

മദ്യത്തിന്റെ നികുതി തിരിച്ചു കൊണ്ടു വന്ന് ദുബൈ മുനിസിപ്പാലിറ്റി. മദ്യ വില്‍പ്പനക്ക് 30 ശതമാനം നികുതി ഏര്‍പ്പെടുത്തിയ തീരുമാനം ജനുവരി ഒന്നിന് നിലവില്‍ വന്നു. 2023 ജനുവരിയില്‍ പിന്‍വലിച്ച നികുതിയാണ് വീണ്ടും കൊണ്ടു വരുന്നത്. 2023 ഡിസംബര്‍ വരെയായിരുന്നു ആദ്യം ഇളവ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുകയായിരുന്നു. നികുതി ഇളവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും നികുതിയേര്‍പ്പെടുത്താന്‍ ദുബൈ മുനിസിപ്പാലിറ്റി തീരുമാനിച്ചത്.
ദുബൈയില്‍ ടൂറിസം മേഖലയെ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2023 ല്‍ മദ്യത്തിന്റെ നികുതി എടുത്തു കളഞ്ഞത്. എന്നാല്‍ ഇത് മദ്യത്തിന്റെ വിലയില്‍ പ്രതിഫലിച്ചില്ലെന്നാണ് വിപണിയില്‍ നിന്നുള്ള പ്രതികരണം. പല മദ്യ നിര്‍മാതാക്കളും വില കുറക്കാന്‍ തയ്യാറായില്ല. അതേസമയം, ആഫ്രിക്കന്‍ ഈസ്റ്റേണ്‍, എം.എം.ഐ തുടങ്ങിയ പ്രമുഖ കമ്പനികള്‍ വില കുറച്ചിരുന്നു. ഇതോടെ ഈ കമ്പനികളുടെ ബ്രാന്റുകളുടെ വില്‍പ്പന വലിയ തോതില്‍ വര്‍ധിക്കുകയും ചെയ്തു.
വീണ്ടും നികുതി വരുന്നതോടെ ദുബൈ ടൂറിസം മേഖലക്ക് തിരിച്ചടിയാകുമെന്ന് സൂചനകളുണ്ട്. മദ്യ വില വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ ടൂറിസ്റ്റുകളുടെ എണ്ണം കുറയുന്നതിന് അതൊരു കാരണമാകുമെന്ന് ടൂറിസം മേഖലയിലെ കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. അത് ഹോസ്പിറ്റാലിറ്റി മേഖലയെയും പ്രതികൂലമായി ബാധിക്കാം.
2024 ലെ കണക്കുകള്‍ പ്രകാരം ദുബൈ നഗരത്തില്‍ 9.4 കോടി ലിറ്റര്‍ മദ്യത്തിന്റെ വില്‍പ്പനയാണ് നടന്നത്. ദുബൈ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഏറ്റവുമധികം വില്‍പ്പന നടക്കുന്ന രണ്ടാമത്തെ ഉല്‍പ്പന്നമാണ് മദ്യം. മദ്യം വാങ്ങുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാണെങ്കിലും ഓണ്‍ലൈന്‍ വില്‍പ്പന നിലവില്‍ വന്നതോടെ ദുബൈയില്‍ വില്‍പ്പനയില്‍ വര്‍ധനവാണുണ്ടാകുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine