ആഴ്ചയില്‍ മൂന്ന് അവധി; ജോലി സമയം ഏഴു മണിക്കൂര്‍; ഇത് ദുബൈ സ്‌റ്റൈല്‍

ദുബൈയില്‍ വേനല്‍ക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകളിലെ ജോലി സമയം കുറക്കാന്‍ ആലോചന. ദുബൈ സര്‍ക്കാര്‍ ഓഫീസുകളില്‍ നിലവില്‍ വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തി സമയമാണ്. ഇത് ഒഴിവാക്കാനാണ് ആലോചന. സാധാരണ ദിവസങ്ങളിലെ പ്രവൃത്തി സമയം എട്ടുമണിക്കൂറില്‍ നിന്ന് ഏഴു മണിക്കൂറാക്കി കുറക്കുന്നതിനും ആലോചനയുണ്ട്. വേനല്‍ക്കാലത്തിന് മുന്നോടിയായി നടപ്പാക്കുന്ന ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ തിങ്കളാഴ്ച ആരംഭിക്കും. സെപ്തംബര്‍ 30 വരെയാണ് പൈലറ്റ് പദ്ധതിയുടെ കാലാവധി. ദുബൈയിലെ ഏഴ് സര്‍ക്കാര്‍ ഓഫീസുകളിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ഫലപ്രദമാണെന്ന് കണ്ടെത്തിയാല്‍, ഷാര്‍ജയിലെ പോലെ ദുബൈയിലും ആഴ്ചയില്‍ മൂന്നു ദിവസം അവധി വരും. ദുബൈ മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം.

വാരാന്ത്യാവധി മൂന്നു ദിവസമാകും

ഷാര്‍ജയിലെ പോലെ ദുബൈയിലും സര്‍ക്കാര്‍ ഓഫീസുകളുടെ വാരാന്ത്യാവധി മൂന്നു ദിവസമാക്കുന്നതിനാണ് ദുബൈ സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവില്‍ ദുബൈയില്‍ രണ്ടര ദിവസമാണ് ആഴ്ചയിലെ അവധി. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളിലും. മൂന്നു ദിവസം അവധിയുള്ള ഷാര്‍ജയില്‍ ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത കൂടിയതായാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ ഓഫീസുകളിലെ ഉല്‍പ്പാദനക്ഷമതയില്‍ 88 ശതമാനവും തൊഴില്‍ സംതൃപ്തിയില്‍ 90 ശതമാനവും വര്‍ധനവുണ്ടായതായാണ് ഷാര്‍ജയില്‍ നടന്ന സര്‍വേയില്‍ കണ്ടെത്തിയത്. ഉപഭോക്താക്കളുടെ സംതൃപ്തിയില്‍ 94 ശതമാനത്തിന്റെയും വര്‍ധനയുണ്ടായി.

അന്തിമ തീരുമാനം പരീക്ഷണത്തിന് ശേഷം

വേനല്‍ക്കാലത്ത് ജീവനക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മുന്നില്‍ കണ്ടും പ്രവര്‍ത്തനക്ഷമത കൂട്ടുന്നതിനുമാണ് പൈലറ്റ് പദ്ധതി. ഒന്നര മാസത്തിന് ശേഷം ഇതിന്റെ ഫലങ്ങള്‍ വിശകലനം ചെയ്യും. വേനല്‍ക്കാലത്തിന് ശേഷം ഇത് തുടരുമോ എന്ന് വ്യക്തമല്ല. സെപ്തംബര്‍ 30 വരെ ഏഴ് സര്‍ക്കാര്‍ ഓഫീസുകളില്‍ നടപ്പാക്കുന്ന പദ്ധതി പ്രാഥമിക വിലയിരുത്തലിന് ശേഷം ഘട്ടം ഘട്ടമായി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യവും ആലോചിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ അവധി ദിവസങ്ങള്‍ കൂട്ടിയാല്‍ അത് സ്വകാര്യമേഖലയിലും പ്രതിഫലിക്കും.

Related Articles

Next Story

Videos

Share it