ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ ദുബൈയില്‍ മൊബൈല്‍ ആപ്പുകള്‍

ലോകത്തെ പ്രധാന ടൂറിസ്റ്റ് നഗരങ്ങളിലൊന്നായ ദുബൈയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ മൊബൈല്‍ ആപ്പുകളുമായി ദുബായ് പോലീസ് രംഗത്തെത്തി. ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകളെ കുറിച്ച് അധികൃതര്‍ നിരന്തരം ജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും തട്ടിപ്പുകള്‍ അനുദിനം വര്‍ധിക്കുന്നതായാണ് പോലീസിന് ലഭിക്കുന്ന പരാതികള്‍ കാണിക്കുന്നത്. പരാതിപ്പെടാതെ പോകുന്ന സംഭവങ്ങള്‍ ഏറെയുണ്ടെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജനങ്ങളെ കൂടുതല്‍ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വിവിധ തരം മൊബൈല്‍ ആപ്പുകള്‍ അവതരിപ്പിച്ചിട്ടുള്ളത്.

നാലു തരം ആപ്പുകള്‍

ഓണ്‍ലൈന്‍ വഴി വഞ്ചിക്കപ്പെട്ടാല്‍ പോലീസിന്റെ ഫോണ്‍ നമ്പരുകളില്‍ പരാതിപ്പെടാനുള്ള പഴയ സംവിധാനം ഇപ്പോഴും നിലവിലുണ്ട്. ഇത് കൂടാതെ നാല് മൊബൈല്‍ ആപ്പുകളാണ് ഈ ആവശ്യത്തിനായി പ്രവര്‍ത്തിക്കുന്നത്. എളുപ്പത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സംവിധാനമാണ് ഇവയില്‍ ഉള്ളത്.

'my safe society'

ഈ ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് പരാതികള്‍ പോലീസിനെ അറിയിക്കാം. യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ആപ്പ് തുറക്കുമ്പോള്‍ ആദ്യം കാണുന്ന കോളത്തില്‍ പരാതി ഉന്നയിക്കാം. പരാതിയുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ, ഓഡിയോ, വെബ്‌സൈറ്റ് ലിങ്ക് എന്നിവ ഇതില്‍ ചേര്‍ക്കാം. പരാതിക്കാരന്‍ നല്‍കുന്ന നമ്പരിലേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചു വിളിക്കാനും ഇതില്‍ സംവിധാനമുണ്ട്.

Moi app

ദുബൈ മിനിസ്ട്രി ഓഫ് ഇന്റീരിയറിന്റെ ഈ ആപ്പില്‍ സര്‍വ്വീസ് ബട്ടന്‍ അമര്‍ത്തുമ്പോള്‍ പോലീസുമായി ബന്ധപ്പെടാനുള്ള വാതില്‍ തുറക്കും. ഇ-ക്രൈം വിഭാഗത്തില്‍ പരാതി രേഖപ്പെടുത്താം.

e-crime service

ദുബൈ പോലീസിന്റെ ഈ ആപ്പില്‍ ഇന്റര്‍നെറ്റ് വഴി നടക്കുന്ന തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാം. സര്‍വ്വീസ് വിഭാഗത്തില്‍ ഇ-ക്രൈം തെരഞ്ഞെടുത്ത് രേഖകള്‍ സഹിതം പരാതികള്‍ സമര്‍പ്പിക്കാം.

aman service

അബുദാബി പോലീസിന്റെ ഈ മൊബൈല്‍ ആപ്പിലും മേല്‍പറഞ്ഞ സേവനങ്ങള്‍ ലഭിക്കും. ദുബൈ നഗരത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളും ഇവിടെ ഉന്നയിക്കാം. പരാതിക്കാരന്റെ പേര്, ഫോണ്‍ നമ്പര്‍, ഇ മെയില്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കണം.

Related Articles
Next Story
Videos
Share it