചു തുടങ്ങിയിരിക്കുന്നു. ഹോട്ടലുകളില്‍ ബര്‍ഗറും ചീസ് സാന്‍വിച്ചും അപ്രത്യക്ഷമാകുന്നു; ചപ്പാത്തിയും 'താലി'യും കടന്നു വരുന്നു...
Related Articles
Next Story
Videos
Share it