ബി.ആര്‍ ഷെട്ടിയുടെ സ്വത്തു മരവിപ്പിച്ച് ദുബായ് കോടതി

ബി.ആര്‍ ഷെട്ടിയുടെ സ്വത്തു മരവിപ്പിച്ച് ദുബായ് കോടതി
Published on

എന്‍എംസി ഹെല്‍ത്ത് കെയര്‍ സ്ഥാപകനും പ്രമുഖ ഇന്ത്യന്‍ പ്രവാസി വ്യവസായിയുമായ ബി.ആര്‍ ഷെട്ടിയുടെ ലോകത്തെമ്പാടുമുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ട് ദുബായ് കോടതി. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതിയില്‍ ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ ദുബായ് ശാഖ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

വായ്പ നല്‍കിയ 80 ലക്ഷം ഡോളറിലധികം തിരികെ ലഭിക്കാനുണ്ടെന്ന്് ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് പരാതിയില്‍ പറയുന്നു.2013 ല്‍ തയാറാക്കുകയും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുതുക്കുകയും ചെയ്ത കരാര്‍ പ്രകാരം നല്‍കിയ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്. അബുദാബിയിലേയും ദുബായിലേയും ആസ്തികള്‍, എന്‍എംസി ഹെല്‍ത്ത്, ഫിനാബ്ലെര്‍, ബിആര്‍എസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ്‌സ് എന്നിവ ഉള്‍പ്പെടെയുള്ള കമ്പനികളിലെ ഓഹരികള്‍ എന്നിവയാണ് മരവിപ്പിക്കുന്നത്.

ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികള്‍ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ഇതിനകം തന്നെ തുടക്കം കുറിച്ചിരുന്നു.ബാങ്ക് ഓഫ് ബറോഡ ഉള്‍പ്പെടെ  വിവിധ ബാങ്കുകള്‍ക്ക് ബി.ആര്‍ ഷെട്ടി കൊടുക്കാനുണ്ടെന്ന് പറയപ്പെടുന്നത് 50,000 കോടി രൂപയാണ്. ഇന്ത്യയിലുള്ള അദ്ദേഹം വിമാന സര്‍വീസുകള്‍ തുടങ്ങിയാല്‍ ഉടനെ യുഎഇയിലെത്തുമെന്ന് വ്യക്തമാക്കിയിരുന്നു. 

70കളുടെ തുടക്കത്തില്‍ കീശയില്‍ 500 രൂപയുമായി ദുബായിയിലെത്തിയ ബാവഗത്തു രഘുറാം ഷെട്ടി 10 വര്‍ഷത്തിനകം വെട്ടിപ്പിടിച്ചു തുടങ്ങിയ വ്യവസായ സാമ്രാജ്യം തകര്‍ച്ചയിലാണിപ്പോള്‍. 1980കളിലാണ് യുഎഇ എക്സ്ചേഞ്ച് എന്ന ധനകാര്യ സ്ഥാനം ജനപ്രിയമാകുന്നത്. കേരളത്തിലേക്ക് പണമെത്തിക്കാന്‍ ഗള്‍ഫിലെ മലയാളികളില്‍ ഭൂരിഭാഗവും ആശ്രയിച്ചിരുന്നത് യുഎഇ എക്സ്ചേഞ്ചിനെയാണ്. പിന്നീട് 31 രാജ്യങ്ങളിലായി 800ലധികം ശാഖകളുള്ള വമ്പന്‍ സ്ഥാപനമായി യുഎഇ എക്സ്ചേഞ്ച് വളര്‍ന്നു. 2014ലാണ് 27 രാജ്യങ്ങളിലായി 1500ലധികം എടിഎമ്മുകളുള്ള ട്രാവലെക്സ് എന്ന ഫോറിന്‍ എക്സ്ചേഞ്ച് സ്ഥാപനത്തെ ഷെട്ടി ഏറ്റെടുക്കുന്നത്.

ഷെട്ടിയുടെ എന്‍എംസി നിയോ ഫാര്‍മ ലണ്ടന്‍ സ്റ്റോക്ക് എസ്‌ക്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതിലൂടെ 2012ല്‍ 33 കോടി ഡോളറാണ് അദ്ദേഹം സമാഹരിച്ചത്. ആ പണമുപയോഗിച്ച് അബുദാബി ഖലീഫ സിറ്റിയില്‍ വലിയ ആശുപത്രി സമുച്ചയം അദ്ദേഹം പടുത്തുയര്‍ത്തി. 420 കോടി ഡോളറായിരുന്നു 2008ലെ ഫോബ്സിന്റെ വിലയിരുത്തല്‍ പ്രകാരം ഷെട്ടിയുടെ സമ്പത്ത്.

2019ലാണ് ഷെട്ടിയുടെ കഷ്ടകാലം തുടങ്ങുന്നത്. മഡി വാട്ടേഴ്സ്-എന്ന അമേരിക്കന്‍ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം എംഎന്‍സിയുടെ സാമ്പത്തിക ക്രമക്കേടുകള്‍ സമ്പന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. ഇതോടെ എംഎന്‍എസിയുടെ ഓഹരിവില മൂന്നിലൊന്നായി കൂപ്പുകുത്തി. ഉന്നതതലത്തിലുള്ള രാജിവെച്ചൊഴിയലുകള്‍ക്കൊടുവില്‍ എന്‍എംസിയുടെ ഡയറക്ടര്‍ ആന്‍ഡ് നോണ്‍ എക്സിക്യുട്ടീവ് ചെയര്‍മാന്‍ എന്ന സ്ഥാനം ഷെട്ടിക്ക് രാജിവെയ്ക്കേണ്ടിവന്നു.

സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും വിചാരണ നേരിടേണ്ടിവന്നിരിക്കുകയാണിപ്പോള്‍ ഷെട്ടി. അബുദാബി കൊമേഴ്സ്യല്‍ ബാങ്കിന് 96.3 കോടി ഡോളര്‍, ദുബായ് ഇസ്ലാമിക് ബാങ്കിന് 54.1 കോടി ഡോളര്‍, അബുദാബി ഇസ്ലാമിക് ബാങ്കിന് 32.5 കോടി ഡോളര്‍, സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കിന് 25 കോടി ഡോളര്‍, ബാര്‍ക്ലെയ്സ് ബാങ്കിന് 14.6 കോടി ഡോളര്‍ എന്നിങ്ങനെ പോകുന്നു ഷെട്ടിയുടെ ബാധ്യതകള്‍. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ എന്‍എംസിയുടെ വ്യാപാരം ഫെബ്രുവരിയില്‍ സസ്പെന്‍ഡ് ചെയ്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com