Begin typing your search above and press return to search.
ഇന്ത്യന്‍ കുട്ടികളുടെ യു.കെ മോഹം കുറഞ്ഞോ? പുതിയ വിസകളില്‍ 23 ശതമാനം ഇടിവ്, എന്നിട്ടും പട്ടികയില്‍ ഒന്നാമത്
ഉന്നത പഠനത്തിനായി യു.കെയിലേക്ക് കുടിയേറുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തിനേക്കാള്‍ 23 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ യു.കെയില്‍ ഏറ്റവും കൂടുതലുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്നും യു.കെ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. യു.കെയിലെ വിദേശവിദ്യാര്‍ത്ഥികളില്‍ നാലിലൊന്നും ഇന്ത്യാക്കാരാണ്.
നിയന്ത്രണങ്ങള്‍ തിരിച്ചടിയായോ?
യു.കെയിലെ വിസ നിയന്ത്രണങ്ങളാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വരവ് കുറച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പില്‍ ആശ്രിതരെ കൊണ്ടുവരുന്നത്, പഠനം പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളും ആളെക്കുറച്ചു. പുതിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നാല് ശതമാനം കുറവുണ്ടായെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ റിപ്പോർട്ട് വന്നിരുന്നു.ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ കുട്ടികളുടെ എണ്ണം കുത്തനെ കുറഞ്ഞത്.2015 മുതല്‍ രേഖപ്പെടുത്തുന്ന വര്‍ധനയിലാണ് ഇക്കൊല്ലം കുറവുണ്ടായത്.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ശേഷം രണ്ട് വര്‍ഷം യു.കെയില്‍ ജോലി ചെയ്യാന്‍ സാധിക്കുന്ന ഗ്രാജുവേറ്റ് റൂട്ട് വിസയിലാണ് ഭൂരിഭാഗം പേരും യു.കെയിലെത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഈ പദ്ധതിയില്‍ റിവ്യൂ നടപ്പിലാക്കാന്‍ ഋഷി സുനക്ക് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ വര്‍ഷവും റിവ്യൂ തുടരുമെന്ന വാര്‍ത്തയാണ് അപേക്ഷകള്‍ കുറയാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
98ല്‍ മൂവായിരം, കഴിഞ്ഞ വര്‍ഷം 1.4 ലക്ഷം
1,10,006 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് 2024 ജൂണ്‍ വരെ സ്റ്റുഡന്റ്‌സ് വിസ ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവിലേക്കാള്‍ 32,687 പേരുടെ കുറവുണ്ടായി. 1998ല്‍ 3,112 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നത് 2023ല്‍ 1,42,693 പേരായി വര്‍ധിച്ചിരുന്നു.
2019നും 2023നും ഇടയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തിയത് ഇന്ത്യയില്‍ നിന്നും നൈജീരിയയില്‍ നിന്നുമാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇക്കൊല്ലം കുറഞ്ഞത് പോലെ നൈജീരിയയില്‍ നിന്നും കുറവുണ്ടായി. 46 ശതമാനം കുട്ടികളാണ് നൈജീരിയയില്‍ നിന്നും കുറഞ്ഞത്. ഇതോടെ യു.കെയിലെ സര്‍വകലാശാലകള്‍ പ്രതിസന്ധിയിലാകുമോയെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
Next Story
Videos