

എങ്ങനെയെങ്കിലും പ്ലസ്ടു പാസാകുക, അതിനുശേഷം ഏതെങ്കിലും കോഴ്‌സ് എടുത്ത് വിദേശത്തേക്ക് പറക്കുക. ഒരു വര്‍ഷം മുമ്പുവരെ കേരളത്തിലെ വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും മനസിലിരുപ്പ് ഇതുമാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. വിദേശപഠനം പണവും കരിയറും അവതാളത്തിലാക്കുമെന്ന തിരിച്ചറിവില്‍ വഴിമാറി ചിന്തിക്കുകയാണ് പുതുതലമുറ.
ഒരുസമയത്ത് കേരളത്തില്‍ നിന്ന് പ്രതിവര്‍ഷം 45,000ത്തിലധികം കുട്ടികള്‍ വിദേശത്തേക്ക് പഠനത്തിനായി പോയിരുന്നു. എന്നാല്‍ ഈ ട്രെന്റ് പൂര്‍ണമായി മാറി. ഓവര്‍സീസ് എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സികള്‍ പലതും പൂട്ടിപ്പോകുകയോ മറ്റ് ബിസിനസുകളിലേക്ക് വഴിമാറുകയോ ചെയ്തു. വിദേശപഠനമെന്ന ചിന്തയില്‍ നിന്ന് കുട്ടികളും വഴിമാറിയിരിക്കുന്നു.
വിദേശ വിദ്യാഭ്യാസ സ്വപ്‌നങ്ങളുമായി എത്തുന്നവരുടെ എണ്ണം നാലിലൊന്നായി കുറഞ്ഞെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. മുമ്പ് കാനഡ, യുകെ എന്നീ രാജ്യങ്ങളിലേക്ക് പോകാനായിരുന്നു പലര്‍ക്കും താല്പര്യം. എന്നാല്‍ ഈ രാജ്യങ്ങളിലേക്കുള്ള അന്വേഷണം തീര്‍ത്തും കുറഞ്ഞു. ഈ രാജ്യങ്ങളിലെ കര്‍ശനമായ വീസ നിയമങ്ങളും ഉയര്‍ന്ന ചെലവുകളുമാണ് കാരണം.
ജര്‍മനി, ഫ്രാന്‍സ്, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ കുറഞ്ഞ കോഴ്‌സ് ഫീസും മികച്ച അക്കാദമിക് അന്തരീക്ഷവും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ മുന്‍കാലങ്ങളിലെ പോലെ വലിയ ഒഴുക്കില്ല.
റഷ്യ, ഉസ്ബെക്കിസ്ഥാന്‍, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് മെഡിക്കല്‍ കോഴ്സുകള്‍ പഠിക്കാന്‍ പോകുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. കുറഞ്ഞ കോഴ്‌സ് ഫീസും ചെലവുകളുമാണ് ഈ രാജ്യങ്ങളുടെ ആകര്‍ഷണീയത.
കോവിഡിനുശേഷം കേരളത്തിലെ ഡിഗ്രി കോഴ്‌സുകളില്‍ കുട്ടികളില്ലാത്ത അവസ്ഥയായിരുന്നു. എന്നാല്‍ ഇത്തവണ സ്ഥിതി മാറുന്നുവെന്നാണ് സൂചനകള്‍. ഡിഗ്രി കോഴ്‌സുകളിലേക്ക് കൂടുതല്‍ അന്വേഷണങ്ങള്‍ വരുന്നു. ഇന്ത്യയില്‍ തന്നെ പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ എടുത്ത് വലിയ ബാധ്യത വരുത്തിവെയ്ക്കുന്നതിന് പകരം നാട്ടില്‍ തന്നെ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കാന്‍ പലരും താല്പര്യപ്പെടുന്നു. കേരളത്തിലെ ക്യാമ്പസുകളിലെ പുതിയ കോഴ്സുകളും സ്റ്റാര്‍ട്ടപ്പ് സൗകര്യങ്ങളും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നുണ്ട്.
വിദേശത്ത് എത്തിയാല്‍ ഉടന്‍ പാര്‍ട്ട് ടൈം ജോലിയിലൂടെ വലിയ വരുമാനമുണ്ടാക്കി ലോണ്‍ അടച്ചുതീര്‍ക്കാമെന്ന പരസ്യങ്ങളില്‍ വീണാണ് പലരും പോയിരുന്നത്. എന്നാല്‍ നിലവില്‍ കാനഡയും യുകെയും പോലുള്ള രാജ്യങ്ങളില്‍ പാര്‍ട്ട് ടൈം ജോലികള്‍ ലഭിക്കാന്‍ കടുത്ത പ്രതിസന്ധിയുണ്ട്. നാട്ടില്‍ നിന്ന് അയച്ചുകൊടുക്കുന്ന പണം കൊണ്ടാണ് പലരും അവിടെ ജീവിക്കുന്നത്. ഈ വാര്‍ത്തകള്‍ ഇപ്പോഴത്തെ കുട്ടികളെ സ്വാധീനിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മേഖലയിലുള്ളവര്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine