

അപ്രതീക്ഷിതമായി കുടിയൊഴിപ്പിക്കല്‍ നോട്ടീസ് കിട്ടിയാല്‍ ഒരു സ്ഥാപനം എന്ത് ചെയ്യും? ദുബൈയില്‍ ഇപ്പോള്‍ അതാണ് സംഭവിക്കുന്നത്. കെട്ടിട ഉടമകള്‍ വലിയ തോതില്‍ വാടക വര്‍ധിപ്പിക്കുന്നതും കുടിയൊഴിയാന്‍ ആവശ്യപ്പെടുന്നതും നഗരത്തില്‍ തുടര്‍ക്കഥ. മലയാളികള്‍ ഉള്‍പ്പടെയുള്ള ചെറുകിട, ഇടത്തരം സ്ഥാപനം നടത്തുന്നവരെയാണ് ഈ 'വാടക യുദ്ധം' പ്രതിസന്ധിയിലാക്കുന്നത്.
വാടക കരാര്‍ കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ വാടക കൂട്ടാനും കെട്ടിടം ഒഴിപ്പിക്കാനും ഉടമകള്‍ മുന്നോട്ടു വരികയാണ്. 20 മുതല്‍ 30 ശതമാനം വരെയാണ് വാടക വര്‍ധിപ്പിക്കുന്നത്. തയ്യാറാകാത്ത സ്ഥാപനങ്ങള്‍ക്ക് ഓഫീസ് ഒഴിയാന്‍ നോട്ടീസ് നല്‍കുന്നു. ''വലിയ ഗ്രൂപ്പുകളുടെ ഓഫീസുകള്‍ക്ക് ഈ ഭീഷണിയില്ല. ഇടത്തരം സ്ഥാപനങ്ങളെയാണ് കൂടുതല്‍ ബാധിക്കുന്നത്.'' ദുബൈയില്‍ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി നടത്തുന്ന പുരുഷ് ജുഞ്ചുന്‍വാല പറയുന്നു.
ചെറിയ ഓഫീസ് സ്‌പേസുകള്‍ക്ക് ഡിമാന്റ് വര്‍ധിക്കുന്ന പുതിയ റിയല്‍ എസ്റ്റേറ്റ് ട്രെന്‍ഡാണ് ഈ സാചര്യമൊരുക്കുന്നതെന്ന് പ്രോപ്പര്‍ട്ടി മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന വാടക നല്‍കി ചെറിയ സ്‌പേസുകള്‍ എടുക്കാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്. പലപ്പോഴും സ്വന്തം ബിസിനസ് ആവശ്യത്തിന് വേണ്ടിയാണ് ഒഴിപ്പിക്കുന്നതെന്നാണ് ഉടമകള്‍ പറയുന്നത്. എന്നാല്‍ കൂടിയ വാടകക്ക് നല്‍കുകയാണ് ലക്ഷ്യമെന്നും കണ്‍സള്‍ട്ടന്റുമാര്‍ ചൂണ്ടിക്കാട്ടുന്നു.
ചട്ട വിരുദ്ധമായുള്ള കുടിയൊഴിപ്പിക്കലിന് എതിരെ ദുബൈയില്‍ നിയമപരിരക്ഷയുണ്ടെന്ന് പുരുഷ് ജുഞ്ചുന്‍വാല ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തില്‍ വാടകക്കാര്‍ക്ക് നഷ്ടപരിഹാരത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ സമീപിക്കാം.
വാടക കരാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് വാടക കൂട്ടാനും ഒഴിപ്പിക്കാനും കെട്ടിട ഉമകള്‍ക്ക് നിയമം അനുമതി നല്‍കുന്നത്. ഒഴിയാനുള്ള നോട്ടീസ് 12 മാസം മുമ്പ് നോട്ടറി മുഖേന നല്‍കേണ്ടതുമുണ്ട്. കെട്ടിടം പൊളിക്കുന്നതിനോ മറ്റൊരാള്‍ക്ക് വില്‍ക്കുന്നതിനോ ഉടമ തയ്യാറാകുന്ന സാഹചര്യത്തില്‍ നിയമത്തില്‍ ഉടമകള്‍ക്ക് ഇളവുണ്ട്.
കെട്ടിട ഉടമയോ അടുത്ത ബന്ധുക്കളോ സ്വന്തം ബിസിനസ് ആരംഭിക്കുമ്പോഴും കാലപഴക്കം മൂലം കെട്ടിടം പൊളിക്കാന്‍ മുനിസിപ്പാലിറ്റി ആവശ്യപ്പെടുമ്പോഴും മുന്‍കൂര്‍ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ കെട്ടിടം ഒഴിഞ്ഞു കൊടുക്കണം.
Read DhanamOnline in English
Subscribe to Dhanam Magazine