കോവിഡ് മൂലം ജോലി പോയി; കാസര്‍ഗോഡ്കാരന്‍ നവനീത് സജീവന് ലോട്ടറി അടിച്ചത് ഏഴ് കോടി

കോവിഡ് 19 മൂലം യുഎഇയിലെ ജോലി നഷ്ടപ്പെട്ട കാസര്‍ഗോഡ് സ്വദേശി നവനീത് സജീവന് ഏഴ് കോടിയുടെ ലോട്ടറി. അബുദാബിയില്‍ ഒരു കമ്പനിയില്‍ ജീവനക്കാരനായിരുന്ന നവീത് ജോലി നഷ്ടമായതോടെ പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. പുതിയ ജോലി അന്വേഷണത്തിന്റെ ഭാഗമായി ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് മടങ്ങുമ്പോളാണ് നവനീതിനെ തേടി ഭാഗ്യ ദേവത എത്തിയ വാര്‍ത്ത അറിയുന്നത്.

ദുബായ് ഡ്യൂട്ടിഫ്രീയുടെ മില്ലേനിയം മില്യണയര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ഡോളര്‍ (ഏഴ് കോടിയിലധികം രൂപ) നവനീതിന് ലഭിച്ചിരിക്കുന്നത്. നവംബര്‍ 22ന് ഓണ്‍ലൈനിലൂടെയാണ് നവനീത് ടിക്കറ്റ് എടുത്തത്. യാതൊരു പ്രതീക്ഷയുമില്ലാതെ ഇരിക്കവെയാണ് ഭാഗ്യം തേടിയെത്തിയത്.
ദുബായ് ഡ്യൂട്ടിഫ്രീയുടെ മെഗാ പ്രൈസ് ലഭിക്കുന്ന 171 ാമത് ഇന്ത്യക്കാരനാണ് നവനീത് സജീവന്‍. നാല് വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുകയാണ് നവനീത്. കോവിഡ് പ്രതിസന്ധിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നഷ്ടമായ നിരവധി ചെറുപ്പക്കാരിലൊരാളായിരുന്നു നവനീത്. ഡിസംബര്‍ 28 വരെയാണ് നിലവിലെ ജോലി ഉണ്ടാകുക. ഏറെ നിരാശയിലായിരിക്കവെയാണ് ഈ 30 കാരനെ ഭാഗ്യം കടാക്ഷിച്ചത്.
പുതിയ ജോലി ലഭിച്ചില്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലായിരുന്നുവെന്ന് നവനീത് പറയുന്നു. നാട്ടില്‍ അല്‍പ്പം കടമുണ്ട്. ലഭിച്ച പണത്തില്‍ നിന്നും അത് തീര്‍ക്കണം. ബാക്കിയുള്ള തുക സേവ് ചെയ്യാനാണ് പദ്ധതിയെന്ന് നവനീത്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് നവനീത് ടിക്കറ്റെടുത്തത്. നവനീതിന്റെ ഭാര്യയും അബുദാബിയില്‍ ജോലി ചെയ്യുകയാണ്. പുതിയ ജോലിയൊന്നും ആയില്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങാനുള്ള പദ്ധതിയിലായിരുന്നു നവനീതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.



Related Articles
Next Story
Videos
Share it