
ലോകത്തിലെ വലിയ ഷോപ്പിംഗ് മഹോത്സവമായ ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) 29ാമത് എഡിഷന്‍ 2023 ഡിസംബര്‍ 8 മുതല്‍ 2024 ജനുവരി 14 വരെ നടക്കും. യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബൈയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക പരിപാടിയാണ് ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍.
ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലുതും ജനപ്രിയവുമായ ഷോപ്പിംഗ് ഫെസ്റ്റിവലുകളില്‍ ഒന്നാണിത്. ഇത് മുന്‍ പതിപ്പുകളേക്കാള്‍ വലുതും മികച്ചതുമാകുമെന്ന് സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീറ്റെയില്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആര്‍.ഇ) അറിയിച്ചു.
വിവിധ കലാപരിപാടികളും
ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബര്‍ 15ന് കൊക്ക-കോള അരീനയില്‍ പ്രശസ്ത കലാപ്രതിഭകളായ അഹ്ലാം അല്‍ ഷംസിയും അസ്സലാ നസ്റിയും പങ്കെടുക്കുന്ന തത്സമയ സംഗീത പരിപാടിയുണ്ടായിരിക്കും. കൂടാതെ ജനപ്രിയ സാംസ്‌കാരിക ഉത്സവമായ സോള്‍ ഡി.എക്സ്.ബിയും ഇവിടെ നടക്കും. പരിസ്ഥിതി ബോധത്തെ മുന്‍നിര്‍ത്തിയുള്ള കോമഡി ഷോകള്‍ ഉള്‍പ്പെടുന്ന എര്‍ത്ത്സോള്‍ ഫെസ്റ്റും ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ അവതരിപ്പിക്കും.
ഡിസംബര്‍ 8 മുതല്‍ 10 വരെ ദുബൈ ഡിസൈന്‍ ഡിസ്ട്രിക്റ്റില്‍ നടക്കുന്ന ഉദ്ഘാടന ആഘോഷങ്ങളില്‍ സോള്‍ ഡി.എക്സ്.ബിയ്‌ക്കൊപ്പം അന്തര്‍ദേശീയ-പ്രാദേശിക സംഗീതജ്ഞരുടെ തത്സമയ സംഗീത പ്രകടനങ്ങള്‍, ബാസ്‌ക്കറ്റ്ബോള്‍ മത്സരങ്ങള്‍, ചര്‍ച്ചകള്‍, എക്സ്‌ക്ലൂസീവ് ഷോപ്പിംഗ്, വൈവിധ്യമാര്‍ന്ന ആര്‍ട്ട് ഇന്‍സ്റ്റാളേഷനുകള്‍ എന്നിവ ഫെസ്റ്റിവലില്‍ അവതരിപ്പിക്കും.
1996 ലാണ് ഡി.എസ്.എഫ് ആദ്യമായി സംഘടിപ്പിച്ചത്. ഈ ഫെസ്റ്റിവലില്‍ ഫാഷനും ഇലക്ട്രോണിക്സും മുതല്‍ ഗൃഹോപകരണങ്ങളും ഭക്ഷണവും വരെയുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ ഷോപ്പുകളും മാളുകളും ഉണ്ടാകും. മികച്ച ആനുകൂല്യങ്ങളോടെ വിലക്കിഴിവിലും മറ്റും വിവിധ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാകും. സന്ദര്‍ശകര്‍ക്ക് കാറുകള്‍, സ്വര്‍ണം, പണം തുടങ്ങിയ സമ്മാനങ്ങളും ദിവസേനയുള്ള മറ്റ് സമ്മാന നറുക്കെടുപ്പുകളും ഗെയിമുകളും വിനോദ പരിപാടികളും ഇതിലുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine